
ആരോഗ്യകരമായ ജീവിതത്തിന് ദിവസേനയുള്ള വ്യായാമം വളരെ പ്രധാനമാണ്. ഭൂരിഭാഗം ആളുകളും സമയ കുറവ് മൂലം വ്യായാമത്തെ നിത്യ ജീവിതത്തില്‍ നിന്നും മാറ്റി നിര്‍ത്തുകയാണ് ചെയ്യുന്നത്. എന്നാല്‍ ദിവസവും ചുരുങ്ങിയത് പത്തു മിനിറ്റെങ്കിലും വ്യായാമത്തിനായി മാറ്റിവെക്കണം എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഒരു വ്യക്തിയെ ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ 10 മിനിറ്റ് വ്യായാമം മതിയാകുമോ എന്ന സംശയം ഉണ്ടായേക്കാം എന്നാല്‍ ഒരു വ്യക്തി വ്യായാമം ശീലമാക്കാത്ത വ്യക്തിയാണെങ്കില്‍ അയാള്‍ നിത്യേന പത്തു മിനിറ്റെങ്കിലും വ്യായാമം ചെയ്യുന്നത് ശരീരത്തിന് ഗുണം ചെയ്യും. ദിവസവും പത്തു മിനിറ്റ് വരുന്ന മൈക്രോ വര്‍ക്കൗട്ടുകള്‍ ശാരീരികമായി മാത്രമല്ല മാനസികമായ ഉന്മേഷവും നല്‍കും.
പത്തുമിനിറ്റ് വ്യായാമം ചെയ്യണം എന്ന് പറയുന്നതിന്റെ ഗുണങ്ങള്‍ നോക്കാം...
ശരീരഭാരം കുറയ്ക്കാം - ശരീരഭാരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പലരും ആദ്യം തന്നെ വ്യായാമം ചെയ്യാന്‍ തുടങ്ങുന്നത്. ശരീരഭാരം കുറയ്ക്കുക മാത്രമല്ല വ്യായാമത്തിന്റെ പ്രയോജനം. സ്ഥിരമായ വ്യായാമത്തിലൂടെ ഒരു വ്യക്തിക്ക് ശരീരഭാരം കുറയ്ക്കാന്‍ കഴിയും.
മാനസിക സമ്മര്‍ദ്ദം കുറയ്ക്കും - വ്യായാമം ചെയ്യുന്നതിലൂടെ നിങ്ങളുടെ മനസിനെ ശാന്തമാക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുമെന്ന് വിദഗ്ധര്‍ അവകാശപ്പെടുന്നു. സ്ഥിരമായി വ്യായാമം ചെയ്യുന്നത് നിങ്ങളെ മാനസികമായി ഉന്മേഷവാനാക്കുകയും കൂടുതല്‍ സന്തോഷം നല്‍കുകയും ചെയ്യും.
ബുദ്ധിശക്തി വര്‍ദ്ധിപ്പിക്കാം - പതിവായി ചെയ്യുന്ന മിതമായ വ്യായാമങ്ങള്‍ ഹൃദയത്തില്‍ നിന്നും ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കുമുള്ള രക്തയോട്ടം വര്‍ധിപ്പിക്കുന്നു. ഇതിലൂടെ മസ്തിഷ്കത്തിലേക്ക് ആവശ്യമായ അളവില്‍ ഓക്സിജന്‍ ലഭിക്കാന്‍ കാരണമാകുന്നു.
കാര്‍ഡിയോവാസ്കുലര്‍ ഫിറ്റ്നസ് മെച്ചപ്പെടുത്തും - ദിവസവും 10 മിനിറ്റ് മൈക്രോ വര്‍ക്ക്ഔട്ട് ചെയ്യുന്നതിലൂടെ ശരീരത്തിലെ ഓക്സിജന്റെ അളവ് വര്‍ധിപ്പിക്കാന്‍ സാധിക്കും. ഇത് ഹൃദയത്തിന്റെ ആരോഗ്യനില വര്‍ധിപ്പിക്കുന്നു. ഓക്സിജന്‍ ലഭിക്കുന്നത് മാത്രമല്ല പതിവ് വ്യായാമം കൂടുതല്‍ രക്തചംക്രമണത്തിനും കാരണമാകുന്നു.
ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താം - ഓക്സിഡേറ്റീവ് സ്ട്രെസ് ചര്‍മ്മത്തിന്റെ ആരോഗ്യത്തെ ബാധിക്കുന്നു. പതിവ് മൈക്രോ വര്‍ക്കൗട്ടുകള്‍ ചെയ്യുന്നതിലൂടെ ശരീരത്തിന്റെ സ്വാഭാവിക ആന്റിഓക്സിഡന്റുകളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ കഴിയുന്നു. ഇത് മികച്ചതും ആരോഗ്യകരവുമായ ചര്‍മ്മം ഉണ്ടാകാന്‍ കാരണമാകുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാം - പതിവ് വ്യായാമം പ്രമേഹത്തിനും പ്രീ ഡയബറ്റിസിനും ഉള്ള സാധ്യത കുറയ്ക്കുമെന്ന് നിരവധി ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. നിത്യേന വ്യായാമം ചെയ്യുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാം.






