
മലയാളി താരങ്ങളുടെ ഇഷ്ടവാഹനം മിനി കണ്ട്രിമാന് സ്വന്തമാക്കി നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍. മിനിയുടെ ജെ.സി.ഡബ്ല്യു ഇന്‍സ്പയേഡ് കണ്ട്രിമാന് കൂപ്പര്‍ എസ് പതിപ്പാണ് ആന്റണി പെരുമ്പാവൂര്‍ സ്വന്തമാക്കിയിരിക്കുന്നത്. കൊച്ചിയിലെ മിനി കൂപ്പര്‍ ഡീലര്‍ഷിപ്പായ മിനി-ഇ.വി.എം. ഓട്ടോക്രാഫ്റ്റില്‍ കുടുംബസമേതം എത്തിയാണ് പുതിയ വാഹനം അദ്ദേഹം സ്വീകരിച്ചത്.
ആന്റണി പെരുമ്പാവൂരും മിനി കുടുംബത്തിലെ അംഗമായ സന്തോഷം മിനി-ഇ.വി.എം. ഓട്ടോക്രാഫ്റ്റാണ് സമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. ബ്രിട്ടീഷ് റേസിങ്ങ് ഗ്രീന്‍ നിറത്തിലുള്ള വാഹനമാണ് ആന്റണി പെരുമ്പാവൂര്‍ തിരഞ്ഞെടുത്തിരിക്കുന്നത്. മിനി നിരയിലെ ലക്ഷ്വറി സബ്കോംപാക്റ്റ് ലക്ഷ്വറി ക്രോസ്ഓവര്‍ എസ്യുവിയാണ് കണ്ട്രിമാന്.
നാലു ഡോര്‍ പതിപ്പായ വാഹനം മിനിയുടെ ഏറ്റവും കരുത്തുറ്റ കാറുകളിലൊന്നാണ്. രണ്ടു ലീറ്റര്‍ നാലു സിലിണ്ടര്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തു പകരുന്നത്. 192 എച്ച്പി കരുത്തും 280 എന്‍എം ടോര്‍ക്കുമുണ്ട് വാഹനത്തിന്. ഏഴ് സ്പീഡ് ഡബിള്‍ ഡ്യുവല്‍ ക്ലച്ച് സ്റ്റെപ്ട്രോണിക് സ്പോര്‍ട്സ് ട്രാന്സ്മിഷന്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 7.5 സെക്കന്‍ഡ് മതി ഈ കരുത്തന്. ഏകദേശം 44.90 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.
ജയസൂര്യ, കുഞ്ചാക്കോ ബോബന്, പൃഥ്വിരാജ്, ജോജു ജോര്‍ജ്, ടൊവിനോ തോമസ്, ധ്യാന്‍ ശ്രീനിവാസന്, നവ്യ നായര്‍ തുടങ്ങിയ താരങ്ങളുടെയെല്ലാം ഗ്യാരേജില്‍ അടുത്ത നാളുകളില്‍ സ്ഥാനം പിടിച്ചിട്ടുള്ള വാഹനമാണ് മിനി കൂപ്പര്‍.






