
മഹീന്ദ്രയുടെ ഇലക്ട്രിക്ക് എസ്യുവി എത്താന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ഓട്ടോക്കാറാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്. എക്സ്യുവി300 അടിസ്ഥാനമാക്കിയ ഇലക്ട്രിക്ക് എസ്യുവിയാണ് മഹീന്ദ്ര ഒരുക്കുന്നതെന്നാണ് ഓട്ടോക്കാര് റിപ്പോര്‍ട്ട് ചെയ്യുന്നത്. 2023 അവസാനത്തോടെയോ 2024ലോ മാത്രമേ എക്സ്യുവി400 ഇവിയുടെ അരങ്ങേറ്റം പ്രതീക്ഷിക്കേണ്ടതുള്ളൂ. 2027ഓടെ എട്ട് ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കുമെന്ന് മഹീന്ദ്ര പ്രഖ്യാപിച്ചതിന്റെ ഭാഗമായാണ് എക്സ്യുവി400 ഇവി എഎത്തുന്നത്.
നിലവിലുള്ള എസ്യുവികളുടെ ഇലക്ട്രിക്ക് പതിപ്പുകളാണ് ആദ്യം വില്‍പ്പനയ്ക്ക് എത്തുന്നത്. അത് കഴിഞ്ഞ് 2025 മുതല്‍ മഹീന്ദ്ര നാല് പുതിയ എസ്യുവികള് പുറത്തിറക്കും. എക്സ്യുവി400 ഇവി എന്നാവും മഹീന്ദ്ര പുറത്തിറക്കാന്‍ ഒരുങ്ങുന്ന ഇലക്ട്രിക്ക് എസ്യുവിയുടെ പേരെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ എസ്യുവിയുടെ റോഡിലൂടെയുള്ള പരീക്ഷണം മഹീന്ദ്ര ആരംഭിച്ചെന്നാണ് അനൗദ്യോഗികമായി പുറത്ത് വന്ന ചിത്രങ്ങള്‍ നല്കുന്ന സൂചന.
2020 ഓട്ടോ എക്സ്പോയില്‍ മഹീന്ദ്ര അവതരിപ്പിച്ച ഇ-എക്സ്യുവി300 കോണ്‍സെപ്റ്റിന്റെ പ്രൊഡക്ഷന്‍ പതിപ്പാവും എക്സ്യുവി400 ഇവി എന്നാണ് പ്രതീക്ഷിക്കുന്നത്. പൂര്‍ണമായും സ്റ്റിക്കര്‍ ചെയ്തിട്ടുള്ള ടെസ്റ്റ് വാഹനത്തിന്റെ ബോഡി എക്സ്യുവി300 എസ്യുവിയ്ക്ക് സമാനമാണ്. സാധരണ എക്സ്യുവി300 എസ്യുവിയെക്കാള് ഗ്രൗണ്ട് ക്ലിയറന്‍സ് കുറച്ചാണ് ടെസ്റ്റ് വാഹനം റോഡില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മഹീന്ദ്രയുടെ ഇലക്ട്രിക്ക് എസ്യുവിക്ക് 350V, 380V എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.






