പറയാന്‍ മറക്കാത്ത നിലപാടുകള്‍- കവി റഫീക്ക് അഹമ്മദ് സംസാരിക്കുന്നു
പറയാന്‍ മറക്കാത്ത നിലപാടുകള്‍- കവി റഫീക്ക് അഹമ്മദ് സംസാരിക്കുന്നു
Authored by ലക്ഷ്മി ബിനീഷ് | Last updated: 18 Feb 2022, 10:36 PM | 10 min read
ചലച്ചിത്രഗാനങ്ങളിലെ സൗന്ദര്യവും ഭാവനയും കണ്ട് കവിതയിലേക്കാകർഷിക്കപ്പെട്ട ആ കവി പിന്നീട് മലയാള സിനിമാഗാനരംഗത്തിനു നല്‍കിയത് അര്‍ത്ഥവത്തായ ഹൃദയസ്പര്‍ശിയായ വരികള്‍. അഞ്ചു തവണ മികച്ച ഗാന രചനയിതാവിനുള്ള സംസ്ഥാന പുരസ്കാരവും കേരള സാഹിത്യ അക്കാദമി പുരസ്കാരവും വൈലോപ്പിള്ളി പുരസ്കാരവും ഉൾപ്പടെയുള്ള നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയ റഫീക്ക് അഹമ്മദ്. ഗർഷോമിൽ തുടങ്ങി കുരുതിയിൽ എത്തി നിൽക്കുന്ന ചലച്ചിത്രഗാനങ്ങളിലൂടെ റഫീക്ക് അഹമ്മദ് എന്ന ഗാനരചയിതാവ്, ശ്രോതാക്കളെ പ്രണയിപ്പിക്കുകയും സന്തോഷിപ്പിക്കുകയും കരയിപ്പിക്കുകയുമൊക്കെ ചെയ്തു. തികച്ചും വ്യക്തിപരമായ അനുഭവങ്ങൾ ഘനീഭവിച്ച് തൂലികത്തുമ്പിലൂടെ വരികളായി പെയ്യുന്നതാണ് തന്റെ കവിതകളെന്ന് ഈ കവി പറയുന്നു. അടുത്തിടെ കെ റെയിലിനെക്കുറിച്ച് റഫീക്ക് അഹമ്മദ് എഴുതിയ ചില വരികള്‍ വിവാദങ്ങളായി. താനതു പ്രതീക്ഷിച്ചതാണെന്ന് ചിരിച്ച മുഖത്തോടെ ഈ കവി പറയുന്നു. രണ്ട് പതിറ്റാണ്ടിലധികമായി മലയാളമനസ്സില്‍ നിറഞ്ഞു നില്ക്കുന്ന റഫീക്ക് അഹമ്മദ് മനസ്സു തുറക്കുന്നു... കടന്നു വന്ന വഴികളെക്കുറിച്ച്, വിവാദങ്ങളെക്കുറിച്ച്, വരാനിരിക്കുന്ന നാളുകളെക്കുറിച്ച്...
ഏകദേശം 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് മലയാള മനസ്സിലേക്ക് പെയ്തിറങ്ങിയതാണ് താങ്കളുടെ സംഗീതം. അവിടം മുതല്‍ ഇവിടം വരെയുള്ള യാത്രയെക്കുറിച്ച് ?
യാത്ര തുടങ്ങുന്നത് വളരെ യാദൃശ്ചികമായിട്ടാണ്. മുന്‍കൂട്ടി ഉദ്ദേശിച്ചതോ പ്ലാന്‍ ചെയ്തതോ ഒന്നുമായിരുന്നില്ല അത്. ചില പ്രത്യേക സാഹചര്യങ്ങളില്‍ സന്ദര്‍ഭവശാല്‍ ഉണ്ടായതാണത്. പക്ഷേ യാത്ര തുടങ്ങിക്കഴിഞ്ഞ് വളരെ ഉത്തരവാദിത്വത്തോടെ, സീരിയസ്സായിട്ടാണ് അതിനെ സമീപിച്ചത്. അത് ഇവിടം വരെയെത്തി. ഇതുവരെയുള്ള യാത്ര വിജയകരമാണെന്നാണ് എനിക്കു തോന്നുന്നത്. ഞാന്‍ സംതൃപ്തനാണ്.
സര്‍ക്കാര്‍ ജോലിയില്‍ നിന്ന് ചലച്ചിത്രഗാനരംഗത്തേക്ക് ചുവടുമാറ്റം. ആ മാറ്റം വേണ്ടിയിരുന്നില്ല എന്ന് തോന്നിയിട്ടുണ്ടോ ?
ഒരിക്കലുമില്ല. സര്‍ക്കാര്‍ ജോലി ജീവിതോപാധി ആയിരുന്നു. അല്ലാതെ ഏതെങ്കിലും സര്ഗ്ഗാവിഷ്കാരത്തിനുള്ള മാധ്യമം ആയിരുന്നില്ലല്ലോ. ജോലി കിട്ടി, അങ്ങനെ ചെയ്തുവെന്നു മാത്രം. പിന്നെ സിനിമയിലേക്ക് അവസരം വന്നപ്പോള്‍ സ്വീകരിക്കാന്‍ ആശങ്കകളുണ്ടായിരുന്നു. സ്റ്റേബിളാണെന്നു പറയാന്‍ പറ്റുന്ന ഒരു ജീവിതമാര്ഗ്ഗമല്ലല്ലോ സിനിമ. ഇന്ന് ഞാനാണെങ്കില്‍ നാളെ മറ്റൊരാള്‍ എന്ന മാറ്റം, അത് സിനിമയുടെ സ്ഥിരം സ്വഭാവമാണ്. അതുകൊണ്ട് സ്ഥിരവരുമാനമുള്ള ഒരു ജോലി വിട്ടുപോരുക എന്നത് കുറച്ചൊരു സാഹസികമായ കാര്യമായിരുന്നു. എങ്കിലും ഒരുപാട് നാള് ജോലി ചെയ്തതു കൊണ്ടും അല്പ്പസ്വല്പം വിരക്തി തോന്നിത്തുടങ്ങിയതു കൊണ്ടും വിട്ടുപോരുകയായിരുന്നു. രണ്ടു കല്‍പ്പിച്ചാണ് ആ തീരുമാനമെടുത്തത്.
എഴുത്തിന്റെ വഴിയിലേക്ക് എത്തിയത് എങ്ങനെയാണ് ?
