ഇന്ത്യന്‍ വിപണിയില്‍ എംജിയുടെ ഇലക്ട്രിക് എസ്യുവി സിഎസിന്റെ പുതിയ പതിപ്പ് എത്തി. കഴിഞ്ഞ വര്‍ഷം രാജ്യാന്തര വിപണിയില്‍ പുറത്തിറങ്ങിയ എസ്യുവി വലിയ മാറ്റങ്ങളില്ലാതെ തന്നെയാണ് ഇന്ത്യന്‍ വിപണിയിലും എത്തിച്ചിരിയ്ക്കുന്നത്. എക്സൈറ്റ്, എക്സ്ക്ലൂസിവ് എന്നീ വകഭേദങ്ങളില്‍ പുറത്തിറങ്ങിയ വാഹനത്തിന്റെ വില 21.99 ലക്ഷം രൂപയും 25.88 ലക്ഷം രൂപയുമാണ്.
ഒറ്റ ചാര്‍ജില്‍ 461 കിലോമീറ്റര്‍ റേഞ്ച് നല്കുന്ന 50.3 കിലോവാട്ട് ബാറ്ററിയാണ് വാഹനത്തിന്. 176 ബിഎച്ച്പി കരുത്തും 353 എന്‍എം ടോര്‍ക്കും നല്‍കും സിഎസിന്റെ മോട്ടര്‍. ആദ്യ തലമുറയിലെ 44.5 കിലോവാട്ട് ബാറ്ററിയാണ് 50.3 കിലോവാട്ട് ബാറ്ററിക്ക് വഴിമാറിയത്. റേഞ്ച് 42 കിലോമീറ്റര്‍ വര്‍ധിച്ച് 461 കിലോമീറ്റായി മാറി. ചെറിയ ഹെഡ്ലാംപും ഡേടൈം റണ്ണിങ് ലാംപുകളും എല്‍ഇഡി ടെയില്‍ ലാംപുകളും ആസ്റ്റിന്‍ സമാനം. മുന്നില്‍ ഇലക്ട്രിക് ഒണ്‍ലി ഗ്രില്ലാണ്. മുന്‍ ലോഗോയ്ക്ക് പിന്നില്‍ ഒളിപ്പിച്ചിരിക്കുന്ന ചാര്‍ജിങ് പോര്‍ട്ട്. 17 അലോയ് വീലുകളാണ് വാഹനത്തിന് ഉപയോഗിക്കുന്നത്.
വലിയ 10.1 ഇഞ്ച് ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റമാണ്. കൂടാതെ 7 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും നല്കിയിരിക്കുന്നു. 360 ഡിഗ്രി ക്യാമറ ഡ്രൈവ് അസിസ്റ്റ് ഫീച്ചറുകളായ ലൈന്‍ കീപ്പ് അസിസ്റ്റ്, ബ്ലൈന്‍ഡ് സ്പോട്ട് ഡിക്റ്റഷന്‍ തുടങ്ങിയവയുമുണ്ട്. കൂടാതെ പനോരമിക് സണ്‍റൂഫ്, ഡിജിറ്റല്‍ ബ്ലൂടൂത്ത് കീ, ആറ് എയര്‍ബാഗുകള്‍, ഹില്‍ ഡിസന്റ് കണ്ട്രോള്, ടിപിഎംഎസ്, ഇഎസ്സു തുടങ്ങിയ ഫീച്ചറുകളും പുതിയ സിഎസിലുണ്ട്.






