പനജി/ ഡെറാഡൂണ്‍/ലക്നൗ: മൂന്ന് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഗോവ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും ഉത്തര്‍പ്രദേശില്‍ രണ്ടാംഘട്ട പോളിംഗുമാണ് ഇന്ന് നടക്കുന്നത്.
ഗോവയില്‍ 40 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്. രാവിലെ 9 മണിവരെ 11.04% ആയിരുന്നു പോളിംഗ് എങ്കില്‍ 11 മണിയോടെ അത് 26.63% ആയി ഉയര്‍ന്നു. ഒരു മണിയോടെ 45 ശതമാനത്തിന് അടുത്താണ് പോളിംഗ്.
ഗവര്‍ണര്‍ പി.എസ് ശ്രീധരന് പിള്ളയും ഭാര്യ റീത്ത ശ്രീധരനും ടലെയ്ഗോ മണ്ഡലത്തിലെ 15ാം നമ്പര്‍ ബൂത്തില്‍ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. മുഖ്യമന്ത്രി പ്രമോദ് സാവന്തും ഭാര്യയും കൊതംബി പ്രൈമറി സ്കൂളിലെ ബൂത്തില്‍ വോട്ട് ചെയ്തു. മനോഹര്‍ പരീക്കറുടെ മകന് ഉത്പല്‍ പരീക്കര്‍ പനജിയില്‍ നിന്ന് വിജയിക്കില്ലെന്നും ഇവിടെ ബി.ജെ.പിയെ വന്‍ ഭൂരിപക്ഷത്തില്‍ ജനങ്ങള്‍ വിജയിപ്പിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
എഎപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി മിത് പലേക്കറും അമ്മ ജ്യോതി പലേക്കറും സാന്താക്രൂസ് മണ്ഡലത്തില്‍ വോട്ട് ചെയ്തു. എഎപി ഇത്തവണ 39 മണ്ഡലങ്ങളിലാണ് മത്സരിക്കുന്നത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് തന്നെ രാവിലെ വിളിച്ച് വിജയാശംസ നേര്‍ന്നുവെന്ന് അമിത് പലേക്കര്‍ പറഞ്ഞു.
ഉത്തരാഖണ്ഡില്‍ 13 ജില്ലകളിലായി 70 മണ്ഡലങ്ങളിലാണ് ഒറ്റത്തവണയായി പോളിംഗ്്. 632 സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ട്. ഉച്ചയ്ക്ക് ഒരു മണിവരെ 35.21% പേര് വോട്ട് രേഖപ്പെടുത്തി. 11 മണിവരെ ഹരിദ്വാര്‍ ജില്ലയിലാണ് ഏറ്റവും ഉയര്‍ന്ന പോളിംഗ് നില. 22.15%. ഉത്തംസിംഗ് നഗറിലെ സിര്താര് ഗഞ്ചിലാണ് ഏറ്റവും കുറവ് പോളിംഗ്.
രണ്ടാം ഘട്ട പോളിംഗ് നടക്കുന്ന ഉത്തര്‍പ്രദേശില്‍ 11 മണിവരെ 23 ശതമാനവും ഒരു മണി വരെ 39 ശതമാനവും പോളിംഗ് നടന്നു. യു.പിയില്‍ 55 മണ്ഡലങ്ങളിലാണ് ഇത്തവണ പോളിംഗ്.
ബി.ജെ്പി 300ലേറെ സീറ്റുകള്‍ നേടി വീണ്ടും അധികാരത്തിലെത്തുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലും ജനങ്ങളുടെ അനുഗ്രഹത്താലും ഇരട്ട എഞ്ചിന് സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തും. ഈ തിരഞ്ഞെടുപ്പ് ഇതിനകം തന്നെ 20നെതിരെ 80 എന്ന നിലയിലാണ്. ആദ്യഘട്ട പോളിംഗിനു ശേഷം എസ്.പി, ബി.എസ്.പി, കോണ്‍ഗ്രസ് ക്യാംപുകളില്‍ മൗനമാണ്.- യോഗി പറഞ്ഞു.






