
കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ നിറയുന്നത് മലമ്പുഴ കുറുമ്പാച്ചിമലയില്‍ അകപ്പെട്ടിരുന്ന ബാബുവിനെക്കുറിച്ചാണ്. ഇന്ത്യന്‍ ആര്‍മി ബാബുവിനെ രക്ഷപെടുത്തുന്ന വീഡിയോയും ചിത്രങ്ങളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ഇന്ത്യന്‍ ആര്‍മിയും സംസ്ഥാനസര്‍ക്കാരും സംയുക്തമായി നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഒരു ആളിന്റെ ജീവന് രക്ഷിക്കുന്നത് പലരും സ്റ്റാറ്റസായി പോലും സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുന്നുണ്ട്.
ബാബുവും രണ്ട് സുഹൃത്തുക്കളും ഒരുമിച്ചാണ് കുറുമ്പാച്ചിമലയില്‍ കയറിയത്. കുത്തനെയുള്ള മലയില്‍ ബാബു കുടുങ്ങിയതിനു പിന്നാലെ പലരും ഈ മലയേതെന്ന് തിരക്കുകയാണ്. കുറുമ്പാച്ചിമലയെക്കുറിച്ചാണ് ഗൂഗിളില്‍ പലരും പരതിയത്. പാലക്കാട്ടുകാര്‍ക്ക് ഏറെ പരിചിതമാണെങ്കിലും മറ്റു ജില്ലക്കാര്‍ക്ക് കൂമ്പാച്ചിമല തീര്‍ത്തും അപരിചിതമാണ്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് മലയാളികള്‍ കുറുമ്പാച്ചിമലയുടെ സൗന്ദര്യം ആസ്വദിച്ചിരുന്നു, അത് മോഹന്‍ലാല്‍ നായകനായ യോദ്ധ എന്ന സിനിമയിലൂടെയാണ്.
ഫേസ്ബുക്ക് ഗ്രൂപ്പായ എം.ത്രി.ഡി.ബിയില്‍ കുറുമ്പാച്ചിമലയുടെ സിനിമാപ്രാചീന ചരിത്രം നിഷാദ് ബാല എന്നയാള്‍ കുറിച്ചിട്ടുണ്ട്. ആ കുറിപ്പ് ഇങ്ങനെ
‘‘കുറുമ്പാച്ചിമലയും മലയാള സിനിമയും.
തുലാമാസത്തിലെ അമാവാസി ദിനത്തിലാണ് അകത്തേത്തറയിലെ വടക്കേത്തറ ദേശത്ത് വാമലകയറ്റം നൂറ്റാണ്ടുകളായി നടന്നു വരുന്നത്.
പാലക്കാട്ടുശ്ശേരി രാജ സ്വരൂപത്തിന്റെ അധിവാസ കേന്ദ്രമായ അകത്തേത്തറയില്‍ രാജ്യത്തിന്റെ അതിര്‍ത്തി സംരക്ഷണവും കൈയേറ്റങ്ങളും ഒന്നുമില്ലെന്ന് ഉറപ്പുവരുത്തുവാന്‍ വേണ്ടി മലമ്പുഴയിലെ കുറുമ്പാച്ചിമലയുടെ മുകളില്‍ കയറി പണ്ട് കാലത്ത് പരിശോധിക്കുകയും പൂജയും നടത്തി കൊടി നാട്ടുമായിരുന്നു. ഈ ചടങ്ങിന്റെ സ്മരണ പുതുക്കലിന്റെ ഭാഗമായിട്ടാണ് എല്ലാ വര്‍ഷവും വാമലകയറ്റം നടന്നു വരുന്നത്.
ഈ കുറുമ്പാച്ചിമലയുടെ താഴ്വാരത്തിലായിരുന്നു നമ്മുടെ തൈപ്പറമ്പില്‍ അശോകന് യുദ്ധ മുറകള്‍ പഠിച്ചത്. യോദ്ധ എന്ന ചിത്രത്തിലെ ചില ഹിമാലയ രംഗങ്ങള്‍ ചിത്രീകരിച്ചതും ഈ മലയില്‍ തന്നെ. അശോകന് യുദ്ധ തന്ത്രങ്ങള്‍ പഠിച്ച ഈ മലയിലെ ഒരു ഭാഗത്താണ് ബാബു കുടുങ്ങിയതും, ആര്‍മി രക്ഷിച്ചതും...!’’ കുറിപ്പ് ഇങ്ങനെ അവസാനിക്കുന്നു. മലമ്പുഴ കുറുമ്പാച്ചിമലയിടുക്കില് അകപ്പെട്ടുപോയ ബാബുവും അദ്ദേഹത്തെ രക്ഷപ്പെടുത്താന്‍ ഇന്ത്യന്‍ ആര്‍മിയുമാണ് ഇപ്പോഴത്തെ സോഷ്യല്‍ മീഡിയയില്‍ ഹീറോസ്.






