
അകാപുല്‍കോ: ഗ്രാന്സ്ലാം ടെന്നിസിലെ റെക്കോര്‍ഡിനു പിന്നാലെ എടിപി ടൂര്‍ണമെന്റിലും റാഫേല്‍ നദാലിനു കിരീടത്തിളക്കം. ബ്രിട്ടന്റെ കാമറണ്‍ നോറിയെ നേരിട്ടുളള സെറ്റുകള്‍ക്കു തോല്പിച്ച നദാല്‍ മെക്സിക്കന്‍ ഓപ്പണ്‍ ടൂര്‍ണമെന്റില്‍ ജേതാവായി (6-4, 6-4). നദാലിന്റെ കരിയറിലെ 91-ാം എടിപി കിരീടമാണിത്. ഈ വര്‍ഷം പരാജയമറിയാതെ 15-ാം മത്സരമാണ് നദാല്‍ ഇന്നലെ പൂര്‍ത്തിയാക്കിയത്.
ഓപ്പണ്‍ കാലഘട്ടത്തിലെ കൂടുതല്‍ എടിപി കിരീടങ്ങളില്‍ നാലാം സ്ഥാനക്കാരനായ നദാലിന് മൂന്നാം സ്ഥാനത്തുള്ള ഇവാന് ഡെലിനൊപ്പമെത്താന് ഇനി 3 കിരീടങ്ങള്‍ കൂടി മതി. ജിമ്മി കോണേഴ്സ് (109) റോജര്‍ ഫെഡറര്‍ (103) എന്നിവരാണ് മുന്നില്‍. മെക്സിക്കന്‍ ഓപ്പണില്‍ ജേതാവാകുന്ന പ്രായം കുറഞ്ഞ താരമായ നദാല്‍ ഇന്നലെ പ്രായം കൂടിയ താരമെന്ന റെക്കോര്‍ഡും സ്വന്തമാക്കി. 2005ല്‍ 15-ാം വയസ്സിലാണ് ഇവിടെ ആദ്യം വിജയിച്ചത്.



