
കൊച്ചി: ഹൈക്കോടതിയിൽ വീഡിയോ കോൺഫറൻസിങ്ങിനിടെ ഷേവ് ചെയ്തുകൊണ്ട് ഒരാൾ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. അബദ്ധത്തില്‍ ക്യാമറ ഓണ്‍ ആയതോടെയാണ് ഈ ദൃശ്യങ്ങള്‍ കോടതി മുറിയിലെത്തിയത്.
ചൊവ്വാഴ്ച്ച രാവിലെ ഒരു കേസ് പരിഗണിക്കുന്നതിനിടെയാണ് സംഭവം. ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റ ഇയാള്‍ വാഷ്റൂമില്‍ വാഷ്ബേസിന് മുന്നില്‍ മൊബൈല്‍ ഫോണ്‍ വെയ്ക്കുകയായിരുന്നു. എന്നാല്‍ ക്യാമറ ഓണ്‍ ആയത് അറിഞ്ഞില്ല. ഇതോടെ ഷേവ് ചെയ്യുന്ന വീഡിയോ കോടതി മുറിയിലെത്തി. ജസ്റ്റിസിന്റെ ശ്രദ്ധയില്‍ ഇതു പെട്ടില്ലെങ്കിലും വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു.
നേരത്തേയും രാജ്യത്ത് വിവിധ കോടതികളില്‍ സമാന സംഭവമുണ്ടായിട്ടുണ്ട്. 2021 ഡിസംബര്‍ 21ന് വീഡിയോ കോണ്‍ഫറന്‍സ് വഴി കോടതി നടപടികള്‍ പുരോഗമിക്കുന്നതിനിടെ ഒരു സ്ത്രീയുമായി കെട്ടിപ്പുണരുന്നതു കണ്ടതിനെത്തുടര്‍ന്ന് ആര്.ഡി സന്താന കൃഷ്ണന് എന്ന അഭിഭാഷകനെതിരേ മദ്രാസ് ഹൈക്കോടതി കോടതിയലക്ഷ്യ നടപടി സ്വീകരിച്ചിരുന്നു.
കര്‍ണാടക ഹൈക്കോടതിയില്‍ വെര്‍ച്വല്‍ ഹിയറിങ്ങിനിടെ അര്‍ധനഗ്നനായി പ്രത്യക്ഷപ്പെട്ട ഒരാള്‍ക്കെതിരെ കോടതിയലക്ഷ്യ കേസും ലൈംഗിക പീഡന പരാതിയും ഫയല്‍ ചെയ്യുമെന്ന് മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയ്സിങ് ഒരു മാസം മുമ്പ് ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.






