
പുതിയ ഇലക്ട്രിക് സ്കൂട്ടറുകള് കൂടി വിപണിയില്‍ എത്തിച്ച് ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ വാര്‍ഡ് വിസാര്‍ഡ് ഇനോവേഷന്സ് ആന്‍ഡ് മൊബിലിറ്റി. വൂള്‍ഫ് പ്ലസ്, ജെന്‍ നെക്സ് നാനു പ്ലസ്, ഫ്ളീറ്റ് മാനേജ്മെന്റ് ഇലക്ട്രിക് സ്കൂട്ടര്‍ ഡെല്‍ ഗോ എന്നിവയാണ് വാര്‍ഡ് വിസാര്‍ഡ് എത്തിച്ചിരിയ്ക്കുന്നത്. ഇന്ത്യയില്‍ തന്നെയാണ് ഇവയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയിരിയ്ക്കുന്നത്. മെയ്ക്ക് ഇന്‍ ഇന്ത്യയ്ക്കും പ്രാധാന്യം നല്‍കിയാണ് കമ്പനിയുടെ റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്പ്മെന്റ് വിഭാഗം ഈ വാഹനം ഇന്ത്യയില്‍ തന്നെ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
ഈ ഇലക്ട്രിക് സ്കൂട്ടറുകളിലെ വോള്‍ഫ് പ്ലസിന് 1.10 ലക്ഷം രൂപയും, ജെന്‍ നെക്സ് നാനു പ്ലസിന് 1.06 ലക്ഷം രൂപയും ഡെല്‍ ഗോ മോഡലിന് 1.14 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. ഓഫ് റോഡ് യാത്രകള്‍ക്കും ഇണങ്ങുന്ന രീതിയില്‍ 160 എം.എം. എന്ന ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സുമായാണ് ഈ സ്കൂട്ടറുകള് എത്തുന്നത്. കീലെസ് സ്റ്റാര്‍ട്ട്-സ്റ്റോപ്പ്, സ്മാര്‍ട്ട് കണക്ടിവിറ്റി, ബാറ്ററി സ്റ്റാറ്റസ് പരിശോധിക്കുന്നതിനും സ്കൂട്ടര്‍ ട്രാക്ക് ചെയ്യുന്നതിനുമുള്ള റിമോട്ട് ആപ്ലിക്കേഷന്‍, ഇക്കോ, സ്പോര്‍ട്സ്, ഹൈപ്പര്‍ എന്നീ മൂന്ന് ഡ്രൈവിങ്ങ് മോഡുകള്‍ക്കും റിവേഴ്സ് മോഡ് തുടങ്ങിയ സവിശേഷതകളാണ് നിര്‍മ്മാതാക്കള്‍ ഈ സ്കൂട്ടറില്‍ ഒരുക്കിയിട്ടുള്ളത്.
പരമാവധി 20 എന്‍.എം. ടോര്‍ക്ക് ഉത്പാദിപ്പിക്കാന്‍ സാധിക്കുന്ന 1500 വാട്ട് ഇലക്ട്രിക് മോട്ടോറാണ് ഈ ഇലക്ട്രിക് സ്കൂട്ടറുകളുടെ ഹൃദയം. 60V35Ah ബാറ്ററിയാണ് ഇതില്‍ നല്‍കിയിട്ടുള്ളത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 100 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കും. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗത എടുക്കാനാകും. ഈ മൂന്ന് സ്കൂട്ടറുകള്‍ക്കും മൂന്ന് വര്‍ഷത്തെ വാറണ്ടിയാണ് നിര്‍മാതാക്കള്‍ നല്‍കുന്നത്.
ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാരുകള്‍ വിവിധ ആനുകൂല്യങ്ങള്‍ ഒരുക്കുമ്പോള്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായും ഉയര്‍ന്ന നിലവാരമുള്ളതുമായി വാഹനങ്ങള്‍ എത്തിച്ച് ഈ ഉദ്യമത്തിന് പിന്തുണ ഒരുക്കുകയാണ് വാര്‍ഡ് വിസാര്‍ഡ് എന്ന് കമ്പനിയുടെ മേധാവി യതിന് ഗുപ്ത അഭിപ്രായപ്പെട്ടു. ഭാവിയില്‍ കൂടുതല്‍ വാഹനങ്ങള്‍ എത്തിക്കാന്‍ കമ്പനിയുടെ ആര് ആന്‍ഡ് ഡി വിഭാഗം സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.






