
ഒരു വീടിന്റെ പശ്ചാത്തലത്തില്‍ അമ്മയുടെയും മകന്റെയും കഥ പറഞ്ഞ സസ്പെന്‍സ് ത്രില്ലറായിരുന്നു ‘ഭൂതകാലം’. മുതിര്‍ന്ന നടി രേവതിയും ഷെയ്ന് നിഗവും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ രാഹുല്‍ സദാശിവന് സംവിധാനം ചെയ്ത ഈ ചിത്രം നേരിട്ട് ഒടിടി റിലീസ് ആയിട്ടാണ് എത്തിയത്. സോണി ലീവിലൂടെ സ്ട്രീമിംഗ് ആരംഭിച്ച ചിത്രത്തിന് മികച്ച പ്രതികരണവും വലിയ രീതിയിലുള്ള പ്രശംസകളും ലഭിച്ചിരുന്നു. ഈ ചിത്രത്തെ പ്രശംസിച്ച് പലരും കുറിപ്പുകളെഴുതിയിരുന്നു. ഇപ്പോഴിതാ സംവിധായകന് ഭദ്രന്റെ ഫെയ്സ് ബുക്ക് കുറിപ്പ് ശ്രദ്ധ നേടുകയാണ്. സിനിമയെക്കുറിച്ചും ചിത്രത്തിലെ ഷെയ്നിന്റെ പ്രകടനത്തെക്കുറിച്ചുമാണ് ഭദ്രന് എഴുതിയിരിക്കുന്നത്.
‘‘ഭൂതകാലം’ ഒരു പക്ഷേ, നമ്മളോരോരുത്തരുടെയും തനിയാവർത്തനം തന്നെ. അസ്വാഭാവികതയുടെ ഒരു തരിമ്പ് പോലുംപെടാത്ത ഒരു നല്ല ചലച്ചിത്രം. മാനസികവിഭ്രാന്തിയിൽ മരുന്ന് കഴിച്ചുകൊണ്ടിരിക്കുന്ന ഒരു വിധവയും അവരുടെ മകനും മുത്തശ്ശിയും അടങ്ങിയ ഒരു കൊച്ച് വീട്. എങ്ങുമെത്താതെ നിൽക്കുന്ന മകനെ കാണുമ്പോൾ ഉണ്ടാകുന്ന അമ്മയുടെ ആശങ്കകളും സംഘർഷങ്ങളും അമ്മയെന്ന വികാരത്തെ സങ്കീർണമാക്കി. മുത്തശ്ശിയുടെ മരണം മകന്റെ മനസ്സിൽ വി ഹ്വല ചിത്രങ്ങളായി രൂപപ്പെടാൻ തുടങ്ങി. ദുർമരണങ്ങൾ സംഭവിച്ചിട്ടുള്ള ഒരു വീട്ടിൽ ദുർബലമനസുകൾ വന്ന് ചേക്കേറുമ്പോൾ അവിടെ അവർ കാണുന്ന കാഴ്ചകളിൽ ഒരു സത്യസന്ധത ഉണ്ടായിരുന്നു. കാണിയുടെ കാഴ്ച വട്ടത്തിൽ നിന്നും ഒരു ഫ്രെയിം പോലും അടർത്തി മാറ്റാൻ പറ്റാത്ത വിധം കോർത്ത് കോർത്ത് ഒരു ചങ്ങല പോലെ പിടിവിടാതെ രാഹുൽ സൂക്ഷ്മതയോടെ കൊണ്ടു നടന്നു.
Congrats...
ഷെയ്ൻ നിഗം കുത്തൊഴുക്കിൽ വീണ് ട്രയാംഗിൾ ചുഴിയിൽ പെട്ട് പോകുമെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടെങ്കിൽ അത് വെറും തോന്നൽ മാത്രം. ഭൂതകാലത്തിലെ ഷെയ്നിന്റെ 'വിനു ' കൊടിമരം പോലെ ഉയർന്നു നിന്നു, ഇളക്കം തട്ടാതെ...
ഞാൻ സ്റ്റേറ്റ് അവാർഡിൽ കണ്ട 'വെയിലി'ലെ ഇതുപോലെ പ്രകാശിപ്പിക്കാൻ കഴിയാതെ പോയ ഒരമ്മയുടെ സ്നേഹത്തിന്റെ മുൻപിൽ പതറുകയും ഇടറുകയും ചെയ്യുന്നത് കണ്ടപ്പോൾ അന്നും എന്റെ കണ്ണുകൾ ചുവന്നിരുന്നു.ഇന്നും, ഈ സിനിമ കണ്ടപ്പോഴും.
" എന്റെ പ്രശ്നം എന്താണെന്ന് അമ്മക്കറിയോ?
ഞാൻ സ്നേഹിക്കുന്നവർ എന്നെ മനസിലാക്കാതെ ദൂരത്ത് നിൽക്കുന്നത് കാണുമ്പോൾ........ "
ആ പറച്ചിൽ വെയിലിൽ നിന്നും ഒത്തിരി ഒത്തിരി മാറ്റി നിർത്തിയ ഒരു രസക്കൂട്ട് കാണിച്ചു തന്നു.
ഹായ് ഷെയ്ൻ, നിനക്ക് എതിര് നീ മാത്രമേയുള്ളൂ...
Keep going...
രേവതിയുടെ കരിയറിലെ ' ആശ ' യെ തിളക്കം കെടാതെ സൂക്ഷിച്ചു.’’ ഇങ്ങനെ നീളുന്നു സംവിധായകന് ഭദ്രന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്.
സൈജു കുറുപ്പ്, ജെയിംസ് ഏലിയ, ആതിര പട്ടേല്‍, അഭിരാം രാധാകൃഷ്ണന്, വത്സല മേനോന്, മഞ്ജു പത്രോസ്, റിയാസ് നര്‍മ്മകല എന്നിവരും ചിത്രത്തിലുണ്ട്. സംവിധായകന് രാഹുലും ശ്രീകുമാര്‍ ശ്രേയസും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത്. നടന് ഷെയ്ന് നിഗം ഈ ചിത്രത്തിലൂടെ സംഗീത സംവിധായകനായി അരങ്ങേറ്റം കുറിച്ചിരുന്നു. കൂടാതെ ഷെയിന്‍ ഒരു ഗാനം ആലപിക്കുന്നുമുണ്ട്. ഗോപി സുന്ദര്‍ പശ്ചാത്തല സംഗീതം കൈകാര്യം ചെയ്യുന്നു. ഷെഹനാദ് ജലാല്‍ ഛായാഗ്രഹണവും ഷഫീഖ് മുഹമ്മദ് അലി എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. പ്ലാന്‍ ടി ഫിലിംസിന്റെയും ഷെയ്ന് നിഗം ഫിലിംസിന്റെയും ബാനറില്‍ തെരേസ റനില്‍ ഹബീബും സംയുക്തമായാണ് ഭൂതകാലം നിര്‍മ്മിച്ചിരിക്കുന്നത്.