എഴുത്ത് ചെറുപ്പം മുതല്‍ എന്റെ കൂടെത്തന്നെയുണ്ട്. കലാലയ വിദ്യാഭ്യാസത്തിന്റെ സമയത്ത് തന്നെ കവിതഎഴുത്തിന്റെ വഴി തുടങ്ങിയിരുന്നു. അന്നൊക്കെ ഒരുപാട് തവണ പല പ്രസിദ്ധീകരണങ്ങളിലുമത് വന്നിട്ടുമുണ്ട്. 1996 ല്‍ തന്നെ ആദ്യ പുസ്തകവും പുറത്തു വന്നിരുന്നു. കവിത എഴുത്തില്‍ സര്‍ക്കാര്‍ ജോലി ഒരു തടസ്സമായിരുന്നില്ല. ഒരു കവിതയോ അതല്ലെങ്കില്‍ മറ്റെന്തെങ്കിലും എഴുതുന്നതിനോ എന്റെ സര്‍ക്കാര്‍ ജോലി പ്രശ്നമായിരുന്നില്ല. പക്ഷേ സിനിമാഗാനരചന അങ്ങനെ പറ്റില്ല. അതൊരു ജോലി തന്നെയാണ്. സിനിമാഗാനമെന്നത് എഴുത്തുകാരനെ സംബന്ധിച്ച് സ്വാതന്ത്ര്യം കുറവുള്ള എഴുത്താണ്. പറയുന്ന സമയത്ത് പറയുന്ന സ്ഥലത്ത് അതെഴുതി കൊടുക്കണം. അങ്ങനെയൊരു സാങ്കേതികബുദ്ധിമുട്ടുമുണ്ടായിരുന്നു. ജോലിയും ഇതും കൂടി ഒരുമിച്ച് കൊണ്ടുപോകാന്‍ അപ്പോള്‍ ബുദ്ധിമുട്ടാണ്. സിനിമ മറ്റൊരു തൊഴില്‍മേഖല തന്നെയായിരുന്നു. അതുകൊണ്ടാണ് ജോലി വേണ്ടെന്നു വച്ചത്.
കവിത എഴുത്തില്‍ നിന്ന് സിനിമാഗാനരചനയിലേക്ക് മാറിയത് വെല്ലുവിളിയായിരുന്നില്ലേ ?
അങ്ങനെ തോന്നിയിരുന്നില്ല. കവിത എഴുത്ത് എന്നെ സംബന്ധിച്ച് അടിസ്ഥാനപരമായിട്ടുള്ള ആവശ്യമാണ്. ആ ജോലിയുടെ മറ്റൊരു ആവിഷ്കാരം മാത്രമാണ് സിനിമാഗാനരചന. പിന്നെ കവിത എഴുത്ത് പോലെ സ്വതന്ത്രമല്ല ഇത്. സിനിമാഗാനരചനയില്‍ കുറെയാളുകളെ തൃപ്തിപ്പെടുത്തേണ്ടതുണ്ട്, അതിനു ശേഷം ജനങ്ങളെ സ്വീകരിക്കേണ്ടതുണ്ട്. കവിത എഴുതുന്നതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം എഴുത്തുകാരനാണ്, അത് മോശമായാലും നല്ലതായാലും. മറ്റേത് കുറെയാളുകള്‍ ഉള്‍പ്പെട്ട കാര്യമായതു കൊണ്ട് അതിന്റേതായ പ്രശ്നങ്ങളുണ്ട്. അതിന്റെ സീരിയസ്സ്നെസ്സ് മനസ്സിലാക്കിയാണ് ഞാന്‍ സിനിമാഗാനരചനയെന്ന ജോലി ഏറ്റെടുത്തത്.
പഴയ സിനിമാഗാനങ്ങളുടെ വരികളിലെ അര്‍ത്ഥവും മൂല്യവും ഇന്നത്തെ പാട്ടുകള്‍ക്കില്ല എന്ന അഭിപ്രായത്തെപ്പറ്റി ?
മലയാള സിനിമാഗാനങ്ങള്‍ക്ക് ഒരു സുവര്ണ്ണകാലഘട്ടമുണ്ടായിരുന്നു. കാവ്യഗുണമുള്ള സംഗീതഗുണമുള്ള ഒരു ഭൂതകാലം മലയാള സിനിമാഗാനങ്ങള്ക്കുണ്ടായിരുന്നു. അതിനു ശേഷം വന്ന കാലഘട്ടങ്ങളില്‍ കുറെ മോശപ്പെട്ട ഗാനങ്ങളും നല്ല ഗാനങ്ങളുമുണ്ടായിട്ടുണ്ട്. ആ സമയത്താണ് ഞാന്‍ സിനിമാഗാനരചനയിലേക്ക് എത്തുന്നത്. ഞാനെഴുതി തുടങ്ങുന്ന സമയത്തും ഇപ്പോഴും നല്ല പാട്ടുകളും മോശപ്പെട്ട പാട്ടുകളും ഉണ്ടാകുന്നുണ്ട്. പിന്നെ കാലഘട്ടത്തിനനുസരിച്ച്, സിനിമാ ഇന്‍ഡസ്ട്രിക്ക് ആവശ്യമുള്ള പാട്ടുകളാണ് എപ്പോഴും ഉണ്ടാകുന്നത്. അത് മോശമാണോ നല്ലതാണോ എന്നത് തികച്ചും വസ്തുനിഷ്ടമായ കാര്യങ്ങളാണ്. എനിക്ക് മോശമെന്നു തോന്നുന്ന ചില ഗാനങ്ങള്‍ മറ്റുള്ളവര്‍ക്ക് നല്ലതായി തോന്നാം. എന്നെ സംബന്ധിച്ച് ഇടക്കാലങ്ങളെ അപേക്ഷിച്ച് കുറെയൊക്കെ സീരിയസ്സ്നെസ്സ് ഈയടുത്ത കാലത്ത് വന്നു തുടങ്ങിയിട്ടുണ്ട് എന്നാണ്.
ആ മാറ്റങ്ങളുമായി പൊരുത്തപ്പെട്ടിരുന്നോ ?
ഒരിക്കലുമില്ല. അതിപ്പോഴും പൊരുത്തപ്പെടാന്‍ പറ്റുന്ന ഒരു കാര്യമല്ല. പാട്ടുകള്‍ക്കും വരികള്‍ക്കും അര്‍ത്ഥമുണ്ടാകണം, അതിന് കാവ്യഭംഗിയുണ്ടാകണം എന്ന വിശ്വസിക്കുന്ന ആളാണ് ഞാന്‍. അത്തരത്തില്‍ ചെയ്യാന്‍ ഞാന്‍ ശ്രമിക്കാറുമുണ്ട്. അത് വലിയ വിജയമാ ണോ എന്നെനിക്കറിയില്ല. എല്ലാക്കാലത്തും പാട്ടുകളെന്നു പറഞ്ഞാല്‍ കുറെ വാക്കുകള്‍ ചേര്‍ത്തു വയ്ക്കുന്ന ഒരു കലിഡോസ്പിക് ചിത്രമാണെന്നു ഞാന്‍ കരുതുന്നില്ല. അങ്ങനെയൊന്നുണ്ടാക്കിയാല്‍ കേള്‍ക്കാന്‍ നല്ല രസമുണ്ടായിരിക്കും. പക്ഷേ ആളുകളുടെ മനസ്സിലത് തങ്ങി നില്‍ക്കുകയോ, പില്ക്കാലത്ത് ഓര്‍ത്തുവയ്ക്കുകയോ അല്ലെങ്കില്‍ ഏതെങ്കിലും തരത്തിലൊരു സൗന്ദര്യാനുഭൂതി നല്‍കുകയോ ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല.
