
ഗുരുവായൂർ: നടി നവ്യാനായർ ഗുരുവായൂർ നഗരസഭയുടെ ശുചിത്വ അംബാസഡറാകും. ബുധനാഴ്ച ചേർന്ന കൗൺസിൽ യോഗത്തിലാണ് നവ്യയുടെ പേര് ചെയർമാൻ എം. കൃഷ്ണദാസ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
‘ശുചിത്വനഗരം, ശുദ്ധിയുള്ള ഗുരുവായൂർ’ എന്ന സന്ദേശം നാടൊട്ടുക്ക് പ്രചരിപ്പിക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി നഗരസഭയുടെ മാലിന്യസംസ്കരണപദ്ധതികൾ കൂടുതൽ പുരോഗതിയിലേക്ക് എത്തിക്കുമെന്ന് ചെയർമാൻ പറഞ്ഞു.
രഞ്ജിത്തിന്റെ സംവിധാനത്തിൽ 2002ൽ പുറത്തിറങ്ങിയ നന്ദനം നവ്യയെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി മാറ്റിയ ചിത്രമാണ്. ഗുരുവായൂരപ്പന്റെ കടുത്ത ഭക്തയായ ബാലാമണി എന്ന കഥാപാത്രത്തെയാണ് നവ്യ ചിത്രത്തിൽ അവതരിപ്പിച്ചത്.
വി.കെ പ്രകാശിന്റെ സംവിധാനത്തിലൊരുങ്ങുന്ന ഒരുത്തീയാണ് നവ്യയുടെ ഏറ്റവും പുതിയ ചിത്രം. സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവയൊരുക്കുന്നത് എസ്.സുരേഷ്ബാബുവാണ്. ‘ദി ഫയർ ഇൻ യു’ എന്ന ടാഗ്ലൈനോടെയാണ് സിനിമ എത്തുന്നത്. മികച്ച നടിക്കുള്ള ജെ സി ഡാനിയൽ ഫൗണ്ടേഷൻ ഫിലിം അവാർഡ് 2020, 12-ാമത് ഭരത് മുരളി ചലച്ചിത്ര അവാർഡ് 2020, ഗാന്ധിഭവൻ ചലച്ചിത്ര അവാർഡ് 2020 എന്നിവ നവ്യാ നായർക്ക് നേടിക്കൊടുത്ത ചിത്രം കൂടിയാണ് ഒരുത്തീ.






