
അമേരിക്കന്‍ സംസ്ഥാനമായ മിഷിഗണിലെ ഏറ്റവും പ്രശസ്തമായ ജലാശയങ്ങളിലൊന്നാണ്, കിച്ച് ഇതി കിപി തടാകം. തെളിഞ്ഞ ദിനങ്ങളില്‍, മനോഹരമായ ഈ ജലാശയത്തിന്റെ അടിത്തട്ടു വരെ കാണാനാവുന്നതിനാല്‍ സ്വര്‍ഗ്ഗത്തിന്റെ കണ്ണാടി എന്നും പ്രദേശവാസികള്‍ ഈ തടാകത്തിനെ വിളിയ്ക്കുന്നു. മിഷിഗണിലെ ഏറ്റവും വലിയ പ്രകൃതിദത്ത ശുദ്ധജല നീരുറവയാണ് ഇത്. ഇപ്പോള്‍ 300 ഏക്കറിലധികം സ്ഥലത്തായാണ് ഈ തടാകപ്രദേശം വ്യാപിച്ചു കിടക്കുന്നത്.
കിച്ച് ഇതി കിപിയുടെ സമീപപ്രദേശങ്ങളില്‍ ആദ്യകാലത്ത് വസിച്ചിരുന്നത് ഒജിബ്വെ ഗോത്രക്കാരായിരുന്നു. ഈ ജലാശയത്തിലുള്ള ജലത്തിന് നിഗൂഢമായ ഗുണങ്ങളും രോഗശാന്തി ശക്തിയും ഉണ്ടെന്ന് അവര്‍ വിശ്വസിച്ചിരുന്നു. വിവിധ ധാതുക്കള്‍ കലര്‍ന്ന ഈ വെള്ളം അവര്‍ ടോണിക്കുകളായും ആചാരങ്ങളിലും ഉപയോഗിച്ചു. പലരും ഇതിനെ ഒരു പുണ്യസ്ഥലമായി ആരാധിക്കുകയും ചെയ്തിരുന്നു.
ദീര്‍ഘവൃത്താകൃതിയിലാണ് ഈ തടാകമുള്ളത്. ഏകദേശം 40 അടി ആഴമുണ്ട്. ചുണ്ണാമ്പു കല്ലാണ് ഈ പ്രദേശത്തെങ്ങും ഉള്ളത്. ചുണ്ണാമ്പുകല്ലിലെ വിള്ളലുകളില്‍ നിന്ന് വരുന്ന ഉറവയാണ് ജലാശയത്തില്‍ നിറയുന്നത്. അടുത്തുള്ള ഇന്ത്യന്‍ തടാകവുമായി ഒരു ഭൂഗര്‍ഭ അരുവി വഴി ഈ തടാകം ബന്ധപ്പെട്ടിരിക്കുന്നു. ഒരു മിനിറ്റില്‍ 10,000 യുഎസ് ഗാലന് ജലം ഇങ്ങനെ കിച്ച് ഇതി കിപി തടാകത്തിലേക്ക് ഒഴുകി വരുന്നു എന്നാണ് കണക്ക്. മാത്രമല്ല, ഈ ജലത്തിന് സ്ഥിരമായി 45 °F (7 °C) താപനിലയുമുണ്ട്.
ഈ താപനില കാരണം കടുത്ത ശൈത്യകാലത്ത് പോലും ഇവിടുത്തെ വെള്ളം തണുത്തുറയുന്നില്ല. അതുകൊണ്ടു തന്നെ മഞ്ഞുകാലമാണ് ഇവിടം ഏറ്റവും ആകര്‍ഷണീയമാകുന്നത്. ചുറ്റുമുള്ള പ്രദേശങ്ങളില്‍ സ്നോഷൂയിങ്ങും ക്രോസ് കണ്ട്രി സ്കീയിംഗുമെല്ലാം ചെയ്യുന്ന സഞ്ചാരികള്‍ തടാകക്കാഴ്ച കാണാന്‍ ഈ സമയത്ത് എത്തുന്നു. ബിഗ് സ്പ്രിങ് എന്നു കൂടി പേരുള്ള ഈ ജലാശയത്തിനും ഇന്ത്യന്‍ തടാകത്തിനും ഇടയില്‍ സഞ്ചരിക്കുന്ന മഞ്ഞ പെര്ച്ചും മറ്റ് സ്പീഷീസുകളും ചിലപ്പോള്‍ കാണാറുണ്ട്. തടാകത്തിന്റെ പ്രത്യേക താപനില കാരണം ഇവിടെ സന്ദര്‍ശകര്‍ക്ക് നീന്തല്‍ നിരോധിച്ചിട്ടുണ്ട്. പകരം സന്ദര്‍ശകര്‍ക്ക് പ്രത്യേകം തയറാക്കിയ ചങ്ങാടത്തില്‍ കയറി തടാകത്തിലൂടെ യാത്ര ചെയ്യാം.






