
മുംബൈ : ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞതിന്റെ പിറ്റേന്നു വിരാട് കോലിക്കു സ്നേഹ സന്ദേശവുമായി ഭാര്യ അനുഷ്ക ശർമ.
അനുഷ്കയുടെ കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ :
2014ൽ ടെസ്റ്റ് ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട വിവരം എന്നെ അറിയിച്ചതു ഞാനോർക്കുന്നു. അന്നു രാത്രി സംസാരിക്കുന്നതിനിടെ നിങ്ങളുടെ താടി അതിവേഗം നരയ്ക്കുമെന്നു ധോണി പറഞ്ഞ കാര്യം എന്നോടു പങ്കുവച്ചതും ഓർമയിലുണ്ട്. അന്നു മുതൽ ആ താടി നരയ്ക്കുന്നതു മാത്രമല്ല ഞാൻ കാണുന്നത്.
കളത്തിലും കളത്തിനു പുറത്തും എന്തൊരു വളർച്ചയാണു നിങ്ങൾ സ്വന്തമാക്കിയത്. അഭിമാനകരമായ നേട്ടങ്ങൾ കൈവരിച്ചു. ഒരു വ്യക്തിയെന്ന നിലയിൽ കൈവരിച്ച വളർച്ചയാണ് എന്നെ കൂടുതൽ സന്തോഷിപ്പിക്കുന്നത്. ഇക്കാലയളവിൽ കളത്തിൽ മാത്രമായിരുന്നില്ല വെല്ലുവിളികൾ. പ്രതീക്ഷിക്കാത്ത സ്ഥലങ്ങളിൽപ്പോലും വെല്ലുവിളികൾ തേടിയെത്തി.
പ്രിയനേ, നല്ല ഉദ്ദേശ്യത്തോടുകൂടിയുളള അങ്ങയുടെ നീക്കത്തിനു തടസ്സമാകാൻ ഒന്നിനെയും താങ്കൾ അനുവദിച്ചില്ലെന്ന കാര്യം അഭിമാനത്തോടെ ഞാനോർക്കുന്നു. നിങ്ങൾ മാതൃകാപരമായി നയിക്കുകയും ഫീൽഡിൽ നിങ്ങളുടെ ഊർജത്തിന്റെ പരമാവധി നൽകുകയും ചെയ്തു.
അതുകൊണ്ടായിരിക്കാം, ചില തോൽവികളുടെ സമയത്ത് അടുത്തിരിക്കുമ്പോൾ ആ കണ്ണുകളിലെ കണ്ണീർത്തിളക്കം ഞാൻ കണ്ടിട്ടുണ്ട്. ഇനിയും കൂടുതലായി എന്തെങ്കിലും ചെയ്യാനാകുമായിരുന്നോ എന്ന് ആശ്ചര്യപ്പെടുന്നതും കണ്ടിട്ടുണ്ട്.






