
‘പോപ്കോണ്‍’ എന്ന മലയാള ചിത്രത്തിലൂടെ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് സംയുക്ത മേനോന്. ടൊവിനോയ്ക്കൊപ്പം സ്ക്രീനിലെത്തിയ ‘തീവണ്ടി’യിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി സംയുക്ത മാറി. ഇതിനിടയില്‍ കൃഷ്ണ കുലശേഖരനൊപ്പം ‘കളരി’ എന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചിരുന്നു. ‘ഭീംല നായക്’ എന്ന ചിത്രത്തിലൂടെ ടോളിവുഡിലും അരങ്ങേറ്റം കുറിക്കുകയാണ് താരം. സാഗർ കെ ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഭാഗമാകുന്ന വാര്‍ത്ത താരം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ചിത്രത്തിൽ റാണ ദഗ്ഗുബതിയുടെ ഭാര്യയായാണ് താരമെത്തുന്നത്. ഇപ്പോഴിതാ ആ ചിത്രവുമായി ബന്ധപ്പെട്ട ചടങ്ങില്‍ താന്‍ ആരാധിക്കുന്ന പ്രതിഭകള്‍ക്കൊപ്പം പങ്കെടുക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം താരം സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടിരിക്കുകയാണ്.
‘‘അനുഗ്രഹിക്കപ്പെട്ടതിൽ കുറവൊന്നുമില്ല! ആദ്യം ഒരു ഫ്രെയിം പങ്കിടുക, ഒരു രംഗം പങ്കിടുക, എന്റെ ആദ്യ തെലുങ്ക് സിനിമ പങ്കിടുക, ഒടുവിൽ ഈ പ്രതിഭകൾക്കൊപ്പം ഒരു വേദി പങ്കിടുക എന്നിവ ഞാൻ ആവശ്യപ്പെടുന്നതിലും അധികമാണ്!
ഭീംല നായകിന് ഇതിനകം തന്നെ മികച്ച നിരൂപണങ്ങൾ ലഭിച്ചുകൊണ്ടിരിക്കുന്നു, ചിത്രത്തെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും നിങ്ങൾക്കെല്ലാവർക്കും ഇഷ്ടപ്പെടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു! ’’ ഇങ്ങനെ ക്യാപ്ഷന്‍ നല്കി പവന് കല്യാണിനും റാണ ദഗ്ഗുബതിയ്ക്കൊപ്പമുള്ള ചിത്രങ്ങളും താരം പങ്കിട്ടിട്ടുണ്ട്.
അർജുൻ അശോകൻ, ഇർഷാദ്, ഷൈൻ ടോം ചാക്കോ, ജാഫർ ഇടുക്കി എന്നിവർക്കൊപ്പമുള്ള ‘വുൾഫ്’ എന്ന മലയാള ചിത്രമാണ് സംയുക്തയുടേതായി അവസാനം റിലീസ് ചെയ്തത്. വരാനിരിക്കുന്ന പ്രോജക്ടുകൾ എറിഡ, കടുവ, ഗണേഷിനൊപ്പം അഭിനയിക്കുന്ന കന്നഡ അരങ്ങേറ്റ ചിത്രം ഗാലിപത 2 എന്നിവയാണ്.