നവമാധ്യമങ്ങളാണോ അതിനുള്ള കാരണങ്ങള്‍ ?
എന്ന് പൂര്‍ണ്ണമായി പറയാനാവില്ല. കാരണം നവമാധ്യമങ്ങള്‍ വന്നതോടെ ചില നല്ല ഗുണങ്ങളുണ്ടായിട്ടുണ്ട്. മുമ്പുള്ള കാലങ്ങളില്‍ ഒരു പാട്ട് പാടി അത് ജനങ്ങളുടെ മുന്നിലേക്ക് എത്തിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. ഇന്നത് താരതമ്യേന എളുപ്പമാണ്. ഒരു സിനിമയെ ആശ്രയിക്കാതെ തന്നെ ആരുടെയും പിന്തുണയില്ലാതെ ഒരു പാട്ടെഴുതി സംഗീതം നല്കി യൂട്യൂബിലൂടെയോ മറ്റേതെങ്കിലും നവമാധ്യമങ്ങളിലൂടെയോ അവതരിപ്പിക്കുക എന്നത് വളരെ ഈസിയായിട്ടുള്ള കാര്യമാണ്. അത് നല്ലതാണ്. പക്ഷേ അത് ദുരുപയോഗം ചെയ്യുന്നവരുമുണ്ട്. നിലവാരമില്ലാത്ത ചില പാട്ടുകളും ഈ മാധ്യമങ്ങളിലൂടെ ഉണ്ടാകുന്നുണ്ട്. അത് എല്ലാക്കാലത്തും ഉണ്ടാകുന്നതാണ്. നല്ലത് ആളുകളുടെ മനസ്സില്‍ നിലനില്ക്കും, അല്ലാത്തത് പെട്ടെന്നു തന്നെ നിലച്ചു പോകും.
അപൂര്‍വ്വമായി മാത്രം ചിലപ്പോഴൊക്കെ വന്നിട്ടുണ്ടാകും. കാരണം ഇതൊരു തൊഴിലെന്ന രീതിയിലെടുക്കുമ്പോള്‍ എല്ലാക്കാര്യങ്ങളിലും അങ്ങനെ ശാഠ്യം പിടിക്കാന്‍ കഴിയില്ല. ഒരു പ്രത്യേക തരത്തിലുള്ള ഈണം ഒരു പാട്ടിന് വേണമെന്നുള്ളത് സംവിധായകന്റെ തീരുമാനമാണല്ലോ. അതുമായി പൊരുത്തപ്പെടാന്‍ കഴിയില്ലെങ്കില്‍ ഒഴിഞ്ഞു പോകാനേ കഴിയൂ. അതല്ലാതെ എഴുതാന്‍ പറ്റില്ല, ഇങ്ങനയേ എഴുതൂ എന്നൊന്നും വാശി പിടിക്കുന്നതില്‍ അര്‍ത്ഥമില്ല. പലപ്പോഴും അത്ര തൃപ്തികരമല്ലാത്ത രീതിയില്‍ അങ്ങനെ ചെയ്യേണ്ടി വരാറുണ്ട്. എങ്കിലും ഞാന്‍ ചെയ്യുന്ന തൊഴിലിനോട് നീതി പുലര്‍ത്താന്‍ ശ്രമിക്കാറുണ്ട്.
സിനിമാഗാനരചനയില്‍ കവിതയെഴുത്ത് സഹായിക്കാറുണ്ടോ ?
രണ്ടും രണ്ടാണ്. കവിത വായിച്ചും എഴുതിയും പരിശീലിച്ച് കിട്ടിയിട്ടുള്ള പരിചയം പാട്ടെഴുത്തില്‍ ഉപകാരപ്പെടുന്നുണ്ടാകും. അതല്ലാതെ ഒന്ന് മറ്റൊന്നിന് തടസ്സമാകുന്നില്ല. ഇവ രണ്ടും അനുപൂരകമായോ വിരൂപമായോ പോകുന്നതല്ല. ഒരുപാട് കവിതകള്‍ വായിക്കുകയും കുറച്ചൊക്കെ എഴുതുകയും ചെയ്തിട്ടുള്ള ആളാണ് ഞാന്‍. കവിതയുടെ ലോകത്ത് ജീവിക്കുന്ന ആളാണ് ഞാന്‍. അതുകൊണ്ട് പാട്ടെഴുത്തില്‍ അല്പമൊക്കെ കവിതയുടെ സ്വാധീനം കടന്നു വന്നിട്ടുണ്ടാകാം. കവിത പകര്‍ന്നു തന്ന സമ്പത്ത് പാട്ടെഴുത്തില്‍ സഹായിക്കുന്നുണ്ട്.
എഴുത്തും രാഷ്ട്രീയവും തമ്മിലുള്ള ബന്ധം ?
എഴുത്തില്‍ രാഷ്ട്രീയം വേണമോ വേണ്ടയോ എന്നത് വലിയ രീതിയില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമാണ്. എങ്ങനെ തന്നെ എഴുതിക്കഴിഞ്ഞാലും രാഷ്ട്രീയം എഴുത്തിലുണ്ടാകും. ജീവിക്കുന്ന കാലത്തിന്റെ സവിശേഷതകള്‍ എഴുത്തില്‍ പ്രതിഫലിക്കാറുണ്ട്. ചില പ്രത്യേക രാഷ്ട്രീയ കക്ഷികളോടോ ആശയത്തോടോ ഒരു പരിധി വിട്ട് കൂറു പുലര്‍ത്തി ഒരു തടവറയിലേക്ക് കൊണ്ടു പോകുന്നതിനോട് എനിക്ക് യോജിപ്പില്ല. എഴുത്തുകാരെ നയിക്കുന്നത് ഒരു നീതിബോധമാണ്. അത് മനുഷ്യരോടും സമൂഹത്തോടും പ്രകൃതി യോടും എല്ലാ ജീവജാലങ്ങ ളോടും ഒക്കെയുള്ളതാണത്. ആ ബോധം അയാള്‍ എഴുതുന്ന സൃഷ്ടിയിലുമുണ്ടാകും. അതാണ് രാഷ്ട്രീയമെന്നു പറയുന്നത്. അതല്ലാതെ ഏതെങ്കിലും പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയുടെ നന്മയ്ക്ക് വേണ്ടിയോ അവരു ടെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിന് വേണ്ടിയോ അവരെ എതിര്‍ക്കാന്‍ വേണ്ടിയോ മാത്ര മുള്ളതല്ലത്. അത് വിശാലമായ അര്‍ത്ഥത്തില്‍ കാണേണ്ട ഒന്നാണ്. മനുഷ്യപക്ഷത്ത് നില്ക്കുന്ന എഴുത്താണെന്ന നിലയിലാണ് ഞാനത് മനസ്സിലാക്കുന്നത്.
