
ആരാധകര്‍ ആകാംഷയോടെ കാത്തരിക്കുന്ന ചിത്രമാണ് സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ആലിയ ഭട്ട് ടൈറ്റില്‍ കഥാപാത്രമാകുന്ന ഗംഗുഭായ് കത്യാവാടി. ഫെബ്രുവരി 25 നാണ് സിനിമ റിലീസ് ചെയ്യാനിരിക്കുന്നത്. എന്നാലിപ്പോള്‍ സിനിമയുടെ പേര് മാറ്റാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് നിരവധി ഹര്‍ജികള്‍ ലഭിച്ചതിന്റെ സാഹചര്യത്തിലാണ് കോടതി ഈ നിര്‍ദ്ദേശം നല്‍കിയത്. ഹര്‍ജി വീണ്ടും അടുത്ത ദിവസം പരിഗണിക്കുമെന്നും കോടതി അറിയിച്ചിട്ടുണ്ട്. പേര് മാറ്റുന്നതിനെ കുറിച്ചുള്ള തീരുമാനം അറിയിക്കാമെന്നാണ് ബന്‍സാലി പ്രൊഡക്ഷന്‍സിന്റെ വക്കീല്‍ സിദ്ധാര്‍ത്ഥ ഡേവ് സുപ്രീം കോടതിയെ അറിയിച്ചത്.
കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തില്‍ നിരവധി തവണയാണ് ചിത്രത്തിന്റെ റിലീസ് മാറ്റി വെച്ചത്. കാമാത്തിപുരയിലെ ലൈംഗിക തൊഴിലാളിയായി തുടങ്ങി അധോലോക നേതാവായി മാറിയ ഗംഗുഭായ് യുടെ ജീവിതം പ്രമേയമാക്കിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഗംഗുഭായ് ആയി എത്തുന്നത് ആലിയ ഭട്ടാണ്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് മുംബൈയിലെ റെഡ് സ്ട്രീറ്റായ കാമത്തിപുരയിലെ ഒരു പ്രസിദ്ധമായ വേശ്യാലയത്തിന്റെ ഉടമയായിരുന്നു ഗംഗുഭായി കത്യാവാടി. എന്നാല്‍ ലൈംഗിക തൊഴിലാളികളുടെ അവകാശങ്ങള്‍ക്കും പുരോഗതിയ്ക്കും വേണ്ടി പ്രവര്‍ത്തിച്ച സ്ത്രീ കൂടിയായിരുന്നു ചുവന്ന തെരുവിന്റെ ഈ റാണി.
എസ് ഹുസൈന് സൈദിയും ജെയ്ന്‍ ബോര്‍ജസും രചിച്ച മുംബൈയിലെ മാഫിയ ക്വീന്‍സ് പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ആ പുസ്തകത്തില്‍ മാട്രിയാര്‍ക്ക് ഓഫ് കാമാത്തിപുര എന്ന അദ്ധ്യായത്തിലാണ്ഗംഗുബായ് യുടെ കഥ പറയുന്നത്.
ഗുജറാത്തില്‍ നിന്ന് കാമുകനൊപ്പം ഒളിച്ചോടിയ ഗംഗുബായ് കത്യാവാടിയെ കാമുകന് ഒരു വേശ്യാലയത്തിന് വിറ്റുവെന്നാണ് പുസ്തകത്തില്‍ പറയുന്നത്. തുടര്‍ന്ന് കാമാത്തിപുരയിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ലൈംഗിക തൊഴിലാളികളില്‍ ഒരാളായി ഗാംഗുബായ് മാറുകയായിരുന്നു.
ചിത്രത്തിന്റെ റിലീസ് നീട്ടി വെക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്കിയിരിക്കുന്നവരില് ഗംഗുഭായ് യുടെ വളര്ത്തുമകന് ബാബു റാവ്ജി ഷായും ഉള്‍പ്പെടും. ആദ്യം 2021 ജൂലൈ 30 ന് റിലീസ് ചെയ്യാനിരുന്ന ചിത്രമാണിത്. ക്രൈം ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണ് ഗംഗുഭായ് കത്യാവാടി. ചിത്രത്തില്‍ ആലിയ ഭട്ടിനെയും അജയ് ദേവ്ഗണിനെയും കൂടാതെ വിജയ് റാസ്, ഇന്ദിര തിവാരി, സീമ പഹ്വ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഇമ്രാന് ഹാഷ്മി ചിത്രത്തില്‍ അതിഥി താരമായും എത്തും. ശന്തനു മഹേശ്വരി ആദ്യമായി അഭിനയിക്കുന്ന ബോളിവുഡ് ചിത്രം എന്ന പ്രത്യേകതയും ഗംഗുഭായ്ക്ക് ഉണ്ട്.
കോടതിയുടെ നിർദ്ദേശം സംവിധായകൻ അംഗീകരിച്ചാൽ, പേര് മാറ്റത്തിന് വിധേയമാകുന്ന ബൻസാലിയുടെ ഏറ്റവും പുതിയ ചിത്രമായിരിക്കും ഇത്. ‘ഗോലിയോൻ കാ രാസ്ലീല രാം-ലീല’, ‘പത്മാവത്’ എന്നിവയുൾപ്പെടെയുള്ള തന്റെ ചിത്രങ്ങളുടെ പേരുകൾ അദ്ദേഹം മുമ്പ് മാറ്റിയിരുന്നു.






