കാനഡയിലെ ബിസിനസുകാരനായ വിന്‍സന്റെ യു റോള്‍സ് റോയ്സിന്റെ ആഡംബര കൂപ്പെയായ റെയ്ത്തിന്റെ വൈദ്യുത വാഹന പതിപ്പ് സ്വന്തമായി നിര്‍മ്മിച്ചിരിയ്ക്കുകയാണ്. ഒറ്റ ചാര്‍ജില്‍ 500 കിലോമീറ്റര്‍ പിന്നിടാന്‍ തന്റെ റെയ്ത്ത് ഇവിക്ക് സാധിക്കുമെന്നാണ് യു പറയുന്നത്. വിദ്യാര്‍ഥിനിയായ മകളുടെ ചോദ്യമാണു റോള്‍സ് റോയ്സ് റെയ്ത്തിനെ വൈദ്യുത വാഹനമാക്കി മാറ്റാനുള്ള ദൗത്യത്തിനു പ്രേരണയായതെന്നാണ് യു പറയുന്നത്.
ധനാഢ്യനെന്നു ബോധ്യപ്പെടുത്താനായി പരിസരം മലിനമാക്കുന്ന ആഡംബര കാറോടിച്ചു പോകുന്നതിനെ യുവിന്റെ മകള്‍ വിമര്‍ശിച്ചു. തുടര്‍ന്നാണ് റെയ്ത്തിനെ മലിനീകരണ വിമുക്തമാക്കാനുള്ള ശ്രമം തുടങ്ങിയതെന്നാണ് യു പറയുന്നത്. റെയ്ത്തിന്റെ വൈദ്യുത വാഹന പതിപ്പ് യാഥാര്‍ഥ്യമാക്കാന്‍ യു നാല് വര്‍ഷം സമയമെടുത്തു. സമയനഷ്ടത്തിനും ധനനഷ്ടത്തിനും പുറമെ യുവിന്റെ വാഹനഭ്രാന്തില് മനം മടുത്ത് ഭാര്യയും അദ്ദേഹത്തെ ഉപേക്ഷിച്ചു പോയി. ഫണ്ട് തികയാതെ വന്നതോടെ സ്വന്തം വീട് വിറ്റാണ് യു പണം കണ്ടെത്തിയത്. അവസാനം യു തന്റെ ലക്ഷ്യത്തില്‍ എത്തിച്ചേരുകയായിരുന്നു.
ഒറ്റ ചാര്‍ജില്‍ കാര്‍ 500 കിലോമീറ്റര്‍ ഓടുമെന്നതാണ് ഈ റെയ്ത്ത് ഇവിയുടെ പ്രധാന സവിശേഷത. മുമ്പ് കാറില്‍ പെട്രോള്‍ നിറയ്ക്കാന്‍ 94.39 ഡോളര്‍(ഏകദേശം 7,086 രൂപ) വേണ്ട സ്ഥാനത്ത് വൈദ്യുതിക്കുള്ള ചെലവ് വെറും 6.29 ഡോളര്‍(ഏകദേശം 472 രൂപ) മാത്രമാണെന്നു യു അവകാശപ്പെടുന്നു. സ്വന്തം അനുഭവത്തിന്റെ പിന്‍ബലത്തില്‍ പെട്രോള്‍ എന്‍ജിനുള്ള കാറുകളുടെ വൈദ്യുത പതിപ്പ് ഒരുക്കാനായി കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലുള്ള റിച്ച്മണ്ടില്‍ മാഴ്സ് പവര്‍ എന്ന സ്ഥാപനവും യു ആരംഭിച്ചിട്ടുണ്ട്.