ഉള്ളിന്റെയുള്ളിലെ കവി ആദ്യമായി ജനിച്ചത് എങ്ങനെയാണ് ?
കവിതകളോട് ഒരു പ്രത്യേക താത്പര്യമുണ്ടായിരുന്നു. സ്കൂളില്‍ പഠിക്കുമ്പോള്‍ പദ്യങ്ങള്‍ മറ്റെന്തിനെക്കാളും എന്നെ ആകര്‍ഷിച്ചിരുന്നു. സാധാരണ ഉപയോഗിക്കുന്ന വാക്കുകള്‍ കവിതയിലൂടെ വരുമ്പോള്‍ അതിന് വേറെ തരത്തിലുള്ള അര്‍ത്ഥഭംഗി വരുന്നത്, സൗന്ദര്യമുണ്ടാകുന്നത്, ഈണത്തില്‍ കേള്‍ക്കുമ്പോഴുള്ള അനുഭൂതി ഇവയൊക്കെ എന്നെ ആകര്‍ഷിച്ചിരുന്നു. അങ്ങനെ എഴുതാന്‍ പറ്റിയെങ്കില്‍ എന്ന് ആഗ്രഹിച്ചിരുന്നു. അന്നൊക്കെ എഴുതാന്‍ ശ്രമം നടത്തി. പിന്നീട് ആ ഇഷ്ടം എന്നോടൊപ്പം കൂടി. കവിത കള്‍ കൂടുതല്‍ വായിക്കാനും അറിയാനും ശ്രമിച്ചു. അങ്ങനെയാണ് എഴുത്തിലേക്ക് എത്തിയത്.
സിനിമാഗാനങ്ങളും ഇഷ്ടപ്പെട്ടിരുന്നോ ?
എഴുത്തും വായനയും പഠിക്കുന്നതിനു മുമ്പ് ഇഷ്ടപ്പെട്ടു തുടങ്ങിയതാണ് സിനിമാഗാനങ്ങള്‍. അതും എത്തിച്ചേരുന്നത് കവിതകളിലേക്കാണ്. ഒരു ഉദാഹരണം പറഞ്ഞാല്‍, ആയിരം പാദസ്വരങ്ങള്‍ കിലുങ്ങി, ആലുവാപ്പുഴ പിന്നെയുമൊഴുകി എന്നുള്ള വരി പഠിക്കുന്ന കാലത്തിനു മുമ്പ് കേട്ടു തുടങ്ങിയതാണ്. അതിലെ ആയിരം പാദസ്വരങ്ങള്‍ കിലുങ്ങുന്നതും ആലുവാപ്പുഴയും ഉണ്ടാക്കുന്ന ഒരു അനുഭൂതി വളരെ വലുതാണ്. അത് കവിതയോട് അടുപ്പിക്കുന്നുണ്ട്. ആലുവാപ്പുഴ ഒഴുകിയെന്നു പറഞ്ഞാല്‍ പോലെ പാദസ്വരങ്ങള്‍ കിലുങ്ങുന്നത് എന്തിനാണ് പറയുന്നത്. എഴുത്തും സീരിയസ്സായ വായനയും ഉണ്ടാകുന്നതിനു മുമ്പ് തന്നെ പാട്ടുകളിലൂടെ ഇത്തരം ഭാവന എന്നെ പ്രചോദിപ്പിച്ചിട്ടുണ്ട്.
ആദ്യ സിനിമാഗാനത്തിനു ശേഷം ഒരു ഇടവേളയെടുത്തിരുന്നല്ലോ ?
ഞാന്‍ മുമ്പു പറഞ്ഞതു പോലെ മുന്‍കൂട്ടി തീരുമാനിച്ച് സിനിമാഗാനരംഗത്തേക്ക് വന്നതല്ല. ഗര്ഷോമിലെത്തിയത് വ്യക്തിപരമായ ചില അടുപ്പങ്ങളിലൂടെ വന്നതാണ്. അതുകൊണ്ട് ഇവി ടെ നില്‍ക്കാനോ പരിശ്രമിക്കാനോ പോയില്ല. ഗര്‍ഷോമിലെ പാട്ടെഴുതി കഴിഞ്ഞപ്പോള്‍ എന്റെ ജോലി കഴിഞ്ഞു. ഞാന്‍ പോയി. പിന്നെ കുറെ നാള് കഴിഞ്ഞാണ് അടുത്ത വിളി വരുന്നത്. അതിനു ശേഷം തുടരെത്തുടരെ പാട്ടുകള്‍ വന്നു തുടങ്ങി. അങ്ങനെയാണിവിടെ നില്ക്കാന് തീരുമാനിച്ചത്.
ഒരുപാട് ഗാനങ്ങള്‍ രചിച്ചു. വ്യക്തിപരമായി ഇഷ്ടമുള്ള പാട്ടുകള്‍ ?
അതൊരു ബുദ്ധിമുട്ടുള്ള ചോദ്യമാണ്. എടുത്തു പറയാന്‍ പറ്റില്ല. പിന്നെ ആദ്യത്തെ പാട്ടായതു കൊണ്ട് വ്യക്തിപരമായി ഇഷ്ടമുണ്ട്. ‘ഗര്‍ഷോ’മിലെ ‘പറയാന്‍ മറന്ന പരിഭവങ്ങള്‍’ മനസ്സിനോട് അടുത്തു നില്‍ക്കുന്നതാണ്. ആളുകള്‍ എടുത്തു പറയുന്ന കുറെ പാട്ടുകളുണ്ട്. ‘തട്ടം പിടിച്ചു വലിക്കല്ലേ’, ‘കാത്തിരുന്നു കാത്തിരുന്നു’, ‘ആറ്റുമണല്‍ പായയില്‍’ പിന്നെ കവിത തന്നെ പാട്ടായി വന്ന ‘മരണമെത്തുന്ന നേരത്ത്’ എന്നിങ്ങനെയുള്ള പാട്ടുകള്‍ ജനങ്ങള്‍ ഏറെ ഇഷ്ടപ്പെട്ട പാട്ടുകളാണത്.
ഇന്നത്തെ തലമുറയിലെ പാട്ടെഴുത്തുകാര്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരം കിട്ടുന്നുണ്ടോ ?
