താരകുടുംബത്തില്‍ പിറന്നിട്ടും സിനിമാ മേഖല തിരഞ്ഞെടുക്കാതെ സ്വന്തം ഇഷ്ടങ്ങള്‍ക്കു പുറകെ പോയ പെണ്‍കുട്ടിയാണ് അമിതാഭ് ബച്ചന്റെ കൊച്ചുമകള്‍ നവ്യ നവേലി നന്ദ. രാജ്യത്തെ ലിംഗവിവേചനം അവസാനിപ്പിക്കാനും സ്ത്രീശാക്തീകരണത്തിനുമായി താന്‍ നടപ്പാക്കുന്ന പ്രോജക്ട് നവേലി എന്ന പദ്ധതിയെക്കുറിച്ച് നവ്യ നേരത്തെ പറഞ്ഞിരുന്നു. ഇപ്പോഴിതാ വീട്ടകങ്ങളിലെ പുരുഷാധിപത്യ മനോഭാവത്തെക്കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് ബച്ചന്റെ മകള്‍ ശ്വേത നന്ദയുടെ മകളായ നവ്യ.
കൂട്ടുകുടുംബങ്ങളില്‍ പ്രത്യേകമായും കാണുന്ന പാട്രിയാര്‍ക്കല്‍ സംവിധാനത്തെക്കുറിച്ചും അതു തുടച്ചുനീക്കേണ്ടതിനെക്കുറിച്ചും പറയുകയാണ് നവ്യ. ഇന്‍സ്റ്റഗ്രാമിലൂടെയാണ് നവ്യ ഇക്കാര്യങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
തന്റെ വീട്ടില്‍പ്പോലും ഇതു കാണാറുണ്ടെന്നു പറഞ്ഞാണ് നവ്യ തുടങ്ങുന്നത്. അതിഥികള്‍ മറ്റോ വരുന്ന അവസരങ്ങളില്‍ അമ്മ തന്നെ വിളിച്ചാണ് ഓരോ സാധനങ്ങള്‍ എടുക്കാന്‍ പറയാറുള്ളത്. സഹോദരനെപ്പോലെയല്ല താന്‍ അപ്പോള്‍ ആതിഥേയയെപ്പോല് പെരുമാറേണ്ടി വരാറുണ്ടെന്നും നവ്യ പറയുന്നു.
വീഡിയോ പങ്കുവെച്ച് അധികം കഴിയും മുമ്പേ നവ്യയെ പിന്തുണച്ച് കമന്റുകളും എത്തി. ലോക്ക്ഡൗണ്‍ കാലത്ത് പല സ്ത്രീകളും വീട്ടുജോലികളാല്‍ സമ്മര്‍ദപ്പെട്ട് വിഷാദരോഗത്തിന് അടിമപ്പെട്ടതിനു പിന്നില്‍ ഇത്തരം പാട്രിയാര്‍ക്കല്‍ ചിന്താഗതികളാണെന്ന് പലരും കമന്റ് ചെയ്തു. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും കുട്ടിക്കാലം മുതല്‍ ഒരുപോലെ ഉത്തരവാദിത്തങ്ങള്‍ പങ്കിട്ട് വളര്‍ത്തേണ്ടതാണ് യഥാര്‍ഥ മാതൃക എന്നുമൊക്കെ വീഡിയോക്ക് കീഴെ കമന്റുകള്‍ വരുന്നുണ്ട്.






