
ടൊവിനോ തോമസിന്റെ ‘മിന്നല്‍ മുരളി’യെന്ന സിനിമയ്ക്കൊപ്പം ഹിറ്റായ താരമായ ‘ജോസ് മോന്’. അമ്മാവന്റെയൊപ്പം എപ്പോഴം നടക്കുന്ന ജോസ് മോനെ ആരാധകര്‍ രണ്ടു കൈയും നീട്ടിയാണ് സ്വീകരിച്ചത്. ജോസ് മോനെ അവതരിപ്പിച്ചത് വസിഷ്ഠാണ്. ആ സിനിമയില്‍ മറ്റൊരു കുട്ടിത്താരം കൂടിയുണ്ടായിരുന്നു, ‘അപ്പുമോള്’. സോഷ്യല്‍ മീഡിയയിലെ റീല്‍സ് വീഡിയോയിലൂടെ ഹിറ്റായ താരം കുട്ടിത്തെന്നലാണ് അപ്പുമോളായി എത്തിയത്.
‘മിന്നല്‍ മുരളി’ ചിത്രത്തിലെ ഇവരുടെ പ്രകടനം ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ ഇരുവരും ഒരു റീല്‍ വീഡിയോയായി എത്തിയിരിക്കുകയാണ്. ‘കരളേ കരളിന്റെ കരളേ...’ എന്ന ഗാനത്തിനാണ് വസിഷ്ഠും കുട്ടിത്തെന്നലും ചുവടുകള്‍ വയ്ക്കുന്നത്. വളരെ മനോഹരമായ ഒരു റീല്‍ വീഡിയോയാണ് ഇവരുടേത്. പിങ്ക് നിറത്തിലുള്ള ഫ്ളയര്‍ ഉടുപ്പില്‍ കുട്ടിത്തെന്നലും ത്രീ ഫോര്‍ത്തും ഓവര്ക്കോട്ടുമണിഞ്ഞ വസിഷ്ഠും വളരെ ക്യൂട്ടായിട്ടാണ് വീഡിയോയില്‍ നിറഞ്ഞു നില്‍ക്കുന്നത്.
‘പാലക്കാട് പക്കത്തിലെ ഒരു അപ്പാവി രാജ’ എന്ന തമിഴ് ഗാനത്തിനും വസിഷ്ഠും കുട്ടിത്തെന്നലും നേരത്തെ ചുവടുകള്‍ വെച്ചിരുന്നതും ആരാധകര്‍ ഏറ്റെടുത്തിരുന്നു. വസിഷ്ഠും കുട്ടിത്തെന്നലും വെറുതെ ഡാന്‍സ് ചെയ്യുക മാത്രമല്ല വരികള്‍ക്ക് അനുസരിച്ചുള്ള ഭാവങ്ങളും അനുകരിക്കാറുണ്ട്. സമൂഹ്യമാധ്യമങ്ങളില്‍ ഇവരുടെ വീഡിയോകള്‍ തരംഗമായി മാറുന്നതും അതുകൊണ്ടാണ്. അരുണ്‍ സത്യന് പകര്‍ത്തിയ വീഡിയോയ്ക്ക് ശരണ്‍ ആണ് ചിത്രസംയോജനം. മലയാള സിനിമയില്‍ ഭാവിയുള്ള രണ്ട് താരങ്ങളെ കിട്ടി എന്നതടക്കമുള്ള കമന്റുകള്‍ വീഡിയോയ്ക്ക് കിട്ടുന്നുണ്ട്.
സിനിമയില്‍ ‘മിന്നല്‍ മുരളി’ക്ക് ഒപ്പം നില്ക്കുന്ന കുറുമ്പനായിട്ടായിരുന്നു വസിഷ്ഠ്. ‘ജേസണ്‍’ എന്ന കഥാപാത്രത്തിന്റെ മരുമകനായിരുന്നു വസിഷ്ഠ് അഭിനയിച്ച ‘ജോസ്മോന്’. ‘മിന്നല്‍ മുരളി’യിലെ നായകന് ജേസണ്‍ സൂപ്പര്‍ഹീറോയാകാന്‍ ആഗ്രഹിക്കുന്ന വസിഷ്ഠിന്റെ ജോസ്മോന് റിലീസിന് മുന്നേ ഹിറ്റായിരുന്നു. ടൊവിനൊയുടെ ‘ജേസണെ’ ഒരു സൂപ്പര്‍ഹീറോ ആകാന്‍ പ്രേരിപ്പിക്കുന്ന ‘ജോസ്മോന്റെ’ വീഡിയോയും ഹിറ്റായിരുന്നു.






