
കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരിന്റെ പശ്ചാത്തലത്തില്‍ വ്യത്യസ്തമായ രീതിയില്‍ സിനിമകള്‍ ഒരുങ്ങുകയാണ്. തൃശൂര്‍ ഭാഷയുടെ സൗന്ദര്യ ശാസ്ത്രവും ആളുകളുടെ സ്വഭാവ സവിശേഷതയും ഈ സിനിമകളിലെല്ലാം നിറഞ്ഞുനില്‍ക്കുകയാണ്.
കഥ പറയുന്ന രീതി വ്യത്യസ്തമാണെങ്കിലും കഥാപാത്രങ്ങള്‍ തൃശൂര്‍ ഭാഷയില്‍ തന്നെയാണ് സംസാരിക്കുന്നത്. ജോര്‍ജേട്ടന്‍സ് പൂരത്തിലൂടെ ദിലീപും ജോമോന്റെ സുവിശേഷത്തില്‍ ദുല്‍ഖര്‍ സല്‍മാനും തൃശൂര്‍ ഭാഷ സംസാരിക്കുമ്പോള്‍ ഇവര്‍ക്ക് പുറകെ ആസിഫ് അലിയും തൃശ്ശിവപേരൂര്‍ ക്ലിപ്തം എന്ന ചിത്രത്തിലൂടെ തൃശൂര്‍ ഭാഷയില്‍ സംസാരിക്കാന്‍ ശീലിച്ചിരിക്കുന്നു.ചക്കരമുത്തിലൂടെ ലോഹിതദാസിന്റെ സഹസംവിധായകനായി സിനിമയിലെത്തിയ രതീഷ്കുമാര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് തൃശ്ശിവ പേരൂര്‍ ക്ലിപ്തം.
തൃശൂര്‍ ജില്ലയിലെ പൂങ്കുന്നത്തിനടുത്തുള്ള വിശാലമായ ഗ്രൗണ്ടിലേക്ക് ചെല്ലുമ്പോള്‍ നല്ല തിരക്കായിരുന്നു. ഗ്രൗണ്ടില്‍ ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്നവര്ക്കിടയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. വാഹനങ്ങളില്‍ പോകുന്നവര്‍ വണ്ടി റോഡിന്റെ സൈഡിലേക്ക് മാറ്റിനിര്‍ത്തി ഷൂട്ടിംഗ് കാണാന്‍ മത്സരിക്കുന്നുണ്ടായിരുന്നു. മഹേഷിന്റെ പ്രതികാരത്തിലൂടെ ശ്രദ്ധേയമായ അപര്‍ണ ബാലമുരളി ഓട്ടോറിക്ഷാ ഡ്രൈവറുടെ വേഷത്തിലാണ് അഭിനയിക്കുന്നത്.
ഗ്രൗണ്ടില്‍ ഓട്ടോയുമായി എത്തുന്ന അപര്‍ണ ബാലമുരളി കൈയിലൊരു ബാഗുമായി എത്തുന്ന ആസിഫ് അലിക്ക് ഒരു സിഡി കൈമാറി ദേഷ്യത്തോടെ നോക്കുന്ന സീനാണ് സംവിധായകന് രതീഷ് കുമാര്‍ ചിത്രീകരിച്ചത്. പിന്നീട് ഓട്ടോ ഓടിക്കുന്ന അപര്‍ണയുടെ വിവിധ ഭാവങ്ങളും ക്യാമറയില്‍ പകര്‍ത്തി.
അപര്‍ണ ബാലമുരളി ആസിഫിനെ നോക്കി ചേട്ടാ ടൗണിലേക്ക് പോരുന്നോയെന്ന് ചോദിക്കുമ്പോള്‍ കൈയിലുള്ള സിഡി ദൂരേയ്ക്ക് വലിച്ചെറിഞ്ഞ് ആസിഫ് അലി ഓട്ടോയില്‍ സന്തോഷത്തോടെ കയറുകയും തൃശ്ശിവപേരൂര്‍ ക്ലിപ്തം എന്ന ലേബലിലുള്ള ഓട്ടോ മുന്നോട്ട് പോകുന്ന സീനുകളുമാണ് സംവിധായകന് ചിത്രീകരിച്ചത്.ചിത്രീകരണത്തിന്റെ ഇടവേളയിലാണ് സംവിധായകന് രതീഷ് കുമാറിനെ കണ്ടത്. തന്റെ ആദ്യചിത്രമായ തൃശ്ശിവപേരൂര്‍ ക്ലിപ്തത്തിന്റെ കഥാംശത്തെക്കുറിച്ച് സംവിധായകന് രതീഷ്കുമാര്‍ സിനിമാമംഗളത്തിന്റെ വായനക്കാരുമായി പങ്കുവയ്ക്കുകയാണ്.
