
ദുല്‍ഖര്‍ സല്‍മാന്റെ ഏറ്റവും പുതിയ ചിത്രം ഹേയ് സിനാമിക നാളെ തിയറ്ററിലെത്തുകയാണ്. അദിതി റാവു ഹൈദരിയും കാജല്‍ അഗര്‍വാളുമാണ് ചിത്രത്തില്‍ നായികമാരായെത്തുന്നത്. ചിത്രം റിലീസിനൊരുങ്ങുമ്പോള്‍ മറ്റൊരു കാര്യം കൂടി ചര്‍ച്ചയാവുകയാണ്.
മലയാളത്തില്‍ 16 വര്‍ഷങ്ങള്‍ക്ക് മുമ്പ് അദിതി മമ്മൂട്ടിയ്ക്കൊപ്പം എത്തിയിരുന്നു. ഇന്ന് അദ്ദേഹത്തിന്റെ മകന് ദുല്‍ഖര്‍ സല്‍മാന്റെയും നായികയായിരിക്കുകയാണ്. മറ്റാര്‍ക്കും കിട്ടാത്ത വലിയൊരു ഭാഗ്യമാണ് താരത്തെ തേടിയെത്തിയിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനോടകം ഹിറ്റായി കഴിഞ്ഞു. അതോടെയാണ് പ്രജാപതിയെക്കുറിച്ചുളള ചര്‍ച്ചകളും തുടങ്ങിയത്.
പ്രജാപതിയില് മമ്മൂട്ടിയ്ക്കൊപ്പം അഭിനയിക്കുമ്പോള്‍ അദിതിയുടെ പ്രായം പത്തൊമ്പത് വയസായിരുന്നു. ഇന്നിപ്പോള്‍ മുപ്പത്തിയഞ്ചിന്റെ തിളക്കത്തിലാണ് താരം. പക്ഷേ അന്നും ഇന്നും കാഴ്ചയില്‍ അദിതിക്ക് കാര്യമായ മാറ്റങ്ങളില്ല. ഡാന്‍സും യോഗയും തന്നെയാണ് താരത്തിനെ ഇന്നും ഇരുപതിന്റെ പ്രസരിപ്പില്‍ നിലനിര്‍ത്തുന്നത്. കൊറിയോഗ്രാഫര്‍ ബൃന്ദാമാസ്റ്റര് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹേയ് സിനാമിക.






