തിയേറ്ററുകളില്‍ പോയി തന്നെ സിനിമ ആസ്വദിക്കണമെന്ന അഭ്യര്‍ത്ഥനയുമായി മോഹന്‍ലാല്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് താരം കുറിപ്പ് പങ്കുവച്ചത്. എല്ലാവരും സാധ്യമാവും വിധം തിയേറ്ററുകളില്‍ പോയി സിനിമ കണ്ട് കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും വ്യവസായത്തെയും ഈ നിര്‍ണ്ണായക ഘട്ടത്തില്‍ പിന്തുണയ്ക്കണമെന്നും മോഹന്‍ലാല്‍ അഭ്യര്‍ത്ഥിച്ചു.
കുറിപ്പ് ഇങ്ങനെ,
'മഹാമാരിക്കിടയിലും നമ്മുടെ നഗരങ്ങള്‍ ആശങ്കയുടെ നിയന്ത്രണങ്ങളില്‍ നിന്ന് പതിയെ പുറത്തു വരികയാണ്. കേരളത്തിലെ നഗരങ്ങളെല്ലാം സി കാറ്റഗറിയില്‍ നിന്ന് മാറിയതോടെ തിയേറ്ററുകളും ജിമ്മുമടക്കമുള്ള പൊതു ഇടങ്ങള്‍ നിയന്ത്രണത്തോടെയെങ്കിലും തുറക്കുന്നതില്‍ നിങ്ങള്‍ക്കൊപ്പം എനിക്കും സന്തോഷമുണ്ട്. സമ്മര്ദ്ദങ്ങളെല്ലാത്തിനും അല്പം ഇടവേള നല്കി തിയേറ്ററില്‍ പോയി സിനിമ കാണാനും പുറത്തു നിന്ന് ഭക്ഷണം കഴിക്കാനുമൊക്കെ സാധിക്കുന്നത് ഇപ്പോഴത്തെ നിലയ്ക്ക് വലിയ സ്വാതന്ത്ര്യമാണ്. അതിലേറെ സാന്ത്വനവും. സിനിമാക്കാരന് എന്ന നിലയ്ക്ക് എന്നെ ഇഷ്ടപ്പെടുന്ന നിങ്ങളോട് എനിക്ക് പറയാനുള്ളത് നിങ്ങളെല്ലാവരും സാധ്യമാവും വിധം തിയേറ്ററുകളില്‍ പോയി സിനിമ കണ്ട് കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും ഈ വ്യവസായത്തെ തന്നെയും ഈ നിര്‍ണ്ണായക ഘട്ടത്തില്‍ പിന്തുണയ്ക്കണമെന്നാണ്.
ഹൃദയമടക്കമുള്ള സിനിമകള്‍ നിങ്ങളെ ആനന്ദിപ്പിക്കാന്‍ തിയേറ്ററുകളില്‍ തന്നെ റിലീസ് ആകണമെന്ന നിര്‍ബന്ധത്തോടെ ഇപ്പോള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. എന്റെയും പ്രിയന്റെയും ശ്രീനിവാസന്റെയുമൊക്കെ മക്കള്‍ക്കൊപ്പം ഒട്ടേറെ യുവതാരങ്ങളും മികച്ച സാങ്കേതിക വിദഗ്ധരും ഹൃദയപൂര്‍വ്വം ഒത്തുചേര്‍ന്ന സിനിമയെന്ന നിലയ്ക്ക് ഞങ്ങളുടെയൊക്കെ ഹൃദയത്തിലൊരു പ്രത്യേക ഇടം തന്നെയുള്ള ഈ സിനിമ സഹൃദയരായ നിങ്ങളെയെല്ലാം ആസ്വദിപ്പിക്കും എന്നെനിക്കുറപ്പുണ്ട്. തിയേറ്ററുകളില്‍ പോയി സിനിമ കാണുക ആസ്വദിക്കുക. നല്ല സിനിമകള്‍ക്കായി നമുക്ക് കൈകോര്‍ക്കാം... സ്നേഹപൂര്‍വ്വം മോഹന്‍ലാല്‍.'