കുറെ കാലങ്ങളായി ഗാനരചയിതാക്കള്‍ക്ക് വേണ്ട രീതിയില്‍ പരിഗണിക്കാത്ത ഒരു അവസ്ഥ നിലനില്‍ക്കുന്നുണ്ട്. അത് ഞങ്ങളെല്ലാവരും ചൂണ്ടിക്കാണിക്കുന്നുണ്ട്. സംഗീതത്തിന് അമിതമായി പ്രാധാന്യം കൊടുക്കുന്നു. അതുപോലെ വരികളെക്കുറിച്ച് പ്രാധാന്യത്തെക്കുറിച്ച് ആരും ചിന്തിക്കുന്നില്ല. അതുപോലെ പ്രധാനമായിട്ടും സിനിമയെന്നു പറയുന്ന മാധ്യമത്തില്‍ പാട്ടിന്റെ പ്രസക്തിയെന്ത് എന്നതടക്കമുള്ള പ്രശ്നങ്ങളുണ്ട്. പഴയകാലത്തെ പോലെയുള്ള സിനിമകളല്ല ഇപ്പോള്‍ വന്നു കൊണ്ടിരിക്കുന്നത്. അന്നത്തെ സിനിമകളില്‍ പാട്ടെന്താണോ ചെയ്തിരുന്നത് അതല്ല ഇന്നു ചെയ്യുന്നത്. പക്ഷേ പുറമേയുള്ള ആളുകള്‍ക്ക്, സമൂഹത്തിന് പാട്ടു വേണം. സിനിമയ്ക്കുള്ളില്‍ പാട്ടില്ലെങ്കിലും വിജയിച്ചു പോകും. അതുകൊണ്ട് സിനിമയുടെ ചില ചുരുങ്ങിയ ആവശ്യങ്ങള്‍ക്കു വേണ്ടി മാത്രമുള്ള, സംഗീതത്തിന് പ്രാധാന്യം നല്കുന്ന പാട്ടുകള്‍ക്ക് മതിയെന്നൊരു പാട്ടു മതി എന്നൊരു തീരുമാനം പലരുമെടുക്കുന്നുണ്ട്. അതിന്റെ ഭാഗമായിട്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.
റഫീക്ക് അഹമ്മദുമായുള്ള അഭിമുഖം കാണാം
ഒരു പാട്ടെഴുത്തുകാരന് എന്ന നിലയില്‍ ഇത്തരം സാഹചര്യങ്ങളെ നേരിടുന്നത് ?
തീര്‍ച്ചയായും അതൊരു വെല്ലുവിളി തന്നെയാണ്. അതുപക്ഷേ സന്തോഷകരമായ ഒന്നാണ്. നമുക്കത് ചെയ്യാന്‍ കഴിയുമോ ഇല്ലയോ എന്ന് സ്വന്തമായി തന്നെ ചോദിക്കുന്ന വെല്ലുവിളി. അത്തരം വെല്ലുവിളികള്‍ സ്വീകരിക്കാന്‍ എനിക്കിഷ്ടമാണ്.
സംഗീതം നല്കി ഗാനം രചിക്കുന്നതാണോ, ഗാനം രചിച്ച ശേഷം സംഗീതം നല്കുന്നതാണോ കൂടുതല്‍ സൗകര്യം ?
രണ്ടിനും അതിന്റേതായ ഗുണങ്ങളുണ്ട്. അതിന്റെ ഫൈനല്‍ റിസള്‍ട്ട് എന്താണോ എന്നതിനെ ആശ്രയിച്ചിരിക്കും അത്. നല്ലൊരു ഈണമാണ് കിട്ടുന്നതെങ്കില്‍ വളരെ സന്തോഷകരമായ കാര്യമാണ്. സങ്കീര്‍ണ്ണമായ ഒരു ഈണമാണ് കിട്ടുന്നതെങ്കില്‍, അതായത് മലയാളത്തിലെ വാക്കുകള്‍ക്ക് ഇരിക്കാന്‍ കഴിയാത്ത, സ്വതന്ത്രമായി ഉപയോഗിക്കാന്‍ കഴിയാത്ത തരത്തിലുള്ള ഈണമാണ് കിട്ടുന്നതെങ്കില്‍ പാട്ട് ഒരു സാഹസിക പ്രവൃത്തിയായി മാറും. ഒരു എഴുത്തുകാരനെ സംബന്ധിച്ച് സ്വന്തമായി എഴുതി ട്യൂണ്‍ ചെയ്യുന്നതാണ് ഇഷ്ടമുള്ള കാര്യം. കാരണം അതിനൊരുപാട് സ്വാതന്ത്ര്യമുണ്ട്. പക്ഷേ ഒരു പാട്ട് പാട്ടായി വരണമെങ്കില്‍ അതിന് വരികള്‍ മാ ത്രമുണ്ടായിട്ട് കാര്യമില്ല, സംഗീതം വളരെ പ്രധാനപ്പെട്ട കാര്യമാണ്. അതുകൊണ്ട് സംഗീതം മുന്‍കൂട്ടി തയാറാക്കുന്നതില്‍ തെറ്റൊന്നുമില്ല. പക്ഷേ സംഗീതം തയാറാക്കുന്നവര്‍ അല്പമെങ്കിലും ഭാഷയെക്കുറിച്ച് അവബോധമുള്ളവരായിരിക്കണം. അല്ലെങ്കില്‍ മലയാള വാക്കുകള്‍ എങ്ങനെ വരും, മലയാള വാക്കുകള്‍ക്ക് പറ്റിയ ഈണമാണോ തയാറാക്കുന്നത് എന്നുള്ള ധാരണയില്ലാതെ വരും. അങ്ങനെ ചെയ്താല്‍ പൊള്ളയായ ചില വാക്കുകളുടെ കൂമ്പാരമായി പാട്ടുകള്‍ മാറും.
തീര്‍ച്ചയായും. എതിര്‍പ്പുണ്ടാകുമെന്നു പ്രതീക്ഷിച്ചു തന്നെയാണത് പോസ്റ്റ് ചെയ്തത്. കാരണം സോഷ്യല്‍ മീഡിയയുടെ സ്വഭാവം എല്ലാവര്ക്കും അറിയാവുന്നതാണല്ലോ. മാത്രവുമല്ല എനിക്കിത് പുതിയ സംഗതിയൊന്നുമല്ല. ഇതിനു മുമ്പും നിഷ്പക്ഷമായി അഭിപ്രായം പ്രകടിപ്പിച്ചപ്പോള്‍ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകള്‍ പ്രതികരിച്ചിരുന്നു. ഇക്കാര്യത്തിലും അങ്ങനെ തന്നെയാണുണ്ടായത്. എങ്കിലും ഈ സംഭവത്തില്‍ പ്രതികൂലത്തെക്കാള് അനുകൂല പ്രതികരണങ്ങളാണ് വന്നത്. പക്ഷേ സൈബര്‍ ബുള്ളിയിംഗ് എന്നൊക്കെ പറയുന്ന കാര്യത്തെക്കുറിച്ചുള്ള ചര്‍ച്ച പോലെ വന്നു. ഞാനത് വ്യക്തിപരമായി വലിയ രീതിയില്‍ പരിഗണിക്കുന്ന കാര്യമല്ല. അത് പ്രതീക്ഷിക്കുന്ന ഒരു സംഗതിയാണ്.
