
വിജയ് നായകനാകുന്ന 'ബീസ്റ്റ്' എന്ന തമിഴ് ചിത്രത്തിലെ 'അറബിക് കുത്ത്' പാട്ട് യുട്യൂബില്‍ റെക്കോഡുകള്‍ തകര്‍ക്കുകയാണ്. സിനിമയിറങ്ങുംമുമ്പേ അത് ദേശാതിര്‍ത്തികള്‍ കടന്ന് വൈറലാകുന്നു. യുട്യൂബില്‍ പുറത്തിറങ്ങി 18 ദിവസംകൊണ്ട് 14 കോടി പേരാണ് ഈ പാട്ടിന്റെ വീഡിയോ കണ്ടത്. ഇന്ത്യയുടെ ഭാഷാ അതിര്‍വരമ്പുകള്‍ ഭേദിച്ച 'കൊലവെറി ഡി' ഗാനത്തിന് ഈണംപകര്‍ന്ന അനിരുദ്ധ് രവിചന്ദറാണ് അറബിക് കുത്തിലൂടെ വീണ്ടും തരംഗമാലകള്‍ തീര്‍ക്കുന്നത്.
ശിവകാര്ത്തികേയന് ഗാനരചയിതാവ്. അനിരുദ്ധും ജോനിക ഗാന്ധിയും ചേര്‍ന്നുപാടി. ഇതിന്റെ ഈണത്തിനൊപ്പം താരങ്ങളടക്കമുള്ളവര്‍ ചുവടുവെക്കുന്ന വീഡിയോകളും ഹിറ്റാവുകയാണ്. സാമന്തയും മന്‍സൂര്‍ അലിഖാനും കീര്‍ത്തി സുരേഷുമുള്പ്പെടെയുള്ളവര് 'വീഡിയോ നര്ത്തകരിലുള്പ്പെടുന്നു.
നെല്‍സണ്‍ സംവിധാനംചെയ്യുന്ന 'ബീസ്റ്റ്' എന്ന ചിത്രം ഏപ്രില്‍ 14-ന് തിയേറ്ററുകളിലെത്തുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മാസം 20-ന് ചെന്നൈയില്‍ നടക്കുന്ന ഓഡിയോ ലോഞ്ച് ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ് അണിയറപ്രവര്‍ത്തകര്‍. റിലീസ് ചെയ്ത് 48 മണിക്കൂറിനുള്ളില്‍ സ്പോട്ടിഫൈയുടെ 'ഗ്ലോബല്‍ ടോപ്പ് 200 ചാര്ട്ടി'ല്‍ ട്രെന്‍ഡ് ചെയ്ത ആദ്യ ഇന്ത്യന്‍ ഗാനമാണിത്. 24 മണിക്കൂറിനുള്ളില്‍ 'ഡെയ്ലി ടോപ്പ് 50 ഇന്ത്യാ ചാര്‍ട്ടില്‍ രണ്ടാംസ്ഥാനത്തെത്താനും പാട്ടിനായി. ഇന്‍സ്റ്റഗ്രാം റീലുകളിലെല്ലാം ഇപ്പോള്‍ അറബിക് കുത്ത് നിറഞ്ഞിരിക്കുകയാണ്.






