
ട്രെഡ്മില്ലിൽ പുത്തൻ ഡാൻസുമായി നടൻ അശ്വിൻ കുമാർ. വിജയ് ചിത്രം ബീസ്റ്റിലെ ‘അറബിക് കുത്ത്’ എന്ന പാട്ടിനൊപ്പമാണ് താരം ചുവടുവെച്ചത്. ആറാട്ടിന്റെ പ്രമോഷനിടയിൽ എടുത്ത വീഡിയോ ആണിതെന്നും ഇത്തവണ അറബിക് കുത്തിനെ വേണമെങ്കിൽ ട്രെഡ്മിൽ കുത്ത് എന്നു പറയാമെന്നും വീഡിയോയ്ക്കൊപ്പം അശ്വിൻ കുറിച്ചു.
അശ്വിൻ കുമാറിന്റെ വീഡിയോ ഇതിനോടകം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. മുൻപ് കമൽ ഹാസൻ അഭിനയിച്ച ‘അണ്ണാത്തെ ആടുരാർ’ എന്ന പാട്ടിന് ചലിക്കുന്ന ട്രെഡ്മില്ലിൽ ചുവടുവെച്ച അശ്വിന്റെ വീഡിയോ വൈറൽ ആയിരുന്നു. വീഡിയോ കണ്ട് കമൽ ഹാസനും താരത്തെ പ്രശംസിച്ചു രംഗത്തെത്തിയിരുന്നു.
നടൻ നീരജ് മാധവിന്റെ ‘പണി പാളി’ പാട്ടിനൊപ്പം കിടക്കയിൽവെച്ച് അശ്വിൻ നൃത്തം ചെയ്തതും പ്രേക്ഷകപ്രശംസ നേടിയതാണ്. ഇപ്പോൾ പുറത്തുവന്ന ‘അറബിക് കുത്ത്’ വീഡിയോയ്ക്കും മികച്ച പ്രതികരണങ്ങൾ ലഭിക്കുന്നുണ്ട്. അശ്വിൻ കുമാറിന്റെ ഡാൻസ് വീഡിയോകൾക്ക് സമൂഹമാധ്യമങ്ങളിൽ ആരാധകർ ഏറെയാണ്.






