ചാരുംമൂട്: ബൈക്കിനുള്ളിലൊളിച്ച മൂർഖനെ പിടിക്കാന്‍ വാവ സുരേഷ് എത്തി. ആശുപത്രിയിൽ നിന്നിറങ്ങിയ ശേഷം വാവയുടെ ആദ്യത്തെ പാമ്പുപിടിത്തമായിരുന്നു. ചാരുംമൂട് പേരൂർകാരാണ്മയിൽ മുകേഷിന്റെ വീട്ടിലായിരുന്നു സംഭവം.
വീട്ടുമുറ്റത്ത് രണ്ടു ബൈക്കുകളായിരുന്നു ഉണ്ടായിരുന്നത്. മകൻ അഖിൽ ജിമ്മിൽ പോകാനായി വൈകീട്ട് മൂന്നരയോടെ ബൈക്കിൽ കയറുമ്പോഴാണ് തറയിൽക്കിടന്ന മൂർഖൻ പത്തിവിടർത്തി കൊത്താനടുത്തത്. വണ്ടിയിൽനിന്നു ചാടിയിറങ്ങിയാണ് കടിയേൽക്കാതെ രക്ഷപ്പെട്ടത്. ഇതിനിടെ പാമ്പ് കവറിട്ടുമൂടിയിരുന്ന ബൈക്കിലേക്കു കയറി. വാവ സുരേഷിനെ ഫോണിൽവിളിച്ചു വിവരമറിയിച്ചു. വാവ സുരേഷ് എത്തുന്നതറിഞ്ഞ് ആരാധകരും നാട്ടുകാരും തടിച്ചുകൂടി.
രാത്രി എട്ടരയോടെയാണു സുരേഷ് എത്തിയത്. ബൈക്ക് മൂടിയിരുന്ന കവർ നീക്കിയതോടെ ഹാൻഡിലിനടിയിൽ ചുറ്റിക്കിടന്ന പാമ്പിനെ നിമിഷങ്ങൾക്കുള്ളിൽത്തന്നെ വാവ സുരേഷ് പിടികൂടി വീട്ടുകാർ കരുതിയിരുന്ന പ്ലാസ്റ്റിക് ടിന്നിലാക്കി. വാവ സുരേഷിനു നാട്ടുകാർ സ്വീകരണംനൽകി.






