മിനിസ്ക്രീനിലെ നിറഞ്ഞ സാന്നിധ്യമാണ് ആര്യ, പ്രസരിപ്പോലെ പരിപാടികൾ അവതരിപ്പിക്കുന്ന ആര്യ ഒരു സൂപ്പർ അമ്മ കൂടിയാണ്. മകൾ ഖുശിയ്ക്കൊപ്പമുള്ള സുന്ദര നിമിഷങ്ങൾ ആരാധകരുമായി സ്ഥിരമായി പങ്കുവയ്ക്കാറുള്ളതു കൊണ്ട് ആര്യയെപ്പോലെ മകള്‍ ഖുശിയും ആരാധകർക്ക് പ്രിയപ്പെട്ടവളാണ്. ഖുശിയുടെ പത്താം പിറന്നാൾ ദിനത്തിൽ മനോഹരമായൊരു കുറിപ്പ് പങ്കുവച്ചിരിയ്ക്കുകയാണ് താരം.
‘ഈ ദിവസം അവസാനിക്കുമ്പോൾ എനിക്ക് ഒരുപാട് കാര്യങ്ങൾ പറയാനുണ്ട് എന്നു പറഞ്ഞാണ് ആര്യയുടെ കുറിപ്പ് ആരംഭിക്കുന്നത്. 18 ഫെബ്രുവരി 2012 എല്ലാം മാറ്റിമറിച്ച ദിവസം. 21-ാം വയസ്സിൽ താൻ അമ്മയായപ്പോൾ തനിക്ക് മാതൃത്വത്തെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നുവെന്നും മകള്‍ മുതിർന്ന ഒരു പെൺകുട്ടിയാണെന്ന് തനിക്ക് സങ്കൽപ്പിക്കാൻ കഴിയുന്നില്ലെന്നും വിവേകവും പക്വതയുമുള്ള അമ്മയായി താൻ മാറിയതിന് പിന്നിലെ ഒരേയൊരു കാരണം മകളാണെന്നും ആര്യ പറയുന്നു.
എല്ലാം അവസാനിപ്പിക്കാൻ തോന്നിയപ്പോഴും തന്നെ മുന്നോട്ടു നയിച്ചതിനും എല്ലാ തടസ്സങ്ങളെയും അതിജീവിച്ചതിനും ഒരേയൊരു കാരണം മകളാണെന്നും അവൾക്കുവേണ്ടിയാണ് താൻ ജീവക്കുന്നതെന്നും തന്റെ ജീവിതത്തിലേക്ക് വന്നതിന് പൂർണ്ണഹൃദയത്തോടെ മകൾക്ക് നന്ദി പറയുന്നവെന്നും ആര്യ കുറിയ്ക്കുന്നു. ഈ മനോഹരമായ കുറിപ്പിന് താഴെ നിരവധിപ്പേരാണ് ഖുശിയ്ക്ക് ജന്മദിനാശംസകളുമായി എത്തിയത്.






