
ന്യൂഡല്‍ഹി: വിരാട് കോലിക്ക് വിശ്രമം ആവശ്യമാണെന്ന് വെളിപ്പെടുത്തി മുന്‍ ഇന്ത്യന്‍ പരിശീലകന് രവിശാസ്ത്രി. രണ്ട് മൂന്ന് മാസത്തേക്ക് കോലി സജീവ ക്രിക്കറ്റില്‍ നിന്ന് മാറിനില്‍ക്കണമെന്ന് ശാസ്ത്രി ആവശ്യപ്പെട്ടു.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനത്തുനിന്ന് പടിയിറങ്ങിയ കോലി ബാറ്റിങ്ങില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതിനുവേണ്ടി വിശ്രമമെടുക്കണമെന്നാണ് ശാസ്ത്രിയുടെ അഭിപ്രായം.
‘കോലി സജീവ ക്രിക്കറ്റില്‍ നിന്ന് മൂന്ന് മാസത്തേക്കെങ്കിലും വിട്ടുനില്‍ക്കണം. അദ്ദേഹത്തിന് ഇപ്പോള്‍ 33 വയസാണ് പ്രായം. ഇനിയും അഞ്ചുവര്‍ഷം നന്നായി കളിക്കാനുളള അവസരമുണ്ട്. ബാറ്റിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി കോലി വിശ്രമമെടുക്കണം. ഒരു ഇടവേള എടുത്താല്‍ ബാറ്റിങ്ങില്‍ കരുത്താള്ജിച്ച് പൂര്‍വാധികം ശക്തിയോടെ തിരിച്ചെത്താന്‍ കോലിക്ക് സാധിക്കും. കോലി പഴയ ഫോമിലേക്ക് മടങ്ങിയെത്തുകയും ചെയ്യും’ - ശാസ്ത്രി പറഞ്ഞു.
ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവുമധികം വിജയങ്ങള്‍ നേടിയ നായകനായ കോലി സമീപകാലത്തായി വലിയ സ്കോര്‍ കണ്ടെത്തിയിരുന്നില്ല. 2019 ന് ശേഷം താരത്തിന് ഒരു സെഞ്ചുറി പോലും നേടാനായില്ല. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയില്‍ രണ്ട് അര്‍ധസെഞ്ചുറി നേടി ഫോം തെളിയിച്ചെങ്കിലും പഴയകാല ഫോമിന്റെ നിഴലിലാണ് ലോകത്തിലെ തന്നെ മികച്ച താരങ്ങളിലൊരാളായ കോലി. നിലവില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന ട്വന്റി20 പരമ്പരകളില്‍ പങ്കെടുക്കാനുളള തയാറെടുപ്പിലാണ് കോലി.




