
നമുക്കെല്ലാം ഒരിക്കലെങ്കിലും വന്നു പോയിട്ടുള്ള ഒരു അസുഖമാണ് തലവേദന. പല കാരണങ്ങള്‍ കൊണ്ടായിരിക്കും തലവേദന ഉണ്ടാകുന്നത്. മിക്കവരും തലവേദനയ്ക്ക് എന്തെങ്കിലും മരുന്ന് കഴിയ്ക്കുകയോ, ബാം തടവുകയോ ആണ് ചെയ്യാറ്. എന്നാല്‍ മോശം ഭക്ഷണ ശീലങ്ങളും കടുത്ത തലവേദന ഉണ്ടാക്കാറുണ്ട്. ഭക്ഷണവുമായി ബന്ധപ്പെട്ട് നാം വരുത്താറുള്ള ചില തെറ്റുകള്‍ കടുത്ത തലവേദനയിലേക്ക് നയിക്കാം. ഇവ എന്തൊക്കെയാണെന്ന് നോക്കാം...
വെറും വയറ്റില്‍ കാപ്പി - രാവിലെ എഴുന്നേല്ക്കുമ്പോള് തന്നെ കാപ്പി കുടിയ്ക്കുന്നത് മിക്കവരുടേയും ഒരു ശീലമാണ്. എന്നാല്‍ കാപ്പിയിലെ കഫെയ്ന്‍ പല തരത്തിലുള്ള തലവേദനകള്‍ക്ക് കാരണമാകാം. കാപ്പി കൂടുതല്‍ കുടിച്ചാലും കുറച്ചു കുടിച്ചാലും രാത്രി വളരെ വൈകി കുടിച്ചാലുമൊക്കെ വരുന്ന തലവേദനകളുണ്ട്. പലരിലും പല തരത്തിലാണ് കഫെയ്ന്‍ പ്രവര്‍ത്തിക്കുക. എന്നാല്‍ മധ്യ നാഡീവ്യൂഹത്തെ ബാധിക്കുന്ന ഒരു ഉത്തേജകമായതിനാല്‍ വെറും വയറ്റില്‍ കുടിച്ചാല്‍ കാപ്പി തലവേദന സമ്മാനിച്ചേക്കാം. ഇതിനാല്‍ നല്ലൊരു പ്രഭാതഭക്ഷണം കഴിച്ച ശേഷം കാപ്പി കുടിക്കുന്നതാണ് നല്ലത്.
ആഹാരം ഒഴിവാക്കുന്നത് - ആഹാരത്തിലെ ഊര്‍ജ്ജത്തിന്റെ തോതാണ് കാലറി കൊണ്ട് നാം ഉദ്ദേശിക്കുന്നത്. ശരീരത്തിന് കൃത്യമായ ഇടവേളകളില്‍ ഈ കാലറി ഭക്ഷണത്തിലൂടെ ലഭിച്ചു കൊണ്ടേയിരിക്കണം. ദീര്‍ഘനേരത്തേക്ക് ഭക്ഷണം കഴിക്കാതിരുന്നാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് താഴേക്ക് പോകാം. ശരീരം ഇതിനോട് പ്രതികരിക്കുന്നത് ചില ഹോര്‍മോണുകള്‍ പുറപ്പെടുവിച്ചു കൊണ്ടാണ്. നമുക്ക് വിശക്കുന്നുണ്ടെന്ന മുന്നറിയിപ്പ് ഈ ഹോര്‍മോണുകള്‍ നല്‍കും. ഈ ഹോര്‍മോണുകള്‍ നമ്മുടെ രക്തസമ്മര്‍ദ്ദം ഉയര്‍ത്തുകയും തലവേദനയ്ക്ക് കാരണമാകുകയും ചെയ്യും. ഇതിനാല്‍ കൃത്യമായ ഇടവേളകളില്‍ ആഹാരം കഴിക്കാന്‍ ശ്രദ്ധിക്കണം. ഒരു നേരവും ആഹാരം മുടക്കരുത്.
കാര്‍ബോഹൈഡ്രേറ്റ് പൂര്‍ണമായും ഒഴിവാക്കുന്നത് - ശരീരത്തിന് എല്ലാ അവശ്യ പോഷണങ്ങളും ലഭിച്ചാലേ അത് ശരിയായി പ്രവര്‍ത്തിക്കൂ. ഭാരം കുറയ്ക്കാനും മറ്റും ഡയറ്റ് ചെയ്യുമ്പോള്‍ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം പൂര്‍ണമായും ചിലര്‍ ഒഴിവാക്കാറുണ്ട്. ഇങ്ങനെ ചെയ്യുന്നത് നിരന്തരം തലവേദന ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളിലേക്ക് നയിക്കാം. ഇതിനാല്‍ പൂര്‍ണമായും കാര്‍ബോഹൈഡ്രേറ്റ് ഒഴിവാക്കിയുള്ള ഡയറ്റ് പ്ലാന്‍ തിരഞ്ഞെടുക്കരുത്.
പഞ്ചസാര കൂടിയാലും കുറഞ്ഞാലും - ആവശ്യത്തില്‍ അധികമായാലും ആവശ്യത്തിന് ലഭിച്ചില്ലെങ്കിലും പ്രശ്നമുണ്ടാക്കാവുന്ന ഒന്നാണ് പഞ്ചസാര. മിതമായ തോതില്‍ പഞ്ചസാര കഴിക്കുവാന്‍ ശ്രദ്ധിയ്ക്കണം.
ആവശ്യത്തിന് പ്രോട്ടീന്‍ ഇല്ലാതിരിക്കുന്നത് - ഭക്ഷണത്തിലെ പ്രോട്ടീന്‍ അഭാവം തലവേദനയ്ക്ക് കാരണമാകാം. തലച്ചോറിന്റെ ശരിയായ പ്രവര്‍ത്തനത്തിന് പ്രോട്ടീന്‍ അത്യാവശ്യമാണ്. മുട്ട, നട്സ്, ചിക്കന്‍ ബ്രസ്റ്റ്, കൊട്ടേജ് ചീസ്, ഗ്രീക്ക് യോഗര്‍ട്ട്, പാല്, പയര്‍വര്‍ഗങ്ങള്‍, മീന്‍, ക്വിനോവ, പംപ്കിന്‍ വിത്തുകള്‍ എന്നിവയെല്ലാം പ്രോട്ടീന്‍ സമ്പന്നമായ ആഹാരങ്ങളാണ്. പ്രധാന ഭക്ഷണത്തിലും സ്നാക്സിലുമെല്ലാം ചെറിയ തോതിലാണെങ്കില്‍ കൂടി പ്രോട്ടീന്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കേണ്ടതാണ്.






