
മലയാളത്തിന്റെ പ്രിയ ഗായകന് പി. ജയചന്ദ്രന് ഇന്ന് പിറന്നാള്‍. ഭാവഗായകന് പിറന്നാള്‍ സമ്മാനമായി ഒരു പാട്ടുതന്നെ നല്‍കിയതിന്റെ സന്തോഷത്തിലാണ് അദ്ദേഹത്തിന്റെ കൂട്ടുകാരന് ബാലു ആര്. നായര്‍. ആരും അലിഞ്ഞുപോകുന്ന സ്വരം. ഹൃദയത്തില്‍ തൊടുന്ന ആലാപന സൗന്ദര്യം. ജയചന്ദ്രഗാനത്തില് അറിയാതെ അലിഞ്ഞവരില് അദ്ദേഹത്തിന്റെ ആത്മസുഹൃത്ത് ബാലു ആര്.നായരുമുണ്ട്. അടുത്തിരിക്കുന്ന നിമിഷങ്ങളില്‍ ബാലു സ്വയം എഴുതിപ്പാടുന്ന പാട്ട്. അത് പ്രിയ ഗായകാ എന്ന പേരില്‍ ആസ്വാദകരിലേക്കെത്തിയത് ജയചന്ദ്രന്റെ പിറന്നാള്‍ ദിനത്തില്‍തന്നെ. ജയചന്ദ്രന്റെ പാലിയം തറവാട്ടിലായിരുന്നു ചിത്രീകരണം. പക്ഷേ പാട്ടുചിത്രീകരിക്കുന്ന കാര്യം ഗായകന് അറിഞ്ഞതേയില്ല.
ചിത്ര അരുണും ഗോപന് സ്വരത്രയയും ആണ് ഗാനം ചിട്ടപ്പെടുത്തിയത്. മധു ബാലകൃഷ്ണനൊപ്പം ആലാപനത്തിലും ചിത്ര അരുണ്‍ പങ്കാളിയായി. സമൂഹമാധ്യമങ്ങളിലൂടെ നടന് സുരേഷ് ഗോപിയാണ് ആല്‍ബം പ്രകാശനം ചെയ്തത്. മനോരമ മ്യൂസിക്കിന്റെ യൂട്യൂബ് ചാനലിലൂടെ സംഗീതപ്രേമികള്‍ക്ക് ഗാനം ആസ്വദിക്കാം. പി. ജയചന്ദ്രന് ആലപിച്ച കര്‍ണാടിക് ഗാനങ്ങള്‍ കഴിഞ്ഞ പിറന്നാളിന് പുറത്തിറക്കിയതും ബാലു ആര് നായരുടെ സംവിധാനത്തിലായിരുന്നു.






