വിപണിയില്‍ എത്തിയ നാള് മുതല്‍ മികച്ച സ്വീകാര്യത ലഭിച്ച സ്കൂട്ടറാണ് ടിവിഎസ് എന്‍ടോര്‍ഖ് 125. മുതിര്‍ന്ന പൗരന്മാര്ക്കും ഭിന്നശേഷിക്കാര്‍ക്കും യാത്ര ചെയ്യുന്നത് എളുപ്പമാക്കുന്നതിനായി എന്‍ടോര്‍ഖ് 125-ന് ഔദ്യോഗിക റെട്രോ ഫിറ്റ്മെന്റ് കിറ്റ് അവതരിപ്പിച്ചിരിക്കുകയാണ് ടിവിഎസ്. 11,249 രൂപ വിലയുള്ള ഇതില്‍ ഒരു ജോടി സെല്‍ഫ് ബാലന്‍സിംഗ് സപ്പോര്‍ട്ട് വീലുകളാണ് കമ്പനി ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിലയില്‍ 10 ശതമാനം കിഴിവ് ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.
എളുപ്പത്തില്‍ അസംബ്ലി ചെയ്യുന്നതിനും നീക്കം ചെയ്യുന്നതിനുമായി കിറ്റില്‍ ആറ് മൗണ്ടിംഗ് പോയിന്റുകള്‍ അടങ്ങിയിരിക്കുന്നു. ദുര്‍ഘടമായ റോഡിലൂടെയുള്ള യാത്ര സുഗമമാക്കാന്‍ സപ്പോര്‍ട്ട് വീലുകള്‍ സ്വതന്ത്ര സ്പ്രിംഗുകള്‍ വാഗ്ദാനം ചെയ്യുന്നു. ബ്രാന്‍ഡ് നിരയില്‍ നിന്നുള്ള പെപ് പ്ലസ്, സെറ്റ്, XL100 തുടങ്ങിയ മറ്റ് സ്കൂട്ടറുകള്‍ക്കും മോപ്പഡുകള്‍ക്കുമൊപ്പം കിറ്റ് ലഭ്യമാണ്.
എയര്‍ കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍, റേസ്-ട്യൂണ്‍ഡ് ഫ്യൂവല്‍ ഇഞ്ചക്ഷന് (RT-Fi) 124 സിസി എഞ്ചിനാണ് എന്‍ടോര്‍ഖ് 125 സ്കൂട്ടറിന് കരുത്തേകുന്നത്. ഇത് 7,000 rpm-ല്‍ പരമാവധി 9.1 bhp കരുത്തും 5,500 rpm-ല്‍ 10.5 Nm പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. വേരിയന്റിനെ ആശ്രയിച്ച് നിരവധി കളര്‍ സ്കീമുകളില്‍ സ്കൂട്ടര്‍ വാഗ്ദാനം ചെയ്യുന്നു. ഇതില്‍ മാറ്റ് റെഡ്, മെറ്റാലിക് ഗ്രേ, മെറ്റാലിക് റെഡ്, മെറ്റാലിക് ബ്ലൂ എന്നിവ ഉള്‍പ്പെടുന്നു. റെഡ്-ബ്ലാക്ക്, യെല്ലോ-ബ്ലാക്ക് എന്നീ നിറങ്ങളില്‍ റേസ് എഡിഷന് ലഭ്യമാണ്. ഹോണ്ട ആക്ടിവ 125, യമഹ റേ-ZR125, അപ്രീലിയ 125, സുസുക്കി അവെനിസ് 125 എന്നിവയ്ക്കെതിരെയാണ് ടിവിഎസ് എന്‍ടോര്‍ഖ് 125 മത്സരിക്കുന്നത്.






