
ചുരുങ്ങിയ കാലം പ്രേക്ഷകമനസ്സില്‍ ഇടം നേടിയ അഭിനേതാവ് സൈജു കുറുപ്പ്. സഹനടനായി തുടങ്ങി സീരിയസ് വേഷങ്ങള്‍ മാത്രമല്ല കോമഡി വേഷങ്ങളും തനിക്ക് ഇണങ്ങുമെന്ന് ഈ താരം തെളിയിച്ചിട്ടുണ്ട്. സൈജു കുറുപ്പിന്റെ നായകനാകുന്ന ഏറ്റവും പുതിയ സിനിമയാണ് ‘ഉപചാരപൂര്‍വ്വം ഗുണ്ടാ ജയന്’. ആ സിനിമ നിര്‍മ്മിക്കുന്നത് പ്രിയ നടന് ദുല്‍ഖറാണെന്ന് നേരത്തെ തന്നെ വാര്‍ത്തകളില്‍ വന്നിരുന്നു. ഇപ്പോഴിതാ ഉപചാരപൂര്‍വ്വം ഗുണ്ടജയന് എന്ന സിനിമ ദുല്‍ഖര്‍ സല്മാന് നിര്‍മ്മിക്കാനുണ്ടായ സാഹചര്യത്തെ കുറിച്ച് പറഞ്ഞ് നടന് സൈജു കുറുപ്പ്.
എങ്ങനെ എങ്കിലും തന്നെ സഹായിക്കണം എന്ന് ആവശ്യപ്പെട്ടാണ് ദുല്‍ഖറിനെ സമീപിച്ചത് എന്നാണ് സൈജു ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറയുന്നത്.
‘‘ദുല്‍ഖറിനെ പോയി കാണുമ്പോള്‍ ഞാന്‍ ആദ്യം പറഞ്ഞത് ഇങ്ങനെയൊരു സിനിമയുണ്ട് എന്നെ എങ്ങനെയെങ്കിലും സപ്പോര്‍ട്ട് ചെയ്യണം എന്നാണ്. ദുല്‍ഖര്‍ അപ്പോള്‍ തന്നെ സിനിമ ചെയ്യാമെന്ന് പറഞ്ഞു. അത് പറ്റില്ല കഥ കേള്‍ക്കണം എന്നാണ് ഞാന്‍ ദുല്‍ഖറിനോട് പറഞ്ഞത്. കഥ നല്ല പോലെ കേട്ട് നിങ്ങള്‍ക്ക് പൂര്‍ണ തൃപ്തിയുണ്ടെങ്കില്‍ മാത്രം ചെയ്താല്‍ മതിയെന്ന് പറഞ്ഞു. കഥ കേട്ടപ്പോള്‍ പുള്ളിക്ക് അത് നന്നായി ഇഷ്ടപ്പെട്ടു. സിനിമ കൂടി കണ്ട് കഴിഞ്ഞപ്പോള്‍ അതിലും സന്തോഷം. ഞങ്ങള്‍ അഞ്ച് പേര് ഇരുന്നാണ് സിനിമ കാണുന്നത്.
ഓരോ സീന്‍ വരുമ്പോളും ഞാന്‍ ദുല്‍ഖറിനെ ഇടംകണ്ണിട്ട് നോക്കും. പുള്ളി അങ്ങനെ അട്ടഹസിച്ച് ചിരിക്കുന്ന ആളല്ല. സൗണ്ട് ഒന്നും വരുന്നതും കാണുന്നില്ല. പക്ഷെ നോക്കിയപ്പോള്‍ ചിരിക്കുന്നുണ്ട്.’’ സൈജു പറഞ്ഞു നിര്‍ത്തി.
ഇന്നാണ് ‘ഉപചാരപൂര്‍വ്വം ഗുണ്ടാ ജയന്’ തിയേറ്ററിലെത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് കിട്ടിക്കൊണ്ടിരിക്കുന്നത്.