ആമേല്‍ കഴിഞ്ഞതിനു ശേഷമാണ് ഞാന്‍ ഈ ചിത്രത്തിന്റെ പണിപ്പുരയിലേക്ക് കടന്നത്. ആമേനില്‍ അസോസിയേറ്റ് ഡയറക്ടറായിരുന്നു ഞാന്‍. പൂര്‍ണമായും തൃശൂര്‍ ഭാഷയിലുള്ള ഒരു ചിത്രം സൃഷ്ടിക്കുകയായിരുന്നു എന്റെ ആഗ്രഹം. തൃശൂര്‍ ഭാഷ സംസാരിക്കാന്‍ അറിയുന്നവരൊക്കെ ഈ ചിത്രത്തിലുണ്ട്. ആസിഫിനോട് കഥ പറഞ്ഞപ്പോള്‍ എത്രയും വേഗം ചെയ്യാമെന്നു പറഞ്ഞു. ആസിഫ് അലി ഇതേവരെ ചെയ്യാത്ത പൂര്‍ണമായും ഒരു നാടന്‍ വേഷത്തിലാണ് ചിത്രത്തിലുടനീളം പ്രത്യക്ഷപ്പെടുന്നത്.
തൃശൂരില്‍ നടക്കുന്ന കഥയാണിത്. തൃശൂരിലെ മനുഷ്യരുടെ പച്ചയായ ജീവിതത്തിലൂടെയാണ് കഥ കടന്നുാേകുന്നത്. എത്ര സീരിയസായ കാര്യമാണെങ്കിലും തൃശൂരുകാര് നര്‍മ്മത്തിലൂടെയാണ് കാര്യങ്ങളെ കാണാറുള്ളത്. യഥാര്‍ത്ഥത്തില്‍ മൂന്നു പ്ലോട്ടുകളിലൂടെയാണ് തൃശ്ശിവപേരൂര്‍ ക്ലിപ്തത്തിന്റെ കഥ കടന്നുപോകുന്നത്. എത്ര സീരിയസായ കാര്യമാണെങ്കിലും തൃശൂരുകാര് നര്‍മ്മത്തിലൂടെയാണ് കാര്യങ്ങളെ കാണാറുള്ളത്. യഥാര്‍ത്ഥത്തില്‍ മൂന്നു പ്ലോട്ടുകളിലൂടെയാണ് ചിത്രത്തിന്റെ കഥ കടന്നുപോകുന്നത്. തൃശൂര്‍ ടൗണില്‍ സ്റ്റുഡിയോ നടത്തുന്ന ഡേവിഡ് പേളി ടൗണിലെ ചേരിയില്‍ താമസിക്കുന്ന ഓട്ടോറിക്ഷ ഓടിക്കുന്ന ഭാഗി. തൃശൂരിലെ ഉള്‍പ്രദേശമായ കിഴക്കേപ്പാട്ട് കരയിലെ പ്രശസ്ത മോഡേന്‍ കുടുംബത്തിലെ അംഗമായ ഗിരിജാ വല്ലഭന് എന്നിവരിലൂടെയാണ് ഈ ചിത്രത്തിന്റെ കഥ മുന്നോട്ടു പോകുന്നത്. തൃശൂര്‍ ഭാഷ സംസാരിക്കുന്ന പതിനഞ്ചോളം പുതുമുഖങ്ങളെയും ഈ ചിത്രത്തിലൂടെ പരിചയപ്പെടുത്തുന്നുണ്ട്.
ഗിരിജാ വല്ലഭന് മുണ്ടും ഷര്‍ട്ടുമണിഞ്ഞ് നടക്കുന്ന ഒരു ചെറുപ്പക്കാരനാണ്. ചേരിയില്‍ താമസിക്കുന്ന ഓട്ടോറിക്ഷാ ഡ്രൈവറായ ഭാഗിയെ ഗിരിജാ വല്ലഭന് കാണുന്നതോടെ നല്ല സൗഹൃദത്തിലാവുന്നു. ഈ സൗഹൃദം പ്രണയത്തിലേക്ക് വഴുതിവീഴുന്നു. അങ്ങനെ പ്രമുഖ മേനോന് കുടുംബത്തിലെ ചെറുപ്പക്കാരനായ ഗിരിജാ വല്ലഭനും ചേരിയില്‍ താമസിക്കുന്ന ഭാഗിയും പ്രണയത്തിലാവുന്നതോടെ തൃശ്ശിവപേരൂര്‍ ക്ലിപ്തത്തിന്റെ കഥ മറ്റൊരു വഴിത്തിരിവിലൂടെ കടന്നുപോവുകയാണ്.
