
ഒരു വര്‍ഷം കൊണ്ട് ശരീരഭാരം 114 കിലോയില്‍ നിന്ന് 70 കിലോയായി കുറച്ച യുവാവിന്റെ ട്വിറ്റര്‍ പോസ്റ്റ് വൈറലാകുന്നു. അഭിഷേക് ജയിന് എന്ന യുവാവാണ് തന്റെ ഫിറ്റ്നസിന്റെ പിന്നിലെ കഠിനാധ്വാനത്തിന്റെ കഥ ട്വിറ്ററിലിട്ട് കയ്യടി നേടുന്നത്. ഒരു വര്‍ഷം മുന്‍പുള്ള തടിച്ച രൂപത്തിന്റെയും ഇപ്പോഴത്തെ ഫിറ്റ് ശരീരത്തിന്റെയും ചിത്രങ്ങള്‍ സഹിതമായിരുന്നു അഭിഷേകിന്റെ പോസ്റ്റ്.
10 വര്‍ഷം കൊണ്ട് ഉണ്ടായ ശരീരഭാരം ഒരു വര്‍ഷം കൊണ്ട് കുറയ്ക്കുക അസാധ്യമാണെന്ന് അഭിഷേക് പറയുന്നു. ഭാരം കുറയ്ക്കാനുള്ള പരിശ്രമത്തില്‍ നിന്ന് താൻ മനസ്സിലാക്കിയ കാര്യങ്ങള്‍ ഇനി പറയുന്നവയാണെന്ന് ട്വീറ്റുകളിലൂടെ അഭിഷേക് വിശദീകരിക്കുന്നു.
1. ഫിറ്റ്നസ് പരിവര്‍ത്തനത്തിന്റെ അടിസ്ഥാനം പോഷണം.
ശരിയായ പോഷണമില്ലാതെ ശരിയായ ഫിറ്റ്നസ് ഫലം ലഭിക്കുകയില്ല. നിങ്ങളുടെ ശരീരത്തിന് ഊര്‍ജ്ജം പകരാന്‍ വേണ്ടിയാകണം ഭക്ഷണം കഴിക്കുന്നത്. അല്ലാതെ നിങ്ങളുടെ വികാരങ്ങള്‍ക്ക് ഇന്ധനമാകാനായിരിക്കരുത്.
2. എല്ലാ കാലറിയും ഒന്നല്ല
സാലഡില്‍ നിന്ന് ലഭിക്കുന്ന 250 കാലറി ഗുലാബ് ജാമുനില്‍ നിന്ന് ലഭിക്കുന്ന 250 കാലറിയേക്കാൾ എന്തുകൊണ്ടും 2500 മടങ്ങ് മികച്ചതാണ്. കാലറിയുടെ അളവിനൊപ്പം അതിന്റെ ഗുണനിലവാരവും പ്രധാനമാണ്.
3. യാഥാര്‍ഥ്യ ബോധമുള്ളതാകട്ടെ ലക്ഷ്യങ്ങള്‍ നിങ്ങള്‍ക്ക് തീര്‍ച്ചയായും സിക്സ് പായ്ക്ക് ഉണ്ടാക്കാന്‍ സാധിക്കും. എന്നാല്‍ അമിതവണ്ണമുള്ള ഒരാള്‍ക്ക് അത് 30 ദിവസത്തിനുള്ളില്‍ കൈവരിക്കാമെന്ന് കരുതുന്നത് മണ്ടത്തരമാണ്. കൈവരിക്കാന്‍ കഴിയുന്നതും കൈകാര്യം ചെയ്യാന്‍ കഴിയുന്നതുമായ യാഥാര്‍ഥ്യ ബോധമുള്ള ലക്ഷ്യങ്ങള്‍ കുറിക്കുക.
4. സ്ഥിരപ്രയത്നവും ക്ഷമയും അത്യാവശ്യം
10 വര്‍ഷം കൊണ്ട് ശരീരത്തിലുണ്ടായ 20 കിലോ പത്താഴ്ച കൊണ്ട് കുറയുമെന്ന് പ്രതീക്ഷിക്കരുത്. നിങ്ങള്‍ക്ക് വ്യായാമം ചെയ്യാന്‍ മനസ്സ് കൊണ്ട് ഇഷ്ടില്ലാത്ത ദിവസം കൂടി മനസ്സിനെ പിടിച്ച് വലിച്ച് ഇതിനായി എത്തിക്കുക. ക്ഷമയും സ്ഥിരപ്രയത്നവും ഭാരം കുറയ്ക്കാന്‍ അത്യാവശ്യമാണ്.
