
ടാറ്റ മോട്ടോഴ്സിന്റെ നെക്സോണ്‍ ഇവി പരീക്ഷണയോട്ടത്തിലാണ്. വലിയ ബാറ്ററി പാക്കും കൂടുതല്‍ റേഞ്ചുമായാണ് നെക്സോണ്‍ ഇക്കുറി എത്തുന്നത്. 400 കിലോമീറ്റര്‍ സഞ്ചാര പരിധിയും 40 കിലോവാട്ട് അവര്‍ ബാറ്ററിയുമാണ് നെക്സോണ്‍ ഇവിയ്ക്ക്. ബാറ്ററി ശേഷി ഉയരുന്നതോടെ നെക്സോണ്‍ ഇവിയുടെ റേഞ്ച് പരീക്ഷണ സാഹചര്യങ്ങളില്‍ 400 കിലോമീറ്ററിലേറെയായി വര്‍ധിക്കും. ഇതോടെ യഥാര്‍ഥ ഡ്രൈവിങ് സാഹചര്യത്തിലും ഒറ്റ ചാര്‍ജില്‍ 300 -320 കിലോമീറ്റര്‍ പിന്നിടാന്‍ നെക്സോണിന് സാധിക്കും.
നെക്സോണ്‍ ഇവിയുടെ ലോങ് റേഞ്ച് പതിപ്പില്‍ 40 കിലോവാട്ട് അവര്‍ ശേഷിയുള്ള ബാറ്ററി പായ്ക്കാണ് ടാറ്റ മോട്ടോഴ്സ് പരിഗണിക്കുന്നത്. നിലവിലെ ബാറ്ററി പായ്ക്കിനെ അപേക്ഷിച്ച് 30% അധിക ശേഷിയാണിത്. ഇതിനു പുറമെ നെക്സന്റെ പരിഷ്കരിച്ച പതിപ്പില്‍ ഡ്രൈവര്‍ക്ക് റീജനറേറ്റീവ് ബ്രേക്കിങ്ങിന്റെ സാധ്യത ക്രമീകരിക്കാന്‍ കഴിയുംവിധം റീ ജനറേഷന് മോഡുകള്‍ തിരഞ്ഞെടുക്കാനും അവസരം ലഭിച്ചേക്കും. ഇതു വഴിയും കാറിന്റെ റേഞ്ച് നീട്ടാനാവുമെന്ന നേട്ടമുണ്ട്. നിലവില്‍ 'നെക്സനി'ല്‍ റീജനറേറ്റീവ് ബ്രേക്കിങ് ക്രമീകരിക്കാന്‍ അവസരമില്ല.
സാങ്കേതിക വിഭാഗത്തിലെ മാറ്റങ്ങള്‍ക്കപ്പുറം പുത്തന്‍ അലോയ് വീലും ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാമും കാഴ്ചയില്‍ ചെറിയ പരിഷ്കാരങ്ങളോടെയുമാകും നെക്സോണ്‍ നവീകരിച്ച പതിപ്പ് എത്തുക. ബാറ്ററി പായ്ക്കിനു ശേഷിയേറുന്നതോടെ നെക്സോണ്‍ ഇവിയുടെ വില മൂന്നു മുതല്‍ നാലു ലക്ഷം രൂപ വരെ വര്‍ധിക്കാനും സാധ്യതയുണ്ട്.






