
പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സഞ്ജയ് ലീല ബന്‍സാലിയുടെ ‘ഗംഗുഭായ് കത്യവാടി’. വ്യത്യസ്തമായ മേക്കോവറിലൂടെയും അഭിനയത്തിലൂടെയുമാണ് ആലിയ ഭട്ട് ഇതില്‍ പ്രത്യക്ഷപ്പെടുന്നത്. താന്‍ ഏറെ കാത്തിരിക്കുന്ന സിനിമയാണിതെന്ന് ആലിയ പലപ്പോഴും പറഞ്ഞിട്ടുമുണ്ട്. ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങിയ സന്തോഷം പങ്കുവച്ചിരിക്കുകയാണ് ആലിയ. ‘ധോലീട’ എന്നു തുടങ്ങുന്ന ഗാനമാണ് റിലീസ് ചെയ്തത്. 2.47 മിനിറ്റ് ദൈര്‍ഘ്യമുള്ള ഗാന രംഗത്തില്‍ ആലിയയുടെ ഭാവപകര്ച്ചകളും തകര്‍പ്പന്‍ നൃത്തച്ചുവടുകളാണ് ദൃശ്യമാകുന്നത്. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ആലിയ ഗാനം ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്. ‘‘സഞ്ജയ് ലീല ബന്‍സാലിയുടെ സംഗീതത്തിന് നൃത്തം ചെയ്തതിലൂടെ എന്റെ സ്വപ്നം പൂവണിഞ്ഞിരിക്കുകയാണ്. ‘ധോലീട’യ്ക്കായി എന്റെ ഹൃദയം തുടിക്കുകയാണ്’’ എന്നാണ് വീഡിയോ ഷെയര്‍ ചെയ്യുന്നതിനൊപ്പം ആലിയ കുറിച്ചത്.
നേരത്തെ ‘ഗംഗുഭായ് കത്യവാടി’ യുടെ ട്രെയ്ലറും പുറത്തിറങ്ങിയിരുന്നു. PVR, INOX, സൈന്‍പോളിസ്, കാര്‍ണിവല്‍, മിറാജ് എന്നീ പ്രമുഖ മള്ട്ടിപ്ലക്സുകളിലൂടെയായിരുന്നു ട്രെയ്ലര് ലോഞ്ച്. ഇതാദ്യമായാണ് പ്രമുഖ മള്‍ട്ടിപ്ലക്സുകളിലൂടെ ട്രെയ്ലര് ലോഞ്ച് നടന്നത്.
ആലിയയുടെ കഥാപാത്രം എല്ലാ പ്രതിസന്ധികളെയും നേരിടുന്നതാണ് ഉള്ളടക്കം. ബോംബെയിലെ തെരുവുകളില്‍ ഗംഗുഭായിയുടെ അധികാരത്തിലേക്കുള്ള ഉയര്‍ച്ചയാണ് ട്രെയ്ലറില് ദൃശ്യമാകുന്നത്. ബോംബെയിലെ കാമാത്തിപ്പുരയിലെ ഒരു പാവപ്പെട്ട പെണ്‍കുട്ടിയില്‍ നിന്നും തെരഞ്ഞെടുപ്പ് പോരാട്ടത്തിലേക്കുള്ള ഗംഗുഭായിയുടെയും അവളുടെ യാത്രയുടെയും കഥയാണ് ചിത്രമെന്നാണ് ട്രെയ്ലര് നല്കുന്ന സൂചന.
ടൈറ്റില്‍ റോളിലാണ് ആലിയ എത്തുമ്പോള്‍ അജയ് ദേവ്ഗണും ഒരു സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
പ്രശസ്ത എഴുത്തുകാരന് ഹുസൈന് സെയ്ദിയുടെ ‘മാഫിയ ക്വീന്‍സ് ഓഫ് മുംബൈ’ എന്ന പുസ്തകത്തെ ആസ്പദമാക്കി ഒരുക്കുന്ന പീരീഡ് ചിത്രമാണിത്. 1960 കളില്‍ മുംബൈയിലെ റെഡ്-ലൈറ്റ് ഏരിയയായ കാമാത്തിപുരയിലെ പ്രധാനിയായ വനിതയായിരുന്നു ഗംഗുഭായ്.
വിജയ് റാസ്, ഇന്ദിര തിവാരി, സീമ പഹ്വ എന്നിവരും ഇതില്‍ അഭിനയിക്കുന്നു. ബന്‍സാലിയും ജയന്തിലാല്‍ ഗാഡയും (പെന്‍ സ്റ്റുഡിയോ) ചേര്‍ന്നാണ് നിര്‍മാണം. 72ാമത് ബെര്‍ലിന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ചിത്രത്തിന്റെ വേള്‍ഡ് പ്രീമിയര്‍ ഷോ നടക്കും. 2022 ഫെബ്രുവരി 25ന് ചിത്രം തിയേറ്ററുകളിലെത്തും.






