മുംബൈ: അധോലോക ക്രിമിനല്‍ ദാവൂദ് ഇബ്രാഹിമുമായി കള്ളപ്പണ ഇടപാട് നടത്തിയെന്ന കേസില്‍ അറസ്റ്റിലായ മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിനെ ആശുപത്രിയിലേക്ക് മാറ്റി. മുംബൈയിലെ ജെ.ജെ ഹോസ്പിറ്റലിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. വൈദ്യ പരിശോധനയ്ക്കായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് മാലിക്കിനെ ആശുപത്രിയില്‍ എത്തിച്ചത്.
ബുധനാഴ്ചയാണ് മന്ത്രി അറസ്റ്റിലായത്. മാര്‍ച്ച് മൂന്നു വരെ ഇ.ഡിയുടെ കസ്റ്റഡിയിലാണ് നവാബ് മാലിക്ക്. ഏഴ് ദിവസത്തേക്കാണ് കോടതി കസ്റ്റഡി അനുവദിച്ചിരിക്കുന്നത്.
ഈ മാസം ആദ്യം ദാവൂദ് ഇബ്രാഹിമിന്റെ സഹോദരി ഹസീന പാര്‍ക്കറുടെ മുംബൈയിലെ വസതിയില്‍ ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ്. ദാവൂദുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന നിരവധി പേരുടെ വീടുകളില്‍ ഈ ദിവസങ്ങളില്‍ ഇ.ഡി റെയ്ഡ് നടന്നിരുന്നു.
അറസ്റ്റിലായതിനു പിന്നാലെ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബി.ജെ.പി രംഗത്തെത്തി. എന്നാല്‍ മന്ത്രി രാജിവയ്ക്കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ്, ശിവസേന, എന്‍.സി.പി എന്നീ കക്ഷികള്‍ ഉള്‍പ്പെടുന്ന മഹാ വികാസ് അഗാഡി മുന്നണിയുടെ തീരുമാനം.






