ആള്‍ട്രോസില്‍ വരാനിരിക്കുന്ന ഡിസിടി ഗിയര്‍ബോക്സ് ഓപ്ഷന്റെ ടീസര്‍ വീഡിയോ പുറത്തു വിട്ട് ടാറ്റ മോട്ടോര്‍സ്. ഉടന്‍ തന്നെ ആള്‍ട്രോസ് ഓട്ടോമാറ്റിക് നിരത്തിലെത്തും. അതിന്റെ ഭാഗമായി മോഡലിനായുള്ള ബുക്കിംഗ് ഔദ്യോഗികമായി ആരംഭിച്ചതായി ടാറ്റ പ്രഖ്യാപിച്ചു. ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി ആള്‍ട്രോസിലെ ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷനെ ഡിസിഎ എന്ന് വിളിക്കുമെന്ന് ടാറ്റ വെളിപ്പെടുത്തിയിട്ടുണ്ട്. ഡിസിഎ എന്നാല്‍ ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് എന്നാണ് അര്‍ഥമാക്കുന്നത്.
1.2 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനിലാണ് ഈ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷന് കമ്പനി വാഗ്ദാനം ചെയ്യുക. 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനും 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനും പിന്നീടുള്ള ഘട്ടത്തിലാവും ഇത് വിപുലീകരിക്കുക. ആള്‍ട്രോസിലെ 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ യൂണിറ്റ് പരമാവധി 85 bhp കരുത്തില്‍ 113 Nm torque വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. അതേസമയം പ്രീമിയം ഹാച്ച്ബാക്കിലെ 1.5 ലിറ്റര്‍ ഓയില്‍ ബര്‍ണര്‍ 89 bhp പവറില്‍ 200 Nm torque വികസിപ്പിക്കുമ്പോള്‍ 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന് പരമാവധി 109 bhp കരുത്തും 140 Nm torque ഉം ഉത്പാദിപ്പിക്കാന്‍ പ്രാപ്തമാണ്. നിലവില്‍ മൂന്ന് എഞ്ചിന് ഓപ്ഷനുകളും സ്റ്റാന്‍ഡേര്‍ഡായി 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്.
ആള്‍ട്രോസിലെ ഡിസിടി ഗിയര്‍ബോക്സ് XT, XZ, XZ+ വേരിയന്റുകളില്‍ ലഭിക്കും. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയില്‍ 7 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ക്രൂയിസ് കണ്ട്രോള്, സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ആംബിയന്റ് ലൈറ്റിംഗ് ഓട്ടോമാറ്റിക് ഹെഡ്ലൈറ്റുകള് എന്നീ സവിശേഷതകളെല്ലാം ഇവയില്‍ കാണും. സുരക്ഷാ സവിശേഷതകളില്‍ ഇരട്ട ഫ്രണ്ട് എയര്‍ബാഗുകള്‍, ISOFIX ചൈല്‍ഡ് സീറ്റ് ആങ്കറുകള്‍, പിന് പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവ സ്റ്റാന്‍ഡേര്‍ഡ് ഫിറ്റ്മെന്റായി ഉള്‍പ്പെടുന്നു.
നിലവില്‍, XE, XE+, XM+, XT, XZ, XZ (O), XZ+ എന്നിങ്ങനെ ഏഴ് വകഭേദങ്ങളില്‍ ടാറ്റ ആള്‍ട്രോസ് ലഭ്യമാണ്. അവയുടെ എക്സ്ഷോറൂം വില 5.99 ലക്ഷം മുതല്‍ 9.69 ലക്ഷം രൂപ വരെയാണ്. ഡിടിസി ഓട്ടോമാറ്റിക് പ്രീമിയം ഹാച്ച്ബാക്കില്‍ പുതിയ ഒപെല്‍ ബ്ലൂ കളര്‍ ഓപ്ഷനും ബ്രാന്‍ഡ് അവതരിപ്പിക്കും. ആള്‍ട്രോസ് ഓട്ടോമാറ്റിക് മോഡലിനായുള്ള ഡെലിവറി 2022 മാര്‍ച്ച് പകുതി മുതല്‍ ആരംഭിക്കുമെന്നാണ് കമ്പനി വൃത്തങ്ങള്‍ നല്കുന്ന സൂചന.