5. പ്രോട്ടീന്‍ അളവ് വര്‍ധിപ്പിക്കാം
ഇന്ത്യയിലെ ശരാശരി ഭക്ഷണത്തില്‍ ആവശ്യത്തിന് പ്രോട്ടീനിന്റെ അഭാവമുണ്ട്. ഒരു കിലോ ശരീരഭാരത്തിന് 1.6 ഗ്രാം പ്രോട്ടീന്‍ എന്ന തോതില്‍ ലക്ഷ്യം വയ്ക്കുക. ഓരോ നേരത്തെയും ഭക്ഷണത്തിന്റെയൊപ്പം പ്രോട്ടീന്‍ നിര്‍ബന്ധമായും കഴിക്കുക.
6. ഭാരം ഉയര്‍ത്തുക
ഭാരം ഉയര്‍ത്തുന്ന തരം വ്യായാമങ്ങള്‍ നിങ്ങളുടെ 90 ശതമാനം പ്രശ്നങ്ങള്‍ക്കും പരിഹാരമാകും. എന്തെങ്കിലും പരുക്ക് പറ്റിയവര്‍ ഒഴിച്ച് മറ്റുള്ളവര്‍ക്കെല്ലാം ഇത് ചെയ്യാവുന്നതാണ്.
7. ഒരു ഫിറ്റ്നസ് കോച്ചിനെ നിയമിക്കുക
ഫിറ്റ്നസിനെ കുറിച്ച് നിങ്ങള്‍ക്ക് എല്ലാം അറിയാമായിരിക്കും. എന്നാല്‍ കൂടുതല്‍ വേഗത്തില്‍ ഫലം ലഭിക്കാന്‍ അനുഭവസമ്പന്നനായ ഒരു ഫിറ്റ്നസ് കോച്ചിന്റെ സേവനം സഹായിക്കും. നൂറുകണക്കിന് പേരെ ഫിറ്റ്നസിലേക്ക് കൈപിടിച്ച് നടത്തിയ അനുഭവത്തിന്റെ വെളിച്ചം അവര്‍ക്കുണ്ട്. ഇത് ഉപയോഗപ്പെടുത്തുക.
8. കാര്‍ഡിയോ വ്യായാമം ചെയ്യുക
കാലറി ദഹിപ്പിക്കാന്‍ മാത്രമല്ല കാര്‍ഡിയോ വ്യായാമം സഹായിക്കുക. ഇത് ഹൃദയാരോഗ്യവും ശ്വാസകോശത്തിന്റെ ശേഷിയുമെല്ലാം വര്‍ധിപ്പിക്കും. നടന്നോ നീന്തിയോ ഓടിയോ എന്തെങ്കിലും കായിക വിനോദങ്ങളില്‍ ഏര്‍പ്പെട്ടോ ഹൃദയത്തിന്റെ നിരക്ക് വര്‍ധിപ്പിക്കുക.
9. ശരീരത്തിന് ആവശ്യത്തിന് വിശ്രമം നല്‍കണം
ജിമ്മില്‍ പോയി നിങ്ങള്‍ ഉടയ്ക്കുന്ന മാംസപേശി പഴയപടിയാകാന്‍ അവയ്ക്ക് വിശ്രമം നല്‍കണം. എല്ലാ രാത്രിയും കുറഞ്ഞത് 7-8 മണിക്കൂര്‍ തുടര്‍ച്ചയായി ഉറങ്ങാന്‍ ശ്രമിക്കണം.
10. അവനു ചെയ്യാമെങ്കില്‍, എനിക്കും സാധിക്കും
ഫിറ്റ്നസ് യാത്രയില്‍ തനിക്ക് എന്നും പ്രചോദനം നല്‍കിയത് ഈ വാക്കുകളാണെന്ന് അഭിഷേക് പറയുന്നു. ഇതിനാല്‍ ഫിറ്റ്നസ് പരിശ്രമങ്ങള്‍ക്കിടയില്‍ എപ്പോഴെങ്കിലും പ്രചോദം നഷ്ടപ്പെട്ടാല്‍ തന്റെ രൂപപരിണാമത്തിന്റെ ചിത്രം നോക്കി അവനു ചെയ്യാമെങ്കില്‍ എനിക്കും സാധിക്കുമെന്ന് നിങ്ങളോട് തന്നെ ഉച്ചത്തില്‍ പറയാനും അഭിഷേക് കൂട്ടിച്ചേര്‍ക്കുന്നു.
@OneAbhishekJain എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ ഭാരം കുറയ്ക്കാനായി താന്‍ പിന്തുടര്‍ന്ന ഭക്ഷണക്രമത്തെയും വ്യായാമത്തെയും കുറിച്ചുള്ള മാര്‍ഗരേഖ അഭിഷേക് പങ്കുവയ്ക്കുന്നുണ്ട്.
Am I an influencer now?? 🤣🤣🤣https://t.co/MJH13yUTly
— ABHISHEK (@OneAbhishekJain) March 7, 2022






