റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഗവര്‍ണര്‍ ശക്തികാന്ത ദാസ് ഫീച്ചര്‍ ഫോണുകള്‍ക്ക് യു പി ഐ അവതരിപ്പിച്ചു. UPI123Pay എന്ന പേരില്‍ ആണ് ഈ സേവനം ലഭ്യമാക്കിയിട്ടുള്ളത്. ഡിജിറ്റല്‍ പേയ്മെന്റുകള്‍ക്കായി ഡിജി സാത്തി എന്ന 24x7 ഹെല്‍പ്പ്ലൈനും അദ്ദേഹം അവതരിപ്പിച്ചു. ഫീച്ചര്‍ ഫോണുകളില്‍ യുപിഐ അവതരിപ്പിക്കാനുള്ള പദ്ധതി ഡിസംബറിലാണ് ആര്‍ബിഐ പ്രഖ്യാപിച്ചത്.
UPI 123Pay ഇടപാടുകള്‍ക്ക് ഇന്റര്‍നെറ്റ് കണക്ഷന് ആവശ്യമില്ല. ഈ സൗകര്യം ഉപയോഗിക്കുന്നതിന് ഉപഭോക്താക്കള്‍ അവരുടെ ബാങ്ക് അക്കൗണ്ട് ഫീച്ചര്‍ ഫോണുകളുമായി ലിങ്ക് ചെയ്യണം. 2016-ല്‍ ആണ് UPI പേയ്മെന്റ് പ്ലാറ്റ്ഫോം രാജ്യത്ത് അവതരിപ്പിച്ചത്. ഇതേതുടര്‍ന്ന് യു പി ഐ വഴിയുള്ള പണമിടപാടുകള്‍ വലിയ തോതില്‍ വര്‍ദ്ധിച്ചു. എന്നാല്‍ യുപിഐ പേയ്മെന്റുകള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ പിന്തുണ ആവശ്യമുള്ളതിനാല്‍ ഈ സേവനം ഗ്രാമപ്രദേശങ്ങളിലെ പലര്‍ക്കും ലഭ്യമായിരുന്നില്ല. ഈ സാഹചര്യത്തില്‍ ആണ് ഫീച്ചര്‍ ഫോണുകളിലും യു പി ഐ സേവനം അവതരിപ്പിച്ചത്.
ട്രായ് ഡാറ്റ അനുസരിച്ച്, ഇന്ത്യയില്‍ 300 ദശലക്ഷത്തിലധികം ഫീച്ചര്‍ ഫോണ്‍ ഉപയോക്താക്കളുണ്ട്. ഇത്തരക്കാര്‍ക്കും യുപിഐ അടിസ്ഥാനമാക്കിയുള്ള സേവനങ്ങള്‍ ലഭിക്കും. സ്മാര്‍ട്ട് ഫോണ്‍ വാങ്ങാന്‍ കഴിയാത്ത, ഗ്രാമീണ മേഖലയിലെ ആളുകള്‍ക്ക് യുപിഐ ഇടപാടുകള്‍ നടത്താന്‍ ഇത് സഹായിക്കുമെന്ന് ശക്തികാന്ത ദാസ് പറഞ്ഞു. ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ദ്ധിപ്പിക്കുന്നതിന് കഴിഞ്ഞ മൂന്ന് വര്‍ഷമായി റിസര്‍വ് ബാങ്ക് നിരവധി നടപടികള്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സൈബര്‍ സുരക്ഷാ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
