
ഇന്ത്യയിലെ കോംപാക്ട് എസ്യുവി സെഗ്മെന്റിന് തുടക്കമിട്ട മോഡലായിരുന്നു റെനോ ഡസ്റ്റര്‍. 2012 മുതലായിരുന്നു ഇന്ത്യയില്‍ ഡസ്റ്റര്‍ സജീവമായിരുന്നത്. പത്ത് വര്‍ഷത്തിനിപ്പുറം, ഇന്ത്യയിലെ ആദ്യ തലമുറ ഡസ്റ്ററിന്റെ ഉത്പാദനം റെനോ അവസാനിപ്പിച്ചിരിയ്ക്കുകയാണ്. 2021 ഒക്ടോബറോടെ വാഹനത്തിന്റെ ഉത്പാദനം നിര്‍ത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നെങ്കിലും ഇപ്പോഴാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്.
ആദ്യതലമുറ എസ്യുവി 9.86 ലക്ഷം മുതല്‍ 14.25 ലക്ഷം വരെയുള്ള എക്സ്ഷോറൂം വിലയില്‍ സ്റ്റോക്കുകള്‍ നിലനില്‍ക്കുന്നിടത്തോളം ലഭ്യമാകുമെന്നും ഡീലര്‍മാര്‍ അറിയിച്ചിട്ടുണ്ട്. രണ്ടാം തലമുറ റെനോ ഡസ്റ്റര്‍ 2017-ല്‍ ആഗോള വിപണിയില്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ ഇത് ഇന്ത്യയില്‍ എത്താതിരുന്നത് കമ്പനിക്ക് ഏറെ തിരിച്ചടിയുണ്ടാക്കിയിട്ടുണ്ട്.
2012-ല്‍ പുറത്തിറങ്ങിയ റെനോ ഡസ്റ്റര്‍ 3-4 വര്‍ഷത്തേക്ക് മിഡ്-സൈസ് എസ്യുവി സെഗ്മെന്റിനെ തീര്‍ത്തും ഭരിച്ചു. എന്നാല്‍ പിന്നീട് ഹ്യുണ്ടായി ക്രെറ്റയും കിയ സെല്‍റ്റോസും ലോഞ്ച് ചെയ്തതോടെ ഡസ്റ്റര്‍ പതിയെ പിന്നിലേക്ക് മറഞ്ഞു. സ്കോഡ, ഫോക്സ്വാഗണ്, എംജി തുടങ്ങിയ കാര്‍ നിര്‍മാതാക്കള്‍ അടുത്തിടെ തങ്ങളുടെ ആധുനിക ഓഫറുകളുമായി സെഗ്മെന്റിലേക്ക് പ്രവേശിച്ചതോടെ ആളുകള്‍ ഡസ്റ്റിനെ പൂര്‍ണമായും കൈയൊഴിഞ്ഞു. അതേസമയം, 2023ല്‍ പുതുതലമുറയിലേക്ക് ചേക്കേറി വാഹനം തിരികെയെത്തുമെന്നും ഫ്രഞ്ച് നിര്‍മാതാക്കള്‍ സൂചന നല്‍കിയിട്ടുമുണ്ട്.