ഇത് നല്ല കാര്യമാണെന്നല്ല, സമൂഹത്തില്‍ ഇപ്പോള്‍ കാണപ്പെടുന്ന മോശപ്പെട്ട പ്രവണത തന്നെയാണത്. വസ്തുതകളെ അടിസ്ഥാനപ്പെടുത്തി കൊണ്ട് വ്യക്തിപരമല്ലാത്ത രീതിയില്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കുക എന്നതാണ് ഒരു സംസ്കാര സമ്പന്നമായ സമൂഹം അനുവര്‍ത്തിക്കേണ്ട രീതി. അതിപ്പോള്‍ എവിടെയും കാണാനില്ല, പലയിടത്തും നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. ആ തരത്തിലുള്ള പൊതുവായ വിഷമം പങ്കുവയ്ക്കുന്നു എന്നതേയുള്ളൂ. അല്ലാതെ വ്യക്തിപരമായി വിഷമമൊന്നുമില്ല.
വ്യക്തിപരമായ രാഷ്ട്രീയ നിലപാടുകള്‍ പോലും ഇതില്‍ വലിച്ചിഴയ്ക്കപ്പെട്ടല്ലോ ?
വ്യക്തിപരമായി ഞാന്‍ പ്രത്യേകിച്ച് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും അംഗമല്ല. എന്റെ രാഷ്ട്രീയം നീതിയുടെ രാഷ്ട്രീയമാണ്. ഇടതുപക്ഷ ആശയങ്ങളോട് എനിക്ക് എല്ലാക്കാലത്തും താത്പര്യമുണ്ട്. എവിടെയും പറയാന്‍ എനിക്കത് മടിയുമില്ല. ഏറ്റവും സാധാരണക്കാരായ മനുഷ്യര്‍ക്ക് വേണ്ടി നിലകൊള്ളുന്ന പ്രത്യേയ ശാസ്ത്രത്തോടുള്ള താത്പര്യം. അതല്ലാതെ മറ്റേതെങ്കിലും പാര്‍ട്ടി പറയുന്ന എല്ലാ നയങ്ങളോടും യോജിക്കുന്ന ഒരാളല്ല. അതാണ് എന്റെ രാഷ്ട്രീയം.
പുരോഗമനത്തിന് എതിര് നില്ക്കുന്ന ആളെന്ന നിലയിലാണ് കൂടുതല്‍ വിമര്‍ശനങ്ങള്‍ വന്നത് ?
കവി അതല്ലെങ്കില്‍ സാധാരണ പൗരന് എന്ന നിലയിലാണ് ഞാനതിനെ സമീപിച്ചത്. അത് ഭാവനാപരമായിരിക്കാം, കാല്പനികമായിരിക്കാം. പക്ഷേ ഈ വിഷയത്തെക്കുറിച്ച് വളരെയധികം പണ്ഡിതന്മാരായ ശാസ്ത്രഞ്ജന്മാര്, ശാസ്ത്രസാഹിത്യപരിഷിത്ത് പോലെയുള്ള സംഘടനകള്‍, ഇടതുപക്ഷ രാഷ്ട്രീയത്തില്‍ തന്നെ ഉള്‍ക്കൊള്ളുന്ന ചിന്തകന്മാര്, ശാസ്ത്രബോധമുള്ളവര്‍ ഒക്കെയിതിനെക്കുറിച്ച് പറയുന്നുണ്ട്. കവി എന്ന നിലയില്‍ ഞാന്‍ വന്യമായ ഭാവനകളുടെ ഇര എന്നുള്ള രീതിയില്‍ പറഞ്ഞതായിട്ട് വ്യാഖ്യാനിക്കുന്നതില്‍ വലിയ അര്‍ത്ഥമില്ല. സൈലന്റ് വാലി പ്രശ്നം ഉണ്ടായിരുന്ന സമയത്ത് ഒരു വിഷയമായി വന്നത് അന്നത്തെക്കാലത്ത് എഴുത്തുകാര്‍ ശബ്ദിച്ചതു കൊണ്ടാണ്. അങ്ങനെയാണ് ഭരണകൂടമത് ശ്രദ്ധിച്ചത്. പിന്നെയാണത് ശാസ്ത്രീയമായി അവതരിപ്പിക്കേണ്ടി വന്നത്. പതിയെപ്പതിയെ അത് സംരക്ഷിക്കേണ്ടത് ആവശ്യമാണെന്ന് ഒരു തിരിച്ചറിവുണ്ടായി. ഇക്കാര്യത്തിലും അങ്ങനെയുണ്ടാകുമെന്ന് ഞാന്‍ വിചാരിക്കുന്നു. ഈ സമൂഹത്തില്‍ ജീവിക്കേണ്ട ആളെന്ന നിലയില്‍ ഞാന്‍ ചില ആശങ്കള്‍ എഴുത്തിലൂടെ അറിയിച്ചു. അതിനെത്തുടര്‍ന്ന് ചില ചര്‍ച്ചകള്‍ വന്നിരുന്നു.
പിന്നെ ഞാന്‍ പറഞ്ഞ കാര്യങ്ങളെ വിമര്‍ശിച്ചവര്‍ കാര്യം കെറെയിലിനെ എതിര്‍ക്കുന്ന ഞാനടക്കമുള്ളവര്‍ പഴഞ്ചന്മാരാണോ, കാളവണ്ടിയുഗത്തിലാണോ ജീവിക്കുന്നത് എന്നൊക്കെയുള്ള ചോദ്യം ചെയ്യലാണ്. അങ്ങനെയാണെങ്കില്‍ ഇവര്‍ പറയുന്നതും പഴഞ്ചനായിട്ടുള്ള ശാസ്ത്രമല്ലേ ? മനുഷ്യകേന്ദ്രീകൃതമായതും പരിസ്ഥിതിയെ പരിഗണിക്കാത്തതുമായ വികസനമാണത്. മുതലാളിത്ത വികസനം, അന്തമില്ലാത്ത വികസനം എന്നൊക്കെയിതിനെ പറയാം. അത്തരം വികസനസങ്കല്പങ്ങളെ പുതിയ കാലം തള്ളിക്കളഞ്ഞിട്ടുള്ളതാണ്. കാരണം മനുഷ്യര്‍ക്ക് ഇനിയിവിടെ ജീവിക്കണമെങ്കില്‍ വികസനത്തിന്റെ കാര്യത്തില്‍ വിവേകപൂര്വ്വമായിട്ടുള്ള ശാസ്ത്രീയമായിട്ടുള്ള പര്യാലോചനകള്‍ ആവശ്യമാണെന്നുള്ള രീതിയിലേക്ക് ലോകം മാറിക്കഴിഞ്ഞു. ഭൂമിയില്‍ മനുഷ്യര്‍ക്കും മറ്റുള്ള ജീവജാലങ്ങള്‍ക്കും നിലനില്ക്കാന് ഏറ്റവും പുതിയ രീതിയിലുള്ള ശാസ്ത്രീയ വശങ്ങള് കൂടി പരിഗണിച്ചിട്ടു വേണം വികസനം നടപ്പിലാക്കാന്‍. ജനങ്ങളുടെ ആശങ്കയകറ്റി വിദഗ്ധരായ ആളുകളുമായി കൂടിയാലോചിച്ചിട്ടു വേണം അതൊക്കെ നടപ്പിലാക്കാന്‍ ഒരുങ്ങേണ്ടത്. അതല്ലാതെ കാളവണ്ടിയുഗത്തിലേക്ക് തിരിച്ചു പോകാനാണോ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ ഇത്തരം പ്രശ്നങ്ങളുടെ മുനയൊടിക്കാന്‍ വേണ്ടിയുള്ളതാണ്.
