
നമ്മളെ വലയ്ക്കുന്ന ഒരു രോഗമാണ് 'കിഡ്നി സ്റ്റോണ്‍' അഥവാ 'മൂത്രത്തില്‍ കല്ല്'. കാല്‍സ്യം, യൂറിക് ആസിഡ് എന്നിവ അടങ്ങിയ ധാതുക്കളുടെയും ഉപ്പിന്റെയും ശേഖരമാണ് വൃക്കയിലെ കല്ലുകളായി രൂപപ്പെടുന്നത്. ഇവ സാധാരണയായി കട്ടി കൂടുതല്‍ ഉള്ളവയാണ്. ശരീരത്തിലെ ചില തരം ധാതുക്കള്‍ നിങ്ങളുടെ മൂത്രത്തില്‍ അടിഞ്ഞു കൂടുമ്പോള്‍ ആണ് വൃക്കയ്ക്കുള്ളില്‍ ഇത്തരം കല്ലുകള്‍ രൂപം കൊള്ളുന്നത്. യുവാക്കളിലാണ് ഈ പ്രശ്നം കൂടുതലായി കണ്ടു വരുന്നത്.
വെള്ളത്തിന്റെ അളവ് കുറയുന്നതാണ് കിഡ്നി സ്റ്റോണ്‍ ഉണ്ടാകുന്നതിന് പ്രധാന കാരണമായി പറയുന്നത്. മൂത്രം ഒഴിക്കാന്‍ തോന്നിയാല്‍ പിടിച്ചു നിര്‍ത്തുന്ന രീതിയും കിഡ്നി സ്റ്റോണ്‍ ഉണ്ടാകാന്‍ കാരണമാകുമെന്ന് അമേരിക്കന്‍ യൂറോളജിക്കല്‍ അസോസിയേഷന് വ്യക്തമാക്കുന്നു. രക്തത്തിലെ മാലിന്യങ്ങളും ദ്രാവകങ്ങളും അരിച്ചെടുത്ത് അവ മൂത്രത്തിലൂടെ പുറത്തു വിടാന്‍ ശരീരത്തെ സഹായിക്കുന്ന അവയവമാണ് വൃക്കകള്‍. വൃക്കയിലെ കല്ലുകള്‍ വൃക്ക തകരാര്‍ ഉണ്ടാക്കാം.
അമിതവണ്ണമാണ് മറ്റൊരു കാരണം. വണ്ണം കൂടിയ പല ആളുകളിലും വൃക്കയില്‍ കല്ല് കണ്ട് വരുന്നു. മൂത്രത്തില്‍ രക്തം കാണപ്പെടുന്നത് വൃക്കയില്‍ കല്ലുണ്ട് എന്നതിന്റെ മറ്റൊരു ലക്ഷണമാണ്. മൂത്രത്തിന് ചുവപ്പ്, പിങ്ക് അല്ലെങ്കില്‍ തവിട്ട് നിറം കാണുന്നുണ്ടെങ്കില്‍ ഉടന്‍ തന്നെ ഒരു ഡോക്ടറെ കണ്ട് പരിശോധന നടത്തുക. അതികഠിനമായ വയറുവേദന, ഛര്‍ദ്ദി എന്നിവയെല്ലാം കിഡ്നി സ്റ്റോണിന്റെ ലക്ഷണങ്ങളാണ്. മൂത്രമൊഴിക്കുന്ന സമയത്ത് വേദന, പുകച്ചില്‍, ഇടയ്ക്കിടെ മൂത്രം ഒഴിക്കണമെന്ന തോന്നല്‍ മൂത്രത്തില്‍ രക്തത്തിന്റെ അംശം കാണുക എന്നിവയും ഉണ്ടായേക്കാം.
സമയത്ത് കണ്ടെത്തുകയും ചികിത്സിക്കുകയും ചെയ്തില്ലെങ്കില്‍ വൃക്കകളിലെ കല്ലുകള്‍ വൃക്ക രോഗത്തിലേക്കും അവയുടെ നാശത്തിനും കാരണമാകാം. ഭക്ഷണത്തില്‍ ആരോഗ്യകരമായ തോതില്‍ മാഗ്നിഷ്യം ഉള്‍പ്പെടുത്തുന്നത് കിഡ്നി സ്റ്റോണ്‍ നിയന്ത്രിക്കാന്‍ ഫലപ്രദമാണ്. മത്തങ്ങക്കുരു, ചീര, മുരിങ്ങയില, ബദാം, കശുവണ്ടിപ്പരിപ്പ് തുടങ്ങിയവയില്‍ മാഗ്നിഷ്യം ധാരാളമായി അടങ്ങിയിരിക്കുന്നു.






