
വിദേശ ഡ്രോണുകളുടെ ഇറക്കുമതിയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ഇന്ത്യ. വിദേശ ഡ്രോണുകള്‍ നിരോധിച്ചതായ അറിയിപ്പ് വ്യവസായ വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള ജനറല്‍ ഫോറിന് ട്രേഡ് ഡയറക്ടറേറ്റ് പുറത്തിറക്കി. റിസര്‍ച്ച് ആന്റ് ഡെവലപ്പ്മെന്റ്, പ്രതിരോധം, സുരക്ഷാ ആവശ്യങ്ങള്‍ എന്നിവയ്ക്കായുള്ള ഡ്രോണ്‍ ഇറക്കുമതി നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ അത്തരം ഇറക്കുമതികള്‍ക്ക് മതിയായ അനുമതികള്‍ തേടണം.
2022 ഫെബ്രുവരി 9 മുതലാണ് വിദേശ ഡ്രോണുകളുടെ നിരോധനം പ്രാബല്യത്തില്‍ വരുന്നത്. രാജ്യത്ത് ഡ്രോണുകളുടെ ഉപയോഗത്തിന് കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. ഡ്രോണുകളുടെ ഉപയോഗത്തിനും മതിയായ അനുമതികളും രജിസ്ട്രേഷനും ആവശ്യമാണ്. നിര്‍മാണം പൂര്‍ത്തിയാക്കിയ ഡ്രോണുകള്‍ ഇറക്കുമതി ചെയ്യുന്നതിനാണ് നിരോധനമുള്ളത്.
ഡ്രോണിന്റെ ഘടക ഭാഗങ്ങളുടെ ഇറക്കുമതിക്ക് പ്രത്യേക അനുമതികള്‍ ആവശ്യമില്ലെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം വ്യക്തമാക്കി. ഇളവുകള്‍ അനുസരിച്ച് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അംഗീകൃത ഗവേഷണ വികസന സ്ഥാപനങ്ങള്‍ക്കും ഗവേഷണ ആവശ്യങ്ങള്‍ക്കായി നിര്‍മാണ കമ്പനികള്‍ക്കും ഡ്രോണുകള്‍ ഇറക്കുമതി ചെയ്യാനാവും അതിനായി ജനറല്‍ ഫോറിന് ട്രേഡ് ഡയറക്ടറേറ്റില്‍ നിന്നും അനുമതി വാങ്ങണം. ഇന്ത്യന്‍ നിര്‍മിത ഡ്രോണുകള്‍ക്ക് പ്രചാരം നല്‍കുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് ഈ നിരോധനം.







Comments