
ഹെലികോപ്റ്ററില്‍ തൂങ്ങിക്കിടന്ന് പുള്‍ അപ്പ് ചെയ്ത് ഗിന്നസ് റെക്കോര്‍ഡ് സ്ഥാപിച്ച യുവാവിന്റെ വീഡിയോ കഴിഞ്ഞ ദിവസം ശ്രദ്ധേയമായിരുന്നു. മറ്റൊരു ഗിന്നസ് റെക്കോര്‍ഡാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സിന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പോളണ്ടില്‍ നിന്നുള്ള ഒരാള്‍ ഐസ് നിറച്ച ബോക്സിനുള്ളില്‍ മൂന്ന് മണിക്കൂറിലധികം സമയം ചെലവഴിച്ച് റെക്കോര്‍ഡ് സൃഷ്ടിച്ചതാണ് കാണാന്‍ സാധിയ്ക്കുന്നത്.
പോളണ്ടില്‍ നിന്നുള്ള വാലര്ജന് റൊമാനോവ്സ്കി എന്നയാളാണ് ഐസ് നിറച്ച ബോക്സിനുള്ളില്‍ മൂന്ന് മണിക്കൂറിലധികം സമയം ചിലവഴിച്ചത്. വീഡിയോയില്‍ വാലര്ജന് റൊമാനോവ്സ്കി ഐസ് നിറച്ച ഒരു പെട്ടിക്കുള്ളില്‍ ഇരിക്കുന്നത് കാണാം. ശേഷം സംഘാടകര്‍ അയാളെ മൂടുന്ന വിധം ഐസുകള്‍ നിറയ്ക്കുന്നു. ഈ ശ്രമം അമ്പരപ്പോടെ നോക്കി നില്ക്കുന്ന ആളുകളെയും വീഡിയോയില്‍ കാണാം. ഇതേ ശ്രമത്തിന്റെ അവസാന റെക്കോര്‍ഡ് 2 മണിക്കൂര്‍, 35 മിനിറ്റ്, 33 സെക്കന്‍ഡ് ആയിരുന്നു. എന്നാല്‍ 3 മണിക്കൂര്‍ 28 സെക്കന്‍ഡ് പിന്നിട്ടു കൊണ്ട് റൊമാനോവ്സ്കി അതിനെ മറികടന്നതും വീഡിയോയില്‍ കാണിക്കുന്നുണ്ട്.
ഈ ലോക റെക്കോര്‍ഡ് കൈവരിക്കാനുള്ള പരിശീലനത്തിനായി അദ്ദേഹം ആറു മാസമാണ് ചെലവഴിച്ചത്. '' വര്‍ഷങ്ങളായി മനുഷ്യ ശരീരത്തിന്റെ അസാധ്യ കഴിവുകളെക്കുറിച്ച് ഗവേഷണം നടത്തുകയാണ്. ശരീരത്തിന്റെയും മനസ്സിന്റെയും സാധ്യതകള്‍ നമ്മള് കരുതുന്നതിനേക്കാള്‍ അപ്പുറമാണ്. എന്റെ മനസ്സിനും ശരീരത്തിനും വേണ്ടിയാണ് ഞാന്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. അത് എനിക്ക് വലിയ സംതൃപ്തി നല്കുന്നു. ഞാന്‍ മഞ്ഞിലും മഞ്ഞു മൂടിയ വെള്ളത്തിലും തണുത്തുറഞ്ഞ വായുവിലും പരിശീലനം നേടി. വീട്ടില്‍ ഞാന്‍ തണുത്ത വെള്ളത്തിലാണ് കുളിക്കുന്നത്. പരിശീലന സമയത്ത് ഞാന്‍ 90 മിനിറ്റ് വരെ ഐസില്‍ ചെലവഴിച്ചിരുന്നു. ഈ കഴിവില്‍ പ്രാവീണ്യം നേടിയതിന്റെ അടയാളമാണ് എന്റെ ലോക റെക്കോര്‍ഡ് ''- റൊമാനോവ്സ്കി ജിഡബ്ല്യുആറിനോട് പറഞ്ഞു.
തന്റെ ഓരോ റെക്കോര്‍ഡുകളും ക്യാന്‍സര്‍ ബാധിച്ച ആളുകള്‍ക്ക് വേണ്ടി അദ്ദേഹം സമര്‍പ്പിക്കുകയും ചെയ്തു. ബ്ലഡ് കാന്‍സര്‍ രോഗികള്‍ക്ക് വേണ്ടിയുള്ള ഫൗണ്ടേഷനായ ഡികെഎംഎസ് ഫൗണ്ടേഷന്റെ അംബാസഡറാണ് റൊമാനോവ്സ്കി.






