
സംഗീതസംവിധായകൻ കൈലാസ് മേനോന്റെ മകൻ സമന്യു രുദ്ര സമൂഹമാധ്യമങ്ങളിൽ താരമാണ്. അച്ഛൻ പങ്കുവെയ്ക്കുന്ന ചിത്രങ്ങളിലൂടെയും വീഡിയോകളിലൂടെയും ഈ കുഞ്ഞാവ സുപരിചിതനാണ്. ഇപ്പോഴിതാ തന്നെ ‘കട്ടപ്പ’ കടിച്ചുവെന്നാണ് കുഞ്ഞു രുദ്ര പറയുന്നത്. കുഞ്ഞാവയെ ആരാ ഇന്നലെ കടിച്ചതെന്ന് അച്ഛൻ ചോദിക്കുമ്പോൾ ‘കട്ടപ്പ’യെന്ന നിസംശയം പറയുകയാണ് കുഞ്ഞാവ. കട്ടുറുമ്പിനെയാണ് രുദ്ര കട്ടപ്പയെന്നു വിളിയ്ക്കുന്നത്.
‘കട്ടപ്പ കടിച്ചു ഗുയ്സ്’ എന്ന കുറിപ്പോടെ കൈലാസ് മേനോൻ പങ്കുവെച്ച വീഡിയോയ്ക്ക് രസകരമായ നിരവധി കമന്റുകളാണ് വരുന്നത്. സമന്യു ജനിച്ചപ്പോൾ മുതലുള്ള വിശേഷങ്ങൾ കൈലാസ് മേനോൻ ആരാധകരുമായി പങ്കുവെയ്ക്കാറുമുണ്ട്. എപ്പോഴും സന്തോഷത്തോടും നിറഞ്ഞചിരിയോടെയും കാണുന്ന ഈ ക്യൂട്ട് വീഡിയോകൾക്ക് നിറയെ ആരാധകരുമുണ്ട്.
2020 ഓഗസ്റ്റ് 17നാണ് കൈലാസിനും ഭാര്യ അന്നപൂർണ ലേഖ പിള്ളയ്ക്കും കുഞ്ഞ് പിറന്നത്. സമന്യു രുദ്ര എന്ന കൗതുകകരമായ പേരിനു പിന്നിലെ രഹസ്യം കൈലാസ് വെളിപ്പെടുത്തിയിരുന്നു. സമന്യു, രുദ്ര എന്നിവ ശിവന്റെ പേരുകളാണ്. ഒരേ മനസ്സുള്ളവർ എന്നാണ് സമന്യു എന്ന വാക്കിന്റെ അര്‍ഥം. ദുരിതത്തിന്റെയും തിന്മയുടെയും അന്തകൻ എന്നാണ് രുദ്രയുടെ അർഥം.