താങ്കള്‍ ഉദ്ദേശിക്കുന്ന വികസനം എന്താണെന്ന് പലരും കമന്റുകളില്‍ കൂടി ചോദ്യങ്ങളായി ഉന്നയിച്ചിരുന്നു ?
കോവിഡ് ദുരന്തം കാരണം പലരുടെയും ജീവിതം വഴിമുട്ടി നില്‍ക്കുകയാണ്. ഭക്ഷണത്തിനു പോലും ബുദ്ധിമുട്ടുന്ന പലരും നമുക്കിടയിലുണ്ട്. സാധാരണക്കാരായ പലരും എങ്ങനെ ജീവിക്കുമെന്നതറിയാതെ ആശങ്കപ്പെടുകയാണ്. കലാകാരന്മാരുടെ ജീവിതവും വല്ലാത്തൊരു അവസ്ഥയിലാണ്. അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുന്ന റോഡുകളാണ് മറ്റൊരു പ്രശ്നം. ഇങ്ങനെ അടിയന്തിരമായി പരിഹരിക്കേണ്ട ഒരുപാട് കാര്യങ്ങള്‍ നമ്മുടെ ചുറ്റുപാടുമുണ്ട്. അതിനെക്കുറിച്ചൊക്കെ ആളുകള്‍ സംസാരിക്കുന്നുണ്ടാകാം, ഇല്ലെന്നു ഞാന്‍ പറയുന്നില്ല. പക്ഷേ ഇന്ന് എല്ലാ സ്ഥലത്തും കെറെയിലിനെക്കുറിച്ച് വളരെ പ്രാധാന്യമായി സംസാരിക്കുന്നു. സര്‍വ്വരോഗ സംഹാരി എന്ന നിലയില്‍ അതിനെ മാത്രം പ്രൊജക്ട് ചെയ്തു പറയുന്നു. അത് കണ്ടപ്പോഴാണ് എനിക്കും ആശങ്ക വന്നത്.
പരിഹരിക്കപ്പെടേണ്ട എന്തൊക്കെ പ്രശ്നങ്ങള്‍ നമ്മുടെ ചുറ്റുുമുണ്ട്. ആരോഗ്യരംഗത്തും വിദ്യാഭ്യാസരംഗത്തും കോവിഡ് ശേഷമുള്ള കേരളത്തിന്റെ അവസ്ഥ എന്താണ്, രണ്ടു പ്രളയത്തിനു ശേഷമുള്ള കേരളത്തിന്റെ അവസ്ഥ എന്താണ്. അതിന് വേണ്ടി സ്ഥായിയായ, തുടര്‍ച്ചയുള്ള വികസന പദ്ധതി അല്ലെങ്കില്‍ ഉത്പാദനക്ഷമമായ പദ്ധതി നടപ്പിലാക്കാനല്ലേ ആലോചിക്കേണ്ടത് ചിന്തിക്കേണ്ടത്. ഈ ചോദ്യങ്ങള്‍ തെറ്റാണോ ?
മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളുടെ പ്രതികരണം എന്തായിരുന്നു ?
എന്നെ എല്ലാ രാഷ്ട്രീയ പാര്ട്ടിയിലുംപ്പെട്ട പ്രധാനപ്പെട്ട എല്ലാ നേതാക്കന്മാരും വിളിച്ചിരുന്നു. സൈബര്‍ ബുള്ളിയിംഗ് എന്നുള്ള കാര്യത്തെക്കുറിച്ചാണവര് പറഞ്ഞത്. അതിനെക്കുറിച്ചൊന്നും വിഷമിക്കേണ്ട, നിങ്ങള്‍ക്ക് പറയാനുള്ളത് പറയാം എന്നാണവര്‍ പറഞ്ഞത്. അവിവേകികള്‍ അങ്ങനെ സംസാരിക്കും അതിനെ പരിഗണിക്കേണ്ട കാര്യമില്ല എന്നാണവര്‍ ഐക്യദാര്‍ഡ്യം തന്നത്. അവര്‍ക്ക് അവരവരുടേതായ നയങ്ങള്‍ ഉണ്ടായിരിക്കും, വികസന സങ്കല്പങ്ങള് ഉണ്ടായിരിക്കും. അതിലവര്‍ ഉറച്ചു നില്‍ക്കുകയും ചെയ്യും. അതേസമയം തന്നെ അഭിപ്രായം പ്രകടിപ്പിക്കാനും അത് സ്വതന്ത്രമായി പറയാനുമുള്ള എന്റെ അവകാശത്തെ അവര്‍ അംഗീകരിച്ചു. അത് ഇടതുപക്ഷത്തുള്ളവരും മറ്റു വിഭാഗത്തിലുള്ളവരും അംഗീകരിച്ചിട്ടുണ്ട്.
ഇങ്ങനെയൊരു വിവാദം വന്നതു കൊണ്ട് ഇനിയൊരു തുറന്നു പറച്ചില് ഉണ്ടാവില്ലേ ?
അത് വ്യക്തമായി ഞാന്‍ പറഞ്ഞു കഴിഞ്ഞതാണ്. ഞാനങ്ങനെ എല്ലാക്കാര്യങ്ങളിലും ഇടപെടുന്ന ആളൊന്നുമല്ല. ഞാ നൊരു ആക്ടിവിസ്റ്റുമല്ല. എന്റെ
സ്വഭാവഘടനയനുസരിച്ച് അത് പറ്റുകയുമില്ല. പലപ്പോഴും പല കാര്യങ്ങളും പറഞ്ഞിട്ടുണ്ട്. പൗരത്വ നിയമത്തെക്കുറിച്ച് ഞാന്‍ പലയിടത്തും സംസാരിച്ചിട്ടുണ്ട്, നേരിട്ട് പരിപാടികളില്‍ പങ്കെടുത്തിട്ടുമുണ്ട്. അങ്ങനെ ചില കാര്യങ്ങള്‍ വരുമ്പോള്‍ എന്റെ മാനസികാവസ്ഥയും ചിന്തയുമനുസരിച്ച് ചിലപ്പോള്‍ പങ്കെടുത്തു വരാം, ഇല്ലെന്നു വരാം. അതിനൊന്നും ആര്‍ക്കും ഉറപ്പു കൊടുക്കാനൊന്നും കഴിയില്ല. എഴുത്താണെന്റെ തൊഴില്‍. അതില്‍ കൂടി ചിലത് പ്രകടമായേക്കാം, അല്ലാതെയും വരാം.
