
താരത്തിളക്കങ്ങളില്ലാതെ തിയേറ്ററുകളിലെത്തി അവകാശവാദങ്ങളൊന്നുമില്ലാതെ ആ വര്‍ഷത്തെ സൂപ്പര്‍ ബംബര്‍ ഹിറ്റായി മാറിയ സിനിമയാണ് ബിജുമേനോന് നായകനായ വെള്ളിമൂങ്ങ. ക്യാമറാമാനായിരുന്ന ജിബു ജേക്കബിന്റെ ആദ്യ സംവിധാന സംരംഭമായിരുന്നു വെള്ളിമൂങ്ങ. രാഷ്ട്രീയഹാസ്യവിഭാത്തില് പെടുന്ന ചിത്രം അതുവരെ പൊളിറ്റിക്കല്‍ ഡ്രാമകളെയെല്ലാം മലര്‍ത്തിയടിക്കുന്നതായിരുന്നു. ഇപ്പോഴിതാ വെള്ളിമൂങ്ങയുടെ രണ്ടാം ഭാഗം ഒരുങ്ങുന്നു എന്നാണ് വാര്‍ത്തകള്‍. ഈ വര്‍ഷം തന്നെ സിനിമയുടെ ചിത്രീകരണം തുടങ്ങുമെന്നാണ് അണിയറയില്‍ നിന്നും പുറത്തുവരുന്ന വിവരങ്ങള്‍.
നാല്‍പ്പതുകാരനായ മാമച്ചന് എന്ന കഥാപാത്രമായി വെള്ളിത്തിരയില്‍ തകര്‍ത്താടിയ ബിജുമേനോന് മന്ത്രിയാകുന്നതായിരുന്നു ആ സിനിമയുടെ ക്ലൈമാക്സ്. രണ്ടാം ഭാഗത്തില്‍ മന്ത്രിയായ ശേഷമുള്ള മാമച്ചന്റെ പുതിയ കളികളായിരിക്കും പ്രേക്ഷകര്‍ കാണാന്‍ പോകുന്നത്. വടക്കന്‍ കേരളത്തിലെ ഒരു ഗ്രാമത്തില്‍ നടക്കുന്ന കഥയാണ് ആദ്യഭാഗമെങ്കില്‍ രണ്ടാം ഭാഗത്തില്‍ കഥാപശ്ചാത്തലവും മാറിയേക്കാം.
വെള്ളിമൂങ്ങയുടെ കഥ ജോജി തോമസിന്റേതായിരുന്നു. അജു വര്‍ഗീസ്, നിക്കി ഗല്‍റാണി, ടിനി ടോം, കെ.പി.എ.സി ലളിത, സിദ്ധിഖ്,ലെന,വീണ നായര്‍,സുനില്‍ സുഖദ, സാജു നവോദയ, ശശി കലിംഗ, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ താരങ്ങള്‍. 2.8 കോടിയില്‍ നിര്‍മ്മിച്ച ചിത്രം 20 കോടിയാണ് നേടിയത്. ചിത്രത്തിലെ പാട്ടുകളും ഹാസ്യരംഗങ്ങളും ഇപ്പോഴും ഹിറ്റാണ്.






