ഗൂഗിള്‍ തങ്ങളുടെ ലോഗോയില്‍ പുത്തന്‍ മാറ്റങ്ങള്‍ അവതരിപ്പിച്ചു. എട്ട് വര്‍ഷത്തിനിടെ ആദ്യമായാണ് ഗൂഗിള്‍ ക്രോം ബ്രൗസറിന്റെ ലോഗോ മാറ്റുന്നത്. 2008ലാണ് ആദ്യത്തെ ക്രോം ലോഗോ എത്തിയത്. 2011ല്‍ ഇത് നവീകരിച്ച് വീണ്ടും അവതരിപ്പിച്ചു. 2014ലാണ് ലോഗോ അവസാനമായി പരിഷ്കരിച്ചത്. പഴയ ലോഗോയില്‍ നിന്ന് കാര്യമായ മാറ്റമൊന്നുമല്ലെങ്കിലും ലളിതമായ ചില മാറ്റങ്ങളോടു കൂടിയാണ് ലോഗോ തയ്യാറാക്കിയിരിക്കുന്നത്.
ഗൂഗിളിന്റെ നിലവിലെ ബ്രാന്‍ഡുമായി മികച്ച രീതിയില്‍ പൊരുത്തപ്പെടാന്‍ ഉദ്ദേശിച്ചുള്ള ലളിതമായ ലോഗോ സ്വീകരിക്കുന്നു എന്നാണ് കമ്പനി ഡിസൈനര്‍ വ്യക്തമാക്കിയത്. താമസിയാതെ തന്നെ പുതിയ എല്ലാ ഉപകരണങ്ങളിലും ലഭ്യമാവും. ചുവപ്പ്, പച്ച, മഞ്ഞ, നീല നിറങ്ങള്‍ ഉള്‍പ്പെടുന്നതാണ് കഴിഞ്ഞ കുറേ കാലമായി ക്രോം ബ്രൗസറിന്റെ ലോഗോ. പുതിയ ലോഗോയ്ക്കും ചെറിയ മാറ്റങ്ങള്‍ മാത്രമാണ് കാണാന്‍ സാധിക്കുക.
ലോഗോയുടെ നിറങ്ങളുടെ കാഠിന്യം അല്പം വര്‍ധിപ്പിക്കുകയും ഷാഡോ കുറയ്ക്കുകയും ചെയ്തു. കാര്യമായ മാറ്റമെന്ന് പറയാവുന്നത് ഇതാണ്. ഒറ്റ നോട്ടത്തില്‍ പക്ഷെ പഴയ ലോഗോയില്‍ നിന്നും കാര്യമായ മാറ്റമെന്ന് പറയാനുമാവില്ല. ലോഗോയിലെ നിറങ്ങള്‍ക്ക് തിളക്കമുണ്ട്, മധ്യഭാഗത്ത് ഒരു വലിയ നീല വൃത്തമുണ്ട്, കൂടുതല്‍ നിഴലുകള്‍ ഇല്ല എന്നതുമാണ് മാറ്റങ്ങള്‍. ഗൂഗിളിന്റെ ആപ്പുകള്‍ക്കെല്ലാം സമാനമായ നിറങ്ങളിലുള്ള ലോഗോ അവതരിപ്പിച്ചത് അടുത്തിടെയാണ്.