കവിത എഴുതുമ്പോഴാണത്. അഴുക്കില്ലമെന്ന നോവല്‍ മാത്രമാണ് ഞാനെഴുതിയിട്ടുള്ളത്. അതെന്നെ സംബന്ധിച്ച് ക്ലേശകരമായിട്ടുള്ള കാര്യമല്ല. പക്ഷേ കവിതയെഴുത്ത് എന്നെ സംബന്ധിച്ച് ഒരു ചെറിയ കാര്യമല്ല. കുറെക്കൂടി ശക്തമായ ഒരു മാധ്യമമാണ്. അത് ഞാന്‍ കൈകാര്യം ചെയ്യുന്നത് മറ്റൊരു രീതിയിലാണ്. അതുകൊണ്ട് കുറെക്കൂടി ഗൗരവം കൊടുത്താണത് ചെയ്യുന്നത്.
വ്യക്തിപരമായി ഇഷ്ടപ്പെട്ട പാട്ടെഴുത്തുകാരുമുണ്ട്. പഴയ തലമുറയിലെ ഒരുപാട് പേരുണ്ട്. പേരെടുത്ത് പറയുക ബുദ്ധിമുട്ടാണ്. എങ്കിലും പി.ഭാസ്കരന്, വയലാര്‍, ഒ.എന്‍.വി, ശ്രീകുമാരന്‍ തമ്പി എന്നിങ്ങനെ ഒരുപാട് പേര് അതിമനോഹരമായ ഗാനങ്ങള്‍ നമുക്ക് തന്നിട്ടുണ്ട്. ആ രോടാണ് കൂടുതല്‍ ഇഷ്ടമെന്നു പറയാന്‍ കഴിയില്ല. ഓരോരുത്തര്‍ക്കും ഓരോ ശൈലിയാണ്. വയലാറിന്റെ ഗാനങ്ങള്‍ മോഹിപ്പിച്ചിട്ടുണ്ട്, അടുപ്പം തോന്നിയത് ഭാസ്കരന് മാഷാണ്, കാവ്യാത്മകമായി തോന്നിയിട്ടുള്ളത് ഒ.എന്‍.വിയുടെതാണ്. അന്നുമിന്നും തമ്പി സാറിന്റെ പാട്ടുകള്‍ ഇഷ്ടമാണ്. പാട്ടുകളോടാണ് ഇഷ്ടം.
മറ്റ് ഗാനരചയിതാക്കളുടെയും പാട്ടുകളും ഇഷ്ടമാണെനിക്ക്. അങ്ങനെ അടുത്തിടെ ഇറങ്ങിയ പാട്ടുകളിലും ഇഷ്ടപ്പെട്ടവ കുറെയെണ്ണമുണ്ട്.
തിരക്കഥാകൃത്തിന്റെ മേലങ്കിയുമണിഞ്ഞല്ലോ ?
വളരെ യാദൃശ്ചികമായി അതും വന്നു ചേര്‍ന്നതാണത്. വിജേഷ് മണി സംവിധാനം ചെയ്യുന്ന ‘മലയാളം’ എന്ന ഒരു ചെറിയ സിനിമയ്ക്കു വേണ്ടിയാണത്. അധികം സങ്കീര്‍ണ്ണതകളൊന്നുമില്ലാത്ത വളരെ ലളിതമായ ഒരു പ്രമേയം. ഒരു ഫീല്‍ ഗുഡ് സിനിമയുണ്ടാക്കാനാണ് ശ്രമിക്കുന്നത്. അതില്‍ കുറച്ചു നല്ല പാട്ടുകളുമുണ്ട്. പ്രമേയം വച്ച് എഴുതി നോക്കുന്നു എന്ന് മാത്രം.
സിനിമാ സംവിധാനം ചെയ്യുന്ന കാര്യം ഒരിക്കലും ഉണ്ടാകാന്‍ സാധ്യതയില്ല. അതിന് വേറെ കുറെ ടാലന്റുകള്‍ കൂടി വേണം. എല്ലാവര്ക്കും കഴിയു ന്നൊരു കാര്യമല്ലത്. പ്രത്യേക തരത്തിലുള്ള മാനസികോര്‍ജ്ജവും തയാറെടുപ്പും വേണമതിന്. അത് ഞാന്‍ നേരിട്ട് മനസ്സിലാക്കിയിട്ടുള്ളതാണ്.
പാരമ്പര്യം കാത്തുസൂക്ഷിക്കാന്‍ മക്കളും ഈ വഴി തെരഞ്ഞെടുക്കാന്‍ സാധ്യതയുണ്ടോ ?
അറിയില്ല. മക്കളെ രണ്ടുപേരെയും ഞാന്‍ നിര്‍ബന്ധിക്കാറില്ല. ആരും ഗൈഡ് ചെയ്തല്ല ഞാന്‍ ഈ വഴിയിലെത്തിയത്. അതുകൊണ്ട് തന്നെ മക്കളുടെ കാര്യത്തിലും ഞാനങ്ങനൊയൊരു ശ്രമം നടത്താറില്ല. അവരുടെ മുന്നില്‍ ഒരുപാട് വഴികളുണ്ട്. അതിലെന്തു വേണമെങ്കിലും അവര്‍ക്ക് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. വായിക്കണം എന്നു മാത്രം ഞാന്‍ പറയാറുണ്ട്. അത് ആവശ്യമാണല്ലോ. അവര്‍ ഇടയ്ക്കൊക്കെ കുത്തികുറിക്കുന്നത് കാണാം. പക്ഷേ ഞാനൊന്നിനും നിര്‍ബന്ധിക്കാറില്ല.
വരാനിരിക്കുന്ന സിനിമകള്‍ ?
കുറെ സിനിമകള്‍ വരാനുണ്ട്. രണ്ട്, സ്റ്റേഷന് 5 എന്നിങ്ങനെയുള്ള കുറെ സിനിമകള്‍ വന്നിട്ടുണ്ട്. ഒടിടി റിലീസിലൂടെ എത്തിയ സിനിമകളിലും എന്റെ പാട്ടുകളുണ്ട്. വലിയൊരു സിനിമയായി പറയാനുളളത് ആടു ജീവിതം, പത്തൊമ്പതാം നൂറ്റാണ്ട് ഒക്കെയാണ്. തിയേറ്റര്‍ റിലീസിനായി കാത്തിരിക്കുന്ന സിനിമകളാണത്.