തൃശൂര്‍ ഭാഷയും ജീവിതസംസ്കാരവും ആധാരമാക്കി ഒരു സിനിമ സംവിധാനം ചെയ്യണമെന്ന് ആഗ്രഹിച്ച് ഒരുപാട് വൈകുന്നേരങ്ങളില്‍ തൃശൂര്‍ ടൗണിലൂടെ നടന്നിട്ടുണ്ട്. നടക്കുമ്പോള്‍ പഴയ കെട്ടിടങ്ങളൊക്കെ ശ്രദ്ധിക്കാറുണ്ട്. അങ്ങനെ ഒരു വൈകുന്നേരം തൃശൂര്‍ ടൗണിലൂടെ നടക്കുമ്പോഴാണ് ക്ഷേമവിലാസം കുറിക്കമ്പനി തൃശ്ശിവപേരൂര്‍ ക്ലിപ്തം എന്ന പേര് ഞാന്‍ കാണുന്നത്. അങ്ങനെയാണ് തന്റെ പ്രഥമ ചിത്രത്തിന് തൃശ്ശിവപേരൂര്‍ ക്ലിപ്തം എന്ന പേരു നല്കാന് തീരുമാനിച്ചതെന്ന് സംവിധായകന് രതീഷ് കുമാര്‍ സിനിമാ മംഗളത്തോട് പറഞ്ഞു.ഗിരിജാ വല്ലഭനായി ആസിഫ് അലിയും ഭാഗിയായി അപര്‍ണ ബാലമുരളിയും സ്റ്റുഡിയോ നടത്തുന്ന ഡേവിഡ് പോളിയായി ചെമ്പന്‍ വിനോദും അഭിനയിക്കുന്നു.
ആദ്യമായാണ് മുണ്ടും ഷര്‍ട്ടുമണിഞ്ഞ് ഒരു നാടന്‍ ചെറുപ്പക്കാരന്റെ കഥാപാത്രമായി അഭിനയിക്കുന്നതെന്നും തൃശൂര്‍ ഭാഷ സംസാരിക്കുന്ന കഥാപാത്രത്തെക്കുറിച്ച് തനിക്കേറെ പ്രതീക്ഷയുണ്ടെന്നും ആസിഫ് അലി പറഞ്ഞു. തൃശൂരിലും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരണം പുരോഗമിക്കുകയാണ്.
ബാബുരാജ്, നന്ദുലാല്‍, റോണി രാജ്, ഇര്‍ഷാദ്, അബി, ടി.ജി. രവി, വിജയകുമാര്‍, സുനില്‍ സുഖദ, ശ്രീജിത്ത് രവി, പാര്‍വ്വതി, ബാലാജി, ജിലു ജോസഫ്, നീരജ്, ജയരാജ് വാര്യര്‍, വിജിലേഷ്, രാജേഷ്, അച്ചുതാനന്ദന്, പ്രതാപന്, മഞ്ജു പത്രോസ്, സ്നേഹ ശ്രീകുമാര്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.
ടൈറ്റില്‍ കാര്‍ഡ്:
ബാനര്‍- വൈറ്റ് സാന്റ്സ് മീഡിയാ ഹൗസ്, നിര്‍മ്മാണം- ഫരീദ് ഖാന്, ഷലീസ് അസീസ്, സംവിധാനം- രതീഷ് കുമാര്‍, കഥ, തിരക്കഥ, സംഭാഷണം- പി.എസ്. റഫീഖ്, ക്യാമറ- സ്വരൂപ് ഫിലിപ്പ്, എഡിറ്റിംഗ്- ഷമീര്‍ മുഹമ്മദ്, സംഗീതം- ബിജിപാല്‍, സഹനിര്‍മ്മാണം- അജിത്ത് തലപ്പിള്ളി, ജയന് മൂര്‍ക്കിനിക്കര, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ഷെയ്ക്ക് അഫ്സല്, പ്രൊഡക്്ഷന്‍ കണ്ട്രോളര്- ഷാജി കോഴിക്കോട്, കല- വിനീഷ് ബംഗ്ലാന്‍, വസ്ത്രം- സമീറാ സനീഷ്, ചമയം- റോണക്സ് സേവ്യര്‍, ഗാനങ്ങള്‍- റഫീഖ് അഹമ്മദ്, പി.എസ്. റഫീഖ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ഷൈനു ചന്ദ്രന്, അസോസിയേറ്റ് ഡയറക്ടര്‍- രവി വാസുദേവ്, നെല്‍സണ്‍, സഹസംവിധാനം- അനീഷ് ജോര്‍ജ്, മാനുവല്‍, പ്രിജിന്, വിപിന്‍ കൃഷ്ണ, മനുബാല, ശ്രീലക്ഷ്മി മാങ്ങാട്, പ്രൊഡക്്ഷന്‍ എക്സിക്യൂട്ടീവ്- ബിനു മണമ്പൂര്‍, പ്രൊഡക്്ഷന്‍ മാനേജര്‍- ഗിരീഷ് കരുവന്തല, സംഘട്ടനം- റണ്‍ രവി, നൃത്തം- ശ്രീജിത്ത്, ക്യാമറ അസോസിയേറ്റ്- മണി ആര്യകാല്, ആര്‍ട്ട് അസോസിയേറ്റ്- രാജേഷ് മേനോന്, സ്റ്റില്‍സ്- അനൂപ് ചാക്കോ, പി.ആര്.ഒ. എ.എസ്. ദിനേശ്.
-എം.എസ്. ദാസ് മാട്ടുമന്ത
ഫോട്ടോ: പ്രഭ കൊടുവായൂര്‍






