
മലയാളത്തിന്റെ ആക്ഷന്‍ താരമായിരുന്ന ബാബു ആന്റണി, ഒരുകാലത്ത് കരാട്ടെ ആക്ഷന്‍ രംഗങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയ നടനായി മാറിയിരുന്നു. അക്കാലത്ത് ബാബു ആന്റണിയുടെ കരാട്ടെ ആക്ഷന്‍ രംഗങ്ങള്‍ മലയാള സിനിമയുടെ അവിഭാജ്യ ഘടകമായിരുന്നു. ഇപ്പോഴിതാ കരാട്ടയിലെ തന്റെ ആദ്യത്തെ ഗുരുവിനെ സന്ദര്‍ശിച്ചതിന്റെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ബാബു ആന്റണി.
‘‘നാട്ടിലെ എന്റെ ആദ്യത്തെ ആയോധനകലാ അധ്യാപകനെ സന്ദര്‍ശിക്കുന്നു. അദ്ദേഹത്തിന് 82 വയസായി’’ എന്ന ക്യാപ്ഷനും നല്‍കിയാണ് ബാബു ആന്റണി വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. വീഡിയോ കണ്ടിട്ട് ഗുരുവിന് 82 വയസായി എന്ന് കണ്ടാല്‍ തോന്നില്ലെന്നാണ് കമന്റുകള്‍.
‘ഹെഡ്മാസ്റ്റര്’ എന്ന ചിത്രത്തിലാണ് ബാബു ആന്റണി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. വ്യത്യസ്ത ഔട്ട്ലുക്കിലുള്ള അതിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ ബാബു ആന്റണി ഷെയര്‍ ചെയ്തിരുന്നു. രാജീവ് നാഥാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കാരൂരിന്റെ കഥയായ ‘പൊതിച്ചോറാ’ണ് സിനിമയായി സ്ക്രീനിലേക്ക് എത്തുന്നത്. ‘ഹെഡ്മാസ്റ്റര്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പ്രധാന അധ്യാപകനാകുന്നത് തമ്പി ആന്റണിയാണ്. തമ്ബി ആന്റണിയുടെ മകനായിട്ടാണ് ബാബു ആന്റണി അഭിനയിക്കുന്നത്. ചാനല്‍ ഫൈവിന്റെ ബാനറില്‍ ചിത്രം നിര്‍മിക്കുന്നത് ശ്രീലാല്‍ ദേവരാജാണ്.






