മാരുതി സുസുക്കിയുടെ പ്രീമിയം ഹാച്ച്ബാക്ക് മോഡലായ ബൊലേനൊ മുഖംമിനുക്കി എത്തുകയാണ്. ഇതിന്റെ ഭാഗമായി ടീസര്‍ പുറത്തിറങ്ങി. ബിഗ് സര്‍പ്രൈസ് കമിങ്ങ് സൂണ്‍ എന്ന തലക്കെട്ടോടെയാണ് സോഷ്യല്‍ മീഡിയയില്‍ 2022 ബൊലേനോയുടെ ടീസര്‍ ചിത്രം പ്രചരിക്കുന്നത്. 2015 ഒക്ടോബറിലാണ് പ്രീമിയം ഹാച്ച്ബാക്ക് മോഡലായി ബൊലേനൊ നിരത്തുകളില്‍ എത്തുന്നത്. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം 2019-ലാണ് ഈ വാഹനം ആദ്യമായി മുഖംമിനുക്കിയത്.
ടീസര്‍ ചിത്രത്തില്‍ 2022 ബൊലേനോയില്‍ വരുത്തിയിട്ടുള്ള പുതുമകള്‍ വെളിപ്പെടുത്തുന്നുണ്ട്. വീതി കുറഞ്ഞ എല്‍.ഇ.ഡി ഹെഡ്ലാമ്പ്, സ്റ്റൈലിഷായി ഒരുങ്ങിയിട്ടുള്ള ഡി.ആര്.എല്‍, എല്‍.ഇ.ഡി. ഫോഗ്ലാമ്പ് എന്നിവയാണ് മുഖഭാവത്തെ പുതുമ. അകത്തളത്തിലും പുതുമ വരുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഡാഷ്ബോര്‍ഡിന്റെ ഡിസൈനിലെ മാറ്റമായിരിക്കും ഏറ്റവും പ്രധാനമെന്നാണ് വിലയിരുത്തലുകള്‍.
ആന്‍ഡ്രോയിഡ് ഓട്ടോ ആപ്പിള്‍ കാര്‍പ്ലേ സംവിധാനങ്ങളുള്ള ഫ്ളോട്ട് ഇന്‍ഫോടെയ്ന്‍മെന്റ് ബൊലേനോയുടെ അകത്തളത്തില്‍ സ്ഥാനം പിടിക്കും. 1.2 ലിറ്റര്‍ വി.വി.ടി, 1.2 ലിറ്റര്‍ ഡ്യുവല്‍ജെറ്റ് ഡ്യുവല്‍ വി.വി.ടി എന്‍ജിനുകളിലായിരിക്കും ഈ വാഹനം എത്തുക. ഈ എന്‍ജിനുകള്‍ യഥാക്രമം 82 ബി.എച്ച്.പിയും 89 ബി.എച്ച്.പിയും പവര്‍ ഉത്പാദിപ്പിക്കും. രണ്ട് എന്‍ജിനിലും 113 എന്‍.എം. ആണ് ടോര്‍ക്ക്. മാനുവല്‍ ട്രാന്സ്മിഷന് തുടരുന്നതിനൊപ്പം ഓട്ടോമാറ്റിക് മാറുമെന്നും വിവരമുണ്ട്.






