
ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ ദുരുപയോഗം ചെയ്താല്‍ കുറ്റക്കാര്‍ക്കെതിരെ 10,000 രൂപ മുതല്‍ 1 കോടി രൂപ വരെ പിഴ ഇടുമെന്ന് യുണീക് ഐഡന്റിഫിക്കഷന്‍ അതോറിറ്റി അറിയിച്ചു. തെറ്റായ വിവരങ്ങള്‍ നല്കിയാല് മൂന്നു വര്‍ഷം വരെ തടവ് ലഭിയ്ക്കും. കഴിഞ്ഞ കുറച്ചു മാസങ്ങളായി ആധാര്‍ ഡേറ്റ ദുരുപയോഗം ചെയ്യുന്നത് വര്‍ദ്ധിച്ചിട്ടുണ്ട്. ഇത്തരം കേസുകള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി ആധാര്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ വന്‍ തുക പിഴ ചുമത്താന്‍ യുഐഡിഎഐക്ക് അടുത്തിടെ അനുമതി ലഭിച്ചിരുന്നു.
ഒരു ഇന്ത്യന്‍ പൗരനെ തിരിച്ചറിയുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട രേഖകളില്‍ ഒന്നാണ് ആധാര്‍ കാര്‍ഡ്. വോട്ടര്‍ ഐഡി, പാന്‍ കാര്‍ഡ്, തുടങ്ങിയ മറ്റ് തിരിച്ചറിയല്‍ രേഖകളില്‍ നിന്ന് വ്യത്യസ്തമായി ആധാര്‍ നിരവധി ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം. 2021 നവംബറില്‍, ആധാര്‍ നിയമം ലംഘിക്കുന്നവരെ പ്രോസിക്യൂട്ട് ചെയ്യാനായി പ്രത്യേകം ഉദ്യോഗസ്ഥരെ നിയമിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ യുഐഡിഎഐക്ക് നിര്‍ദേശവും നല്‍കിയിരുന്നു.
2021 നവംബര്‍ 2 ന് തന്നെ ഇത് സംബന്ധിച്ച് യുഐഡിഎഐ നിയമങ്ങള്‍ വിജ്ഞാപനം ചെയ്തിരുന്നു. രാജ്യത്തെ നിയമമോ യുഐഡിഎഐയുടെ നിര്‍ദേശങ്ങളോ പാലിക്കുന്നതില്‍ ഒരു സ്ഥാപനമോ, വ്യക്തിയോ പരാജയപ്പെട്ടാല്‍ പരാതി നല്‍കാം. പരാതി ആധാറുമായി ബന്ധപ്പെട്ട ഔദ്യോഗിക വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുകയും ആവശ്യമായ വിവരങ്ങള്‍ യുഐഡിഎഐയ്ക്ക് കൈമാറുകയും ചെയ്യണം.
തെറ്റായ ജനസംഖ്യാ വിവരങ്ങളോ ബയോമെട്രിക് വിവരങ്ങളോ നല്കി ആള്‍മാറാട്ടം നടത്തുന്നത് കുറ്റകരമാണെന്നും ആധാര്‍ നിയമം സൂചിപ്പിക്കുന്നു. അങ്ങനെ ചെയ്യുന്നയാള്‍ക്ക് മൂന്ന് വര്‍ഷം തടവും 10,000 രൂപ പിഴയും ലഭിക്കും. ആധാര്‍ നമ്പര്‍ ഉടമയുടെ ഡെമോഗ്രാഫിക്, ബയോമെട്രിക് വിവരങ്ങള്‍ മാറ്റി മറ്റൊരാളുടെ വിവരങ്ങള്‍ ചേര്‍ത്ത് ഉപയോഗിക്കുന്നത് കുറ്റകരമാണെന്നും ഇതിന് മൂന്നു വര്‍ഷം തടവും 10,000 രൂപ പിഴയും ലഭിക്കുമെന്നും യുഐഡിഎഐ വെബ്സൈറ്റില്‍ പറയുന്നുണ്ട്.






