
വ്യത്യസ്തമായ വിഭവങ്ങള്‍ തയ്യാറാക്കി തെരുവിലും ഉന്തുവണ്ടിയിലും തട്ടുകടയിലുമൊക്കെ വില്‍ക്കുന്ന ഒട്ടേറെപ്പേരുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാറുണ്ട്. അവയില്‍ ഭൂരിഭാഗവും സോഷ്യല്‍ മീഡിയ ഏറ്റെടുക്കാറുമുണ്ട്. ഇവരെ സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെടുത്തുന്നത് മിക്കവാറും ഫുഡ് വ്ളോഗര്‍മാരായിരിക്കും.
സൈക്കിളില്‍ 100-ല്‍ പരം ദോശകള്‍ വില്‍ക്കുന്ന കച്ചവടക്കാരന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്. തിങ്ക്സ്ടുഈറ്റിങ്മുംബൈ എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സൈക്കിളില്തന്നെയാണ് അടുപ്പും മാവും ദോശ ഉണ്ടാക്കാനുള്ള മറ്റ് ചേരുവകകളും സൂക്ഷിച്ചിരിക്കുന്നത്. മുംബൈയിലെ മാലാഡില്‍ കഴിഞ്ഞ 27 വര്‍ഷമായി സൈക്കിളില്‍ ദോശവില്ക്കുന്നതാണ് ഇദ്ദേഹമെന്ന് വീഡിയോയില്‍ പറയുന്നു.
ഏഴര ലക്ഷത്തിന് അടുത്ത് ആളുകളാണ് വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത്. 70,000-ല്‍ പരം ആളുകള്‍ വീഡിയോ ലൈക്ക് ചെയ്തിട്ടുണ്ട്. ദൈവം അദ്ദേഹത്തെ അനുഗ്രഹിക്കട്ടെയെന്നും അദ്ദേഹത്തിന്റെ കഠിനാധ്വാനം കൂടുതല്‍ വിജയങ്ങള്‍ സ്വന്തമാക്കാന്‍ ഇടവരുത്തട്ടെയെന്നും ഒരാള്‍ വീഡിയോയ്ക്ക് കമന്റ് നല്കി. അദ്ദേഹം ഞങ്ങളുടെ വീടിന് സമീപം ദോശവില്ക്കാന് വരാറുണ്ടെന്നും നല്ല ഭക്ഷണമാണ് അദ്ദേഹം വില്‍ക്കുന്നതെന്നും മറ്റൊരാള്‍ പറഞ്ഞു.






