
പൊടിയോ, കാലാവസ്ഥയോ, ഭക്ഷണമോ ഒക്കെ അലര്‍ജി ഉണ്ടാക്കാറുണ്ട്. എന്നാല്‍ സെക്സിനോട് അലര്‍ജിയുള്ള ഒരു യുവതിയുടെ വാര്‍ത്തയാണ് ശ്രദ്ധേയമാകുന്നത്. കൊളറാഡോയിലെ ഒരു കോളേജ് വിദ്യാര്‍ത്ഥിനിയായ ക്ലോ ലോറി എന്ന 18 കാരിയ്ക്കാണ് സെക്സിനോട് അലര്‍ജിയുള്ളത്. ഹ്യൂമന്‍ സെമനല് പ്ലാസ്മ ഹൈപ്പര്‍സെന്‍സിറ്റിവിറ്റി എന്ന അവസ്ഥയാണ് പെണ്കുട്ടിയ്ക്കുള്ളത്. പുരുഷന്മാരുടെ ബീജത്തില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീനുകളോടുള്ള അലര്‍ജിയാണ് പെണ്‍കുട്ടിയുടെ ശരീരത്തെ ബാധിയ്ക്കുന്നത്.
ആദ്യമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടപ്പോള്‍ അസഹനീയമായ വേദനയാണ് തനിയ്ക്കുണ്ടായതെന്ന് പെണ്‍കുട്ടി പറയുന്നു. ബീജവുമായി സമ്പര്‍ക്കം പുലര്‍ത്തുമ്പോള്‍, തന്റെ ശരീരം ചുവന്ന് തടിക്കുകയും, ശരീരമാകെ പുകച്ചില്‍ അനുഭവപ്പെടുകയും ചെയ്യുന്നു എന്നാണ് പെണ്‍കുട്ടി പറയുന്നത്. ശരീരം മുഴുവന്‍ കത്തുന്ന പോലെ നീറ്റലാണെന്നും അവള് കൂട്ടിച്ചേര്‍ത്തു. ഒരിയ്ക്കല്‍ അവളുടെ മുഖം അവള്‍ക്ക് കുറേ നേരം അനക്കാന്‍ സാധിച്ചില്ല. മുഖത്ത് മരവിപ്പും, താല്‍ക്കാലിക പക്ഷാഘാതം ഉള്ളതുപോലെയും അനുഭവപ്പെട്ടു.
'' എന്റെ മുഖത്തിന്റെ വലതു വശത്തായിരുന്നു അത്. വായ അനങ്ങുന്നത് പോലും തിരിച്ചറിയാന്‍ എനിക്ക് സാധിക്കില്ല. അത്രയ്ക്ക് മരവിച്ചു പോയി. എന്നാല്‍ പതുക്കെ ഞാന്‍ പഴയ അവസ്ഥയിലേയ്ക്ക് തിരികെ വന്നു. ആ ഭാഗത്ത് എനിക്ക് ശരിക്കും വീക്കം അനുഭവപ്പെട്ടു. അത് അസഹനീയമായിരുന്നു. ലക്ഷകണക്കിന് സൂചികള്‍ കുത്തിയിറക്കും പോലെ തോന്നി'' -ക്ലോ ലോറി പറഞ്ഞു. തുടര്‍ന്ന് ഡോക്ടറുടെ അടുത്തെത്തിയപ്പോഴാണ് രോഗാവസ്ഥ സ്ഥിരീകരിച്ചത്.
ഇപ്പോള്‍ ഗര്‍ഭനിരോധന ഉറകള്‍ ഉപയോഗിക്കുന്നതിലൂടെയും, ശ്രദ്ധയോടെയുള്ള ലൈംഗിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിലൂടെയും തന്റെ ഈ അവസ്ഥ നിയന്ത്രിക്കാന്‍ ശ്രമിക്കുകയാണ് അവള്. '' മറ്റ് പല അലര്‍ജികളെയും പോലെ ഗുരുതരമാകാം ഇത്. അതേസമയം പലര്‍ക്കും ഇത്തരമൊരു അവസ്ഥയെ കുറിച്ച് അറിയില്ല. ആളുകള്‍ ഇതേകുറിച്ച് കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നു. പക്ഷേ സ്വന്തമായി ഗവേഷണം നടത്താനൊന്നും അവരെ കിട്ടില്ല. സംശയമെല്ലാം എന്നോടാണ് ചോദിക്കുന്നത്. താന്‍ ഇതെല്ലാം വെറുതെ പറയുകയാണെന്ന് കരുതുന്ന നിരവധി ആളുകളുമുണ്ട്. ഇതുമായി ബന്ധപ്പെട്ട വേറെയും അസുഖങ്ങളുണ്ട്. അതിലൊന്നാണ് പോസ്റ്റ്-ഓര്‍ഗാസ്മിക് ഇല്‍നെസ്സ് സിന്‍ഡ്രോം. ഓര്‍ഗാസത്തിന് ശേഷം ക്ഷീണം, മൂക്കടപ്പ്, മറ്റ് ഇന്‍ഫ്ലുവന്‍സ ലക്ഷണങ്ങള്‍ എന്നിവ അനുഭവപ്പെടുന്ന രോഗാവസ്ഥയാണ് ഇത്. '' - ക്ലോ പറയുന്നു.






