
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് പൊണ്ണത്തടിയെന്ന് വിളിക്കുന്നത്. രോഗങ്ങള്‍ വര്‍ദ്ധിക്കാനും ആയുര്‍ദൈര്‍ഘ്യം കുറയാനും പൊണ്ണത്തടി കാരണമാകുന്നു. ബോഡി മാസ് ഇന്‍ഡക്സ് (BMI) എന്ന അളവുപയോഗിച്ചാണ് ഒരു വ്യക്തി പൊണ്ണത്തടിയനാണോ എന്ന് തീരുമാനിക്കുന്നത്. ഒരാളുടെ BMI 25-നും 30-നും ഇടയിലാണെങ്കില്‍ അയാള്‍ക്ക് അമിതവണ്ണമുണ്ടെന്നും BMI 30-ന് 30-ന് മുകളിലാണെങ്കില്‍ പൊണ്ണത്തടിയുണ്ടെന്നും പറയുന്നു.
ഹൃദ്രോഗങ്ങള്‍, ടൈപ് 2 പ്രമേഹം, ഉറങ്ങുമ്പോള്‍ ശ്വാസതടസ്സം, ചില അര്‍ബുദങ്ങള്‍, ഓസ്റ്റിയോആര്‍ത്രൈറ്റിസ് എന്നിവ വരാനുള്ള സാധ്യത പൊണ്ണത്തടി മൂലം വര്‍ദ്ധിക്കുന്നു. പൊണ്ണത്തടി എന്നത് തന്നെ ഒരു രോഗമാണ്. കൂടാതെ ഹൃദയം-കരള്‍, വൃക്ക സന്ധികള്‍, നാഡീവ്യൂഹം എന്നിവയിലെ അനുബന്ധ പ്രശ്നങ്ങളും ഇതുവഴി ഉണ്ടാകും. ഹൃദയ ധമനികളിലാണ് ആദ്യത്തെ ക്ഷതം സംഭവിക്കുന്നത്. ഇവിടെ ഫാറ്റി സ്ട്രീക്കുകള്‍ രൂപപ്പെടുകയും രക്തധമനികള്‍ ചുരുങ്ങുന്ന ആതറോസ്ക്ലറോസിസ് എന്ന രോഗത്തിനും കാരണമാകും. കൊളസ്ട്രോള്‍, ഫാറ്റി ആസിഡുകള്‍, അമിത ട്രൈഗ്ലിസറൈഡുകള്‍ എന്നിവ ഹൈപ്പര്ടെന്ഷന് അടക്കമുള്ള പ്രശ്നങ്ങളിലേക്ക് നയിക്കും.
ഉദാസീനമായ ജീവിതശൈലിയാണ് ഇതിന്റെ പ്രധാന കാരണം. ബ്ലോക്ക് കാരണമോ രക്താതിമര്‍ദ്ദം മൂലമോ ഹൃദയസ്തംഭനം ഉണ്ടാകാം. കൂടാതെ, പൊണ്ണത്തടിയുള്ളവരില്‍ ഇന്‍സുലിന്‍ പ്രതിരോധം സാധാരണമാണ്. പ്രമേഹവുമായി ബന്ധപ്പെട്ട ന്യൂറോപ്പതി വേദന അനുഭവപ്പെടുന്നത് കുറയ്ക്കുമെന്നതിനാല്‍ രോഗലക്ഷണങ്ങള്‍ അറിയാതെ പോകാനും ഇടയുണ്ട്. പല പ്രമേഹരോഗികള്‍ക്കും സൈലന്റ് ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകാറുണ്ട്.